ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ളീഹായുടെ തിരുനാള്‍ സമാപിച്ചു
Saturday, July 12, 2014 8:14 AM IST
ഗാര്‍ലന്‍ഡ് (ഡാളസ്) : ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തിന്റെ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ സമാപിച്ചു.

ജൂലൈ ആറിന് (ഞായര്‍) വൈകുന്നേരം ആഘോഷമായ റാസ കുര്‍ബാനയില്‍ ഹൂസ്റണ്‍ ഫൊറോന വികാരി ഫാ. സഖറിയാസ് തോട്ടുവേലില്‍ മുഖ്യ കാര്‍മികനായിരുന്നു. ഇടവകവികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. ഏബ്രഹാം തോമസ്, ഫാ. അഗസ്റിന്‍ കളപുരം, ഫാ. ടോണി ജോയ് കുഴുപ്പിള്ളില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.

ഫാ. ടോണി ജോയ് കുഴുപ്പിള്ളില്‍ വചന സന്ദേശം നല്‍കി. മാര്‍ത്തോമ ശ്ളീഹ ഇന്നത്തെ കാലഘട്ടത്തിലും പ്രാധാന്യം അര്‍ഹിക്കുന്നു. അവനോടുകൂടി മരിക്കാം എന്ന് പറയുക മാത്രമല്ല, യേശുനാഥന്റെ ജീവിതം സ്വജീവിതത്തില്‍ കാണിച്ചു കൊടുക്കുകയും തോമാ ശ്ളീഹാ ചെയ്തു. വചനത്തിന്റെ ശക്തിയേയും താന്‍ അനുഭവിച്ച യേശുവിന്റെ സ്നേഹത്തെയും ഒന്നുപോലെ പൌരസ്ത്യ നാടുകളില്‍ ജനത്തിന്റെ നന്മക്കായി തീഷ്ണതയോടുകൂടി പറഞ്ഞു കൊടുക്കുവാന്‍ തോമശ്ളീഹാക്ക് സാധിച്ചു. അതിനാലാണ് രണ്ടായിരം വര്‍ഷത്തിനുശേഷവും ആ പൈതൃകം കാത്തു പരിപാലിച്ചു നാം മുന്നേറുന്നതെന്ന് ഫാ. ടോണി വിശ്വാസികളെ ഓര്‍മിപ്പിച്ചു.

വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചു നടന്ന ആഘോഷമായ പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും വിശ്വാസികള്‍ പങ്കുചേര്‍ന്നു.

ജൂലൈ മൂന്നിന് (വ്യാഴം) നടന്ന കൊടിയേറ്റിലും തിരുകര്‍മ്മങ്ങളിലും വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍, ഫാ. സിനു ജോസഫ് പുത്തന്‍പുരക്കല്‍, ഫാ. ടോണി ജോയ് കുഴിപ്പിള്ളി എന്നിവര്‍ കാര്‍മികരായി. വെള്ളിയാഴ്ച നടന്ന തിരുകര്‍മ്മങ്ങളില്‍ ഫാ ജോസഫ് ശൌെര്യമാക്കലും ശനിയാഴ്ച നടന്ന വി. കുര്‍ബാന, ലദീഞ്ഞ് എന്നിവയില്‍ ഫാ. സാജു നെടുമാങ്കുഴിയിലും കാര്‍മികനായിരുന്നു. ഇടവകയുടെ കലാപരിപാടികളായ സെന്റ് തോമസ് നൈറ്റും, ഗാനമേളയും വെള്ളി, ശനി ദിവസങ്ങളിലായി അരങ്ങേറി.

ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കൈക്കാരന്മാരായ ജിമ്മി മാത്യു, ഇമ്മാനുവല്‍ കുഴുപ്പിള്ളില്‍ എന്നിവര്‍ തിരുനാള്‍ മോടിയാക്കുന്നതില്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍