ഫൈന്‍ ആര്‍ട്സിന്റെ പുതിയ നാടകം 'മഴവില്ല് പൂക്കുന്ന ആകാശം' അരങ്ങിലേക്ക്
Monday, July 14, 2014 4:37 AM IST
ന്യൂജേഴ്സി: പ്രമുഖ നാടകകൃത്ത് ഫ്രാന്‍സിസ് ടി. മാവേലിക്കര രചിച്ച് രഞ്ജി കൊച്ചുമ്മന്‍ സംവിധാനം ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ പുതിയ നാടകത്തിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ പൂര്‍ത്തിയാകുന്നു. അമേരിക്കയിലെയും കാനഡയിലെയും മലയാളികള്‍ക്കായി ഫൈന്‍ ആര്‍ട്സ് മലയാളം ഒരുക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും പുതിയ നാടക ഉപഹാരമാണിത്. സെപ്തംബര്‍ 21 ഞായറാഴ്ച വൈകിട്ട് ആറിന് ടീനെക്ക് ബഞ്ചമിന്‍ ഫ്രാങ്ക്ളിന്‍ മിഡില്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് അരങ്ങേറ്റം. കേരളത്തില്‍ നിന്നുള്ള കലാസംഘങ്ങളുടെ കുത്തൊഴുക്കിനെത്തുടര്‍ന്ന് നാടക അവതരണം നീട്ടിവയ്ക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു നാടകം എന്ന നിലയില്‍ കഴിഞ്ഞ പതിമൂന്നു വര്‍ഷങ്ങളായി തുടര്‍ന്നു കൊണ്ടിരിക്കുന്ന കലാസപര്യയാണ് ഇത്തവണയും സാക്ഷാത്ക്കരിക്കപ്പെടുന്നത്. കലാമൂല്യവും സാമൂഹിക പ്രസക്തിയുള്ള നാടകങ്ങളെ പ്രേക്ഷകരിലെത്തിക്കുന്നതില്‍ എന്നും മുന്‍നിലയിലുള്ള ഫൈന്‍ ആര്‍ട്സ് മലയാളം ഈ വര്‍ഷം ഒരുക്കുന്നതും പുതിയ തലമുറയ്ക്ക് നല്ലൊരു സന്ദേശം പകര്‍ന്നു നല്‍കുന്ന പ്രമേയമാണ്.

പ്രായമായ മാതാപിതാക്കളെ അനാഥരായി ഉപേക്ഷിക്കുന്ന പുതിയ തലമുറയുടെ നിഷേധാത്മക നിലപാടുകളെ മുഖ്യപ്രമേയമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. ഫൈന്‍ ആര്‍ട്സിന്റെ മുഖ്യ അഭിനേതാവ് ജോസ് കാഞ്ഞിരപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഒരു ടീമാണ് അരങ്ങില്‍ നാടകത്തിന് ജീവനും തുടിപ്പുമേകുന്നത്. സജിനി സഖറിയ, സണ്ണി റാന്നി, റോയി മാത്യു, ടിനൊ തോമസ്, ജോര്‍ജ് തുമ്പയില്‍, ദിവ്യ ശ്രീജിത്ത്, ജിനു പ്രമോദ് എന്നിവരാണ് രംഗത്ത്. അണിയറയില്‍ സാം പി എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പരിചിതരും അനുഭവജ്ഞാനവുമുള്ള ഒരു കൂട്ടം ടെക്നീഷ്യന്മാര്‍ പ്രവര്‍ത്തിക്കുന്നു. ജിജി എബ്രഹാം, ജോസ് കുറ്റോലമഠം, ഉണ്ണികൃഷ്ണ്‍ നായര്‍ എന്നിവര്‍ പ്രൊഡക്ഷന്‍ മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നു. എഡിസണ്‍ എബ്രഹാം, ബേബി വലിയകല്ലുങ്കല്‍, ദേവസി പാലാട്ടി, ചാക്കോ ടി ജോണ്‍, ഷൈനി എബ്രഹാം, റീന റോയി, ഷിബു, സിബി ഡേവിഡ്, ജോസുകുട്ടി വലിയകല്ലുങ്കല്‍, ജോഷ്വ ജോണ്‍, സണ്ണി മാമ്പുള്ളി, ജോമോന്‍ കളരിക്കല്‍, ക്രിസ്റി സഖറിയ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു. എല്ല പ്രവര്‍ത്തനത്തെയും ഏകോപിപ്പിച്ചു കൊണ്ട് ഫൈന്‍ ആര്‍ട്സിന്റെ രക്ഷാധികാരി പി.ടി ചാക്കോ (മലേഷ്യ) സജീവമായി രംഗത്തുണ്ട്. കാലിക പ്രസക്തിയുള്ള ഈ നാടകം ആസ്വദിക്കാന്‍ ഫൈന്‍ ആര്‍ട്സ് മലയാളം രക്ഷാധികാരി നാടകസ്നേഹികളായ എല്ലാ ആസ്വാദകരെയും ക്ഷണിച്ചു. പതിനാലുവര്‍ഷത്തിനുള്ളില്‍ അമേരിക്കയിലും കാനഡയിലുമായി നാല്‍പതിലേറെ സ്റേജുകളില്‍ നാടകം നടത്തി പ്രൊഫഷണല്‍ നാടകരംഗത്തെ മികവിന് ഉദാഹരണമായി മാറിയ ഫൈന്‍ ആര്‍ട്സ് മലയാളത്തിന്റെ നിലവിലെ ഭാരവാഹികള്‍: പി.ടി ചാക്കോ മലേഷ്യ (രക്ഷാധികാരി), ജിജി എബ്രഹാം (പ്രസിഡന്റ്), ജോര്‍ജ് തുമ്പയില്‍ (സെക്രട്ടറി), എഡിസണ്‍ എബ്രഹാം (ട്രഷറര്‍). വിവരങ്ങള്‍ക്ക്: പി.ടി ചാക്കോ (201) 483 7151, ജിജി എബ്രഹാം (201) 675 0803.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍