കളിയും കാര്യവുമായി ബോബി ചെമ്മണ്ണൂര്‍
Saturday, July 12, 2014 8:18 AM IST
റിയാദ്: ലോകകപ്പ് ഫുട്ബോള്‍ ഫൈനലില്‍ കളിക്കാനിറങ്ങുന്ന അര്‍ജന്റീന എതിരാളികളായ ജര്‍മനിയെ പരാജയപ്പെടുത്താനുള്ള സാധ്യത കുറവാണെന്ന് പ്രമുഖ മലയാളി വ്യവസായിയും മുന്‍ അര്‍ജന്റീനന്‍ ക്യാപ്റ്റനും എക്കാലത്തേയും മികച്ച ഫുട്ബോള്‍ താരവുമായ ഡീഗോ മാറഡോണയുടെ ഉറ്റ സുഹൃത്തുമായ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ പ്രത്യേകിച്ച് അര്‍ജന്റീനയുടെ കളി ഏറെ ഇഷ്ടമാണ്. മാറഡോണയുമായി അടുത്ത സുഹൃത്ബന്ധമാണുള്ളത്. ലയണല്‍ മെസി മികച്ച ഫുട്ബോള്‍ താരമാണ്. എന്നാലും ടീം മികവ് നോക്കുമ്പോള്‍ ഫൈനലില്‍ വിജയിക്കാനുള്ള സാധ്യത ജര്‍മനിക്കാണ്. സ്വകാര്യ സന്ദര്‍ശനാര്‍ഥം റിയാദിലെത്തിയ ബോബി ചെമ്മണ്ണൂര്‍ മാധ്യമ പ്രവര്‍ത്തകരുമായുള്ള സൌഹൃദ സംഭാഷണങ്ങള്‍ക്കിടയിലാണ് മനസു തുറന്നത്.

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജൂവലറി ഗ്രൂപ്പിന്റെ ശാഖ റിയാദില്‍ ആരംഭിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്കായാണ് ബോബി ചെമ്മണ്ണൂര്‍ റിയാദിലെത്തിയത്. ഈയിടെ 600 കിലോ മീറ്ററിലധികം കേരളത്തിലൂടെ മാരത്തോണ്‍ ഓടി മൂന്ന് ലോക റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ ബോബി അവശ്യഘട്ടങ്ങളില്‍ അത്യാവശ്യക്കാര്‍ക്കുതകുന്ന രീതിയില്‍ ഒരു രക്തബാങ്ക് സ്ഥാപിക്കാനുള്ള ശ്രമങ്ങളിലാണ്. അതിനായാണ് കേരളത്തില്‍ രക്തം നല്‍കൂ, ജീവന്‍ രക്ഷിക്കൂ എന്ന സന്ദേശവുമായി മാരത്തോണ്‍ സംഘടിപ്പിച്ചത്.

നന്മ മാത്രം ഉദ്ദേശിച്ച് കേരളത്തില്‍ ചെയ്യുന്നതെല്ലാം വിവാദം വിളിച്ചു വരുത്തുന്നതില്‍ ഏറെ ദുഃഖമുണ്െടന്ന് ബോബി പറഞ്ഞു. ബ്ളഡ് ബാങ്കില്‍ രജിസ്ട്രേഷന്‍ മാത്രമേ ആരംഭിച്ചിട്ടുള്ളൂ. അത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ രക്തം ലഭിച്ചില്ല എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രചാരണങ്ങളോട് പ്രതികരിക്കുന്നില്ല. സമീപകാലത്ത് സോഷ്യല്‍ മീഡയകളിലൂടേയും ചില ഓണ്‍ലൈന്‍ പത്രങ്ങളിലൂടേയും തന്നെക്കുറിച്ച് വന്ന മറ്റു ചില ആരോപണങ്ങളെക്കുറിച്ചും ബോബി വാചാലനായി. ഓപ്പറേഷന്‍ കുബേരയില്‍ താനും തന്റെ സ്ഥാപനവും കുടുങ്ങി എന്നതും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് ബോബി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജുവലറിയില്‍ നിന്നും സ്വര്‍ണം വാങ്ങിയ വ്യക്തി മറ്റു ചില സ്ഥാപിത താത്പര്യക്കാരോടൊപ്പം ചേര്‍ന്നാണ് പരാതി നല്‍കിയത്. കടമായി വാങ്ങിയ സ്വര്‍ണത്തിന്റെ വില ഇതുവരെ തന്നിട്ടില്ല. തനിക്കെതിരെ അടിസ്ഥാനരഹിതമായ വാര്‍ത്ത നല്‍കിയ ഓണ്‍ലൈന്‍ പത്രത്തിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയിട്ടുണ്ട്. അവര്‍ ലണ്ടനിലെ ഒരു ചടങ്ങിന് വിളിച്ചിട്ട് പോകാത്തതിലുള്ള ദേഷ്യം തീര്‍ത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താ മാധ്യമങ്ങളിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് സോഷ്യല്‍ മീഡിയ ഒരു അനുഗ്രഹമാണ്. എന്നാല്‍ നിയന്ത്രണങ്ങളില്ലാതെ വ്യക്തിഹത്യ ചെയ്യാന്‍ ഈ മാധ്യമത്തെ മനപൂര്‍വം ഉപയോഗപ്പെടുത്തുന്നവര്‍ക്ക് കടിഞ്ഞാണിടാന്‍ ശക്തമായ നിയമങ്ങള്‍ വരണമെന്ന് ബോബി ചെമ്മണ്ണൂര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍