ഓര്‍ത്തഡോക്സ് ഫാമിലി കോണ്‍ഫറന്‍സ്: ഇമ്മാനുവല്‍ ഹെന്റി പങ്കെടുക്കും, 'ആത്മീയം' പ്രസിദ്ധീകരണത്തിന് ഒരുങ്ങി
Monday, July 14, 2014 4:36 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പ്രമുഖ ഭക്തിഗാന ഗായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിമും ക്രൈസ്തവ സംഗീതലോകത്തെ മാസ്മരിക ശബ്ദത്തിന്റെ ഉടമയുമായ ഇമ്മാനുവേല്‍ ഹെന്റിയും പങ്കെടുക്കും. തിരുവനന്തപുരം സ്വദേശിയായ ഈ യുവഗായകന്‍ സ്നേഹസംഗീതം എന്ന വന്‍ വിജയമായ സംഗീത പരിപാടിയില്‍ സ്റീഫന്‍ ദേവസിക്കും ബിനോയ് ചാക്കോയ്ക്കുമൊപ്പം അമേരിക്കയിലുടനീളം പര്യടനം നടത്തിയതിനു ശേഷമാണ് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. 2014 ജൂണ്‍ മുതല്‍ ആല്‍ഫ എന്ന പേരില്‍ അമേരിക്കയിലും കാനഡയിലും സ്വന്തം ക്രിസ്ത്യന്‍ ബാന്‍ഡ് വിപുലപ്പെടുത്തുന്നതില്‍ വ്യാപൃതനായ ഇമ്മാനുവലിന്റെ സാന്നിധ്യം ഫാമിലി യൂത്ത് കോണ്‍ഫറന്‍സിന്റെ ആത്മീയ പരിവേഷം ഊട്ടിയുറപ്പിക്കുക തന്നെ ചെയ്യുമെന്ന് കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍ ഫാ.സുജിത് തോമസ് അറിയിച്ചു. ഇമ്മാനുവലിനു പുറമേ, ഡിവോഷണല്‍ ഗായകരായ ബിനോയി ചാക്കോയും ജോജോ വയലിലും കോണ്‍ഫറന്‍സിന് എത്തുന്നുണ്ട്.

കോണ്‍ഫറന്‍സിന്റെ വിശേഷങ്ങള്‍ ലഭ്യമാക്കുന്നതിനായി 'ആത്മീയം' എന്ന പേരില്‍ എല്ലാ ദിവസവും ന്യൂസ് ബുള്ളറ്റിന്‍ പുറത്തിറക്കുന്നു. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് അറിയിച്ചു. ജൂലൈ 16 മുതല്‍ 19 ശനി വരെ പെന്‍സില്‍വേനിയയിലെ ലാന്‍കാസ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് കോണ്‍ഫറന്‍സ് സെന്ററിലാണ് നാലുദിന കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ആത്മീയത്തിന്റെ പ്രസിദ്ധീകരണത്തിനായി ലാന്‍കാസ്ററിലെ കോണ്‍ഫറന്‍സ് വേദിയോടു ചേര്‍ന്ന് 24 മണിക്കൂറും ആധുനിക സജ്ജീകരണങ്ങള്‍ നിറഞ്ഞ മീഡിയ സെന്റര്‍ പൂര്‍ണ്ണ സജ്ജമായി. എല്ലാ ദിവസവും രാവിലെ ബെഡ് കോഫിയോടൊപ്പം രാവിലെ ആറു മണിക്ക് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാക്കുന്ന വിധത്തിലാണ് ന്യൂസ് ബുള്ളറ്റിന്‍ പ്രസിദ്ധീകരിക്കുന്നത്. ഇതിനു വേണ്ടി, ഫാ. സുജിത് തോമസ് ചീഫ് എഡിറ്ററായും ജോര്‍ജ് തുമ്പയില്‍ എഡിറ്ററുമായി ഒരു പ്രത്യേക ടീം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഡോ.ഫിലിപ്പ് ജോര്‍ജാണ് മാനേജിങ് എഡിറ്റര്‍. ഫാ. വിജയ് തോമസ് അസോസിയേറ്റ് എഡിറ്ററും. ഫാ. പൌലോസ് ടി. പീറ്റര്‍, വര്‍ഗീസ് പ്ളാമൂട്ടില്‍ എന്നിവര്‍ കോണ്‍ട്രിബ്യൂട്ടിങ് എഡിറ്റര്‍മാരായി പ്രവര്‍ത്തിക്കുന്നു. മാത്യു സാമുവല്‍, ഡോ.ഷൈല ജോര്‍ജ്, അനു ജോസഫ്, എബി കുര്യാക്കോസ് എന്നിവരാണ് ആ്തമീയത്തിന്റെ റിപ്പോര്‍ട്ടര്‍മാര്‍. തോമസ് ജോര്‍ജ്, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ കറസ്പോണ്ടന്റുമാരായും സേവനമനുഷ്ഠിക്കും. അജിത് മാത്തന്‍, തോമസ് വര്‍ഗീസ് എന്നിവരാണ് ടെക്്നിക്കല്‍ ടീമിലുള്ളത്.

കോണ്‍ഫറന്‍സിനോടനുബന്ധിച്ച് പുറത്തിറക്കുന്ന സുവനിയര്‍ പ്രകാശത്തിന് തയ്യാറായതായി സുവനിയര്‍ ബിസിനസ് മാനേജര്‍ ഷാജി വര്‍ഗീസ് ജനറല്‍ സെക്രട്ടറി ഡോ.ഫിലിപ്പ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.