റോഡു പണി തുടങ്ങിയിട്ടും പ്രവാസികളുടെ പണം തടഞ്ഞു വയ്ക്കുന്നതായി പരാതി
Saturday, July 12, 2014 8:14 AM IST
ഡാളസ്: മൂവാറ്റുപുഴ -പുനലൂര്‍ ഹൈവേ റോഡു വികസനത്തിനുവേണ്ടി സര്‍ക്കാര്‍ കണ്ടുകെട്ടിയ വസ്തുവിന്റെ ന്യായവില കുറെ പ്രവാസികളായ ഭൂ ഉടമകള്‍ക്ക് നല്‍കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വില പേശി കൊണ്ടിരിക്കുന്നു.

സ്ഥലത്തിന്റെ പണം കിട്ടാത്ത മിക്ക പ്രവാസികളും അമേരിക്കയില്‍ ജോലി ഉള്ളവരാണ്. കരത്തിന്റെ രസീത്, വസ്തുവിന്റെ ആധാരം, മുന്‍ ആധാരത്തിന്റെ പകര്‍പ്പ്, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, പണം കൈപറ്റാനുള്ള നോട്ടറിയുടെ സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ ആദ്യമേ കൊടുത്തിട്ടുള്ളതാണെങ്കിലും ഓരോ അവധിക്കും നാട്ടില്‍എത്തുന്നവരോട് വീണ്ടും വീണ്ടും പണവും രേഖകളും ആവശ്യപ്പെട്ടു ഉപദ്രവിക്കുന്നതായി പലരും പരാതിപെടുന്നു.

ആയിരക്കണക്കിന് രൂപ മുടക്കി ഓരോ പ്രാവശ്യവും മതിയായ രേഖകള്‍ സമ്പാദിക്കുക എന്നത് വളരെ അസഹനീയമായിരിക്കുന്നു. അപേക്ഷ സ്വീകരിക്കുന്നതിനു കിമ്പളം, സര്‍വേയര്‍ വസ്തു അളന്നു തിട്ടപ്പെടുത്തുന്നതിന് വേറെ കിമ്പളം, മേലധികാരികള്‍ക്ക് മുഖം കാണിക്കുവാന്‍ സ്പെഷല്‍ കിമ്പളം എന്നീ വകകളിലായി വസ്തുവിന് കിട്ടേണ്ട തുകയുടെ നല്ലൊരു പങ്കും ഉദ്യോഗ വൃന്ദങ്ങളുടെ കൈയിലായികഴിഞ്ഞു. എങ്കിലും വീണ്ടും വീണ്ടും കിമ്പളം ആവശ്യപെട്ടുകൊണ്ടിരിക്കുന്നു.

സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തിന്റെ പണം കിട്ടിയവരില്‍ പലരും ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ കൈകൂലി കൊടുത്താണ് വേഗത്തില്‍ കാര്യം സാധിച്ചെടുത്തത്.

കൊടുത്തത് കുറഞ്ഞു പോയതിന്റെ കാരണത്താലാണ് കുറെ അപേക്ഷകള്‍ തടഞ്ഞുവച്ചിരിക്കുന്നതെന്ന് പല അപേക്ഷകരും അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷനില്‍ പരാതിപെട്ടിട്ടുണ്ട്. തടഞ്ഞു വച്ചിരിക്കുന്ന അപേക്ഷകളുടെ നിജസ്ഥിതി ഇതുമായി ബന്ധപ്പെട്ട മേലധികാരികളോട് പ്രസിഡന്റ് ഫോണിലൂടെ അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ