ജോസഫ് നമ്പിമഠത്തിനു ഫൊക്കാനയുടെ ആദരം
Friday, July 11, 2014 5:07 AM IST
ഷിക്കാഗോ. 2014 ജൂലൈ 4,5,6 തീയതികളില്‍ ചിക്കാഗോ ഹയറ്റ് റീജന്‍സി ഹോട്ടലില്‍ നടന്ന ഫൊക്കാന അന്തര്‍ദേശീയ സമ്മേളനത്തില്‍ ജോസഫ് നമ്പിമഠത്തിനെ ആദരിച്ചു. മലയാള ഭാഷക്കും സാഹിത്യത്തിനും നല്കിയ സംഭാവനകള്‍ക്കാണ് അംഗീകാരം നല്കിയത്. ജൂലൈ ആറാം തീയതിയിലെ പ്രധാന പരിപാടിയില്‍ (ബാങ്ക്വറ്റ്) വച്ച് ഫോക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള നമ്പിമഠത്തിനു ഫലകം സമ്മാനിച്ചു. ഇതിനു മുമ്പ് ഏഴ് തവണ ഫൊക്കാന സാഹിത്യ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് നമ്പിമഠത്തിനു. 2006ല്‍ ഡാളസ്സില്‍ നടന്ന ഫൊക്കാനയില്‍ സാഹിത്യ സമ്മേളനത്തിന്റെ കോ ചെയര്‍ ആയി പ്രവത്തിച്ചു. 2014 ലെ ഷിക്കാഗോ ഫോക്കാന സമ്മേളനത്തില്‍ കവിതാ സമ്മേളനത്തിനു നേതൃത്വം വഹിക്കുകയും 'കവിതയും നവമാധ്യമങ്ങളും' എന്ന വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്തു.

1976 മുതല്‍ കഥകളും, കവിതകളും, സാഹിത്യ ലേഖനങ്ങളും കേരളത്തിലെയും അമേരിക്കയിലെയും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ എഴുതി വരുന്നു.1976 ല്‍ ദീപികയിലാണ് ആദ്യ കൃതികള്‍ പ്രസിദ്ധീകരിച്ചത്. രണ്ടു കവിതാ സമാഹാരങ്ങള്‍, ഒരു ലേഖന സമാഹാരം, ഒരു ചെറുകഥാ സമാഹാരം എന്നിവ പ്രസിദ്ധീകരിച്ചു. നിസ്വനായ പക്ഷി, തിരുമുറിവിലെ തീ, കൊച്ചു കാര്യങ്ങളുടെ തമ്പുരാന്‍ എന്ന അരുന്ധതീ നക്ഷത്രം, ഉഷ്ണ മേഖലയിലെ ശലഭം എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. കേരളത്തിലെ പ്രശസ്ത കവികളായ ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍,മധുസൂദനന്‍ നായര്‍ എന്നിവരാണ് കവിതാ സമാഹാരങ്ങള്‍ക്ക് അവതാരികകള്‍ എഴുതിയിട്ടുള്ളത്. 2004 ല്‍ പ്രസിദ്ധീകരിച്ച 'തിരുമുറിവിലെ തീ' കോഴിക്കോട്ടു വെച്ചു പ്രകാശനം നടത്തി. അതിനു ശേഷമുള്ള രചനകള്‍ സമാഹരിച്ചിട്ടില്ല.

അമേരിക്കന്‍ മലയാളി കവികളുടെ ആദ്യ സമാഹാരമായ മലയാള കവിത അമേരിക്കയില്‍ എന്ന കവിതാ സമാഹാരത്തിന്റെ പ്രസിദ്ധീകരണത്തിനു നേതൃത്വം നല്കി. കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് 'അമേരിക്കന്‍ മലയാളി കവിതകള്‍' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിക്കാന്‍ നേതൃത്വം നല്കി. ഡാളസിലെ കേരള ലിറ്ററി സൊസൈറ്റി, അമേരിക്കയിലെ സാഹിത്യ സംഘടനകളുടെ കേന്ദ്ര സംഘടന ആയ ലാനാ എന്നിവ രൂപീകരിക്കാന്‍ നേതൃത്വം കൊടുക്കുകയും, അവയുടെ സെക്രട്ടറി, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുണ്ട്. അമേരിക്കയിലെ സാഹിത്യ സാംസ്കാരിക രംഗങ്ങളില്‍ സജീവ സാന്നിധ്യമാണ് നമ്പിമഠം.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം