ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ തകൃതിയില്‍; ഘോഷയാത്ര 16 ന്
Friday, July 11, 2014 8:00 AM IST
ന്യൂയോര്‍ക്ക്: ഫാമിലി കോണ്‍ഫറന്‍സ് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ക്കപ്പുറം ഒരുക്കങ്ങള്‍ തകൃതിയില്‍ നടക്കുമ്പോള്‍ ഊണും ഉറക്കവുമില്ലാതെ ഒരു കൂട്ടര്‍ നിരന്തരമായ ജോലികളിലാണ്. നിരവധി കമ്മിറ്റികളുളളതില്‍ ഓരോന്നിനും ഓരോ ദിവസം വച്ച് ടെലി കോണ്‍ഫറന്‍സുകള്‍ നടത്തുന്നു. എല്ലാവര്‍ക്കും ഒരേ ലക്ഷ്യം മാത്രം. മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് വിജയത്തിലെത്തിക്കുക, വ്യക്തി ജീവിതങ്ങളില്‍ ആത്മീയ തേജസ് വര്‍ധിപ്പിക്കുക.

കോണ്‍ഫറന്‍സിന് തുടക്കം കുറിച്ചുളള ഘോഷ യാത്ര ജൂലൈ 16ന് (ബുധന്‍) വൈകുന്നേരം ഏഴിന് ലാന്‍കാസ്റ്റര്‍ ഹോസ്റ്റ് റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിന്റെ അങ്കണത്തില്‍ ആരംഭിക്കുമെന്ന് കോ ഓര്‍ഡിനേറ്റര്‍ അജിത് വട്ടശേരില്‍ അറിയിച്ചു.

ഫാമിലി കോണ്‍ഫറന്‍സ് ബാനറിന് പിന്നില്‍ സഭാ പതാകയും അമേരിക്കന്‍ പതാകയും ഇന്ത്യന്‍ പതാകയുമേന്തി കോണ്‍ഫറന്‍സ് ഭാരവാഹികളും ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും അണി നിരക്കും. സണ്‍ഡേ സ്കൂള്‍ കുട്ടികളാണ് അവര്‍ക്ക് പിന്നില്‍. നൂറില്‍ പരം മുത്തുക്കുടകള്‍ക്ക് പുറകിലായി പ്രത്യേകമായ ഡ്രസ് കോഡുകള്‍ക്കനുസൃതമായി സ്ത്രീകള്‍ അണി നിരക്കും. തോമസ് ഉമ്മന്റെ നേതൃത്വത്തിലുളള 24 അംഗ ശിങ്കാരി മേളമാണ് അടുത്തത്. അവര്‍ക്ക് പിറകിലായി പുരുഷന്മാര്‍, ശെമ്മാശന്മാര്‍, വൈദികര്‍, കോര്‍ എപ്പിസ്കോപ്പാമാര്‍ എന്നീ ക്രമത്തില്‍ നീങ്ങും. ഏറ്റവും പുറകിലായി വിശിഷ്ടാതിഥികളോടൊപ്പം ഭദ്രാസന മെത്രാപോലീത്താ സഖറിയ മാര്‍ നിക്കോളോവോസും.

പുരുഷന്മാര്‍ കറുത്ത പാന്റ്സും വെളള ഷര്‍ട്ടും ചുവന്ന ടൈയുമാണ് ഘോഷയാത്രക്ക് ധരിക്കേണ്ടതെന്ന് കോ ഓര്‍ഡിനേറ്റര്‍ അജിത് വട്ടശേരില്‍ അറിയിച്ചു.

ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയശേഷം നമസ്കാരവും ഉദ്ഘാടന സമ്മേളനവും നടക്കും. പ്രശസ്ത ഗായകനായ ബിനോയി ചാക്കോയും ജോജോ വയലിലും ഗാനങ്ങള്‍ ആലപിക്കും.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍