ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രൌഢഗംഭീരമായ ദുക്റാന തിരുനാള്‍
Friday, July 11, 2014 5:07 AM IST
ഷിക്കാഗോ: സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്തോലനും, ഇടവകയുടെ സ്വര്‍ക്ഷീയ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ഭക്തിനിര്‍ഭരമായ തിരുകര്‍മ്മങ്ങളോടും വര്‍ണ്ണപ്പകിട്ടാര്‍ന്ന വിവിധ പരിപാടികളോടുംകൂടി പ്രൌഢഗംഭീരമായി നടത്തപ്പെട്ടു.

ജൂണ്‍ 29-ന് ഞായറാഴ്ച പതാക ഉയര്‍ത്തിയതോടെ ഒരാഴ്ച നീണ്ടുനിന്ന തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. ഇതടോനുബന്ധിച്ച് നടത്തപ്പെട്ട തിരുകര്‍മ്മങ്ങള്‍ക്ക് രുപതാ വികാരി ജനറാള്‍ റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ജൂണ്‍ 30-ന് തിങ്കള്‍ മുതല്‍ ജൂലൈ 2 ബുധനാഴ്ച വരെ രാവിലെയും വൈകിട്ടും വിശുദ്ധ കുര്‍ബാനയും നൊവേനയും ലദീഞ്ഞും ഉണ്ടായിരുന്നു.

ജൂലൈ 3-ന് വ്യാഴാഴ്ച ദുക്റാന തിരുനാള്‍. രാവിലെ 10 മണി മുതല്‍ യൂത്ത് കാര്‍ണിവല്‍ നടത്തപ്പെട്ടു. വൈകിട്ട് 6.30-ന് സീറോ മലങ്കര കാത്തലിക് ബിഷപ്പ് മോസ്റ് റവ. ഡോ. തോമസ് മാര്‍ യൌസേബിയോസ് തിരുമേനിക്ക് സ്വീകരണവും, തുടര്‍ന്ന് അഭിവദ്യ തിരുമേനിയുടെ മുഖ്യ കാര്‍മികത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മികത്വത്തിലും മലങ്കര റീത്തില്‍ വിശുദ്ധ കുര്‍ബാനയും മറ്റ് തിരുകര്‍മ്മങ്ങളും നടത്തപ്പെട്ടു.

ജൂലൈ 4-ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ആഘോഷമായ ദിവ്യബലിയില്‍ ഡ്രീഗ്ഫീല്‍ഡ് ബിഷപ്പ് മോസ്റ് റവ തോമസ് ജെ. പഫ്രോക്കി തിരുമേനി മുഖ്യകാര്‍മികത്വം വഹിച്ചു. മറ്റ് നിരവധി വൈദീകര്‍ സഹകാര്‍മികരായിരുന്നു.

വൈകിട്ട് 8 മണിക്ക് ഇടവകയിലെ പ്രഗത്ഭരായ കലാകാരന്മാര്‍ പങ്കെടുത്ത സീറോ മലബാര്‍ നൈറ്റ് മുന്‍ രൂപതാ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു.

ജൂലൈ 5-ന് ശനിയാഴ്ച വൈകുന്നേരം 4.30-ന് നടത്തപ്പെട്ട ആഘോഷമായ ദിവ്യബലിയില്‍ ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് റവ.ഡോ. കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് കാര്‍മികത്വം വഹിക്കുകയും തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് സന്നിഹിതരായിരുന്ന ഏവര്‍ക്കും സ്വാഗതം ആശംസിച്ചുകൊണ്ട് ആമുഖ പ്രസംഗം നടത്തി. തുടര്‍ന്ന് 7 മണിക്ക് വര്‍ണ്ണശബളമായ തിരുനാള്‍ നൈറ്റ് അരങ്ങേറി.

ജൂലൈ 6 പ്രധാന തിരുനാള്‍ ദിനം. വൈകുന്നേരം 4 മണിക്ക് രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തിലും നിരവധി വൈദീകരുടെ സഹകാര്‍മികത്വത്തിലും ആഘോഷമായ റാസ കുര്‍ബാന അര്‍പ്പിക്കപ്പെട്ടു. പ്രശസ്ത വചന പ്രഘോഷകന്‍ റവ.ഫാ ജേക്കബ് മഞ്ഞളി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, അടിമ സമര്‍പ്പണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച കാഴ്ച സമര്‍പ്പണം തുടങ്ങിയ ചടങ്ങുകള്‍ നടത്തപ്പെട്ടു.

6.30-ന് പ്രൌഢഗംഭീരവും വര്‍ണ്ണാഭവുമായ പ്രദക്ഷിണം ആരംഭിച്ചു. പരമ്പരാഗത കേരളത്തനിമയില്‍ 18-ലധികം വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ തോളില്‍ വഹിച്ചുകൊണ്ട് വിവിധ ചെണ്ടമേള ട്രൂപ്പുകള്‍, വാദ്യമേളം, ബാന്റ് സെറ്റ്, നൂറുകണക്കിന് മുത്തുക്കുടകള്‍, കൊടികള്‍ എന്നിവയുടെ അകമ്പടിയോടെ കേരളീയ രീതിയില്‍ വസ്ത്രധാരണം ചെയ്ത ആയിരക്കണക്കിന് വിശ്വാസികള്‍, പ്രാര്‍ത്ഥനാ നിരതരായി നഗരവീഥിയിലൂടെ പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെ നടത്തിയ വര്‍ണ്ണശബളവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം, തങ്ങളുടെ നാട്ടിന്‍പുറങ്ങളിലെ ദേവാലയങ്ങളില്‍ നടന്നിരുന്ന തിരുനാള്‍ ആഘോഷങ്ങളുടെ മധുരിക്കുന്ന പൂര്‍വ്വകാല സ്മരണകള്‍ പങ്കെടുത്ത ഓരോരുത്തരിലും ജനിപ്പിച്ചു. നഗരവീഥിയുടെ ഇരുവശവും നിന്നിരുന്ന തദ്ദേശവാസികള്‍ക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.

തിരുനാളിന്റെ ആരംഭം മുതല്‍ നടന്ന എല്ലാ തിരുകര്‍മ്മങ്ങളിലും, അഭിവന്ദ്യ തിരുമേനിമാര്‍ക്കും, കത്തീഡ്രല്‍ വികാരി ഫാ ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവര്‍ക്ക് പുറമെ വികാരി ജനറാള്‍ റവ.ഡോ. അഗസ്റിന്‍ പലയ്ക്കാപ്പറമ്പില്‍, ചാന്‍സിലര്‍ റവ.ഡോ. സെബാസ്റ്യന്‍ വേത്താനത്ത്, പ്രൊക്യൂറേറ്റര്‍ ഫാ. പോള്‍ ചാലിശേരി, ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, മുന്‍ വികാരി ജനറാള്‍ ഫാ. ആന്റണി തുണ്ടത്തില്‍, ഫാ. ജേക്കബ് മഞ്ഞളി, ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, ഫാ. റ്റോം പന്നലക്കുന്നേല്‍, ഫാ. ഡേവിസ് ചിറമേല്‍, ഫാ ബെഞ്ചമിന്‍ ചിന്നപ്പന്‍, ഫാ. സോജന്‍ തോമസ് പീക്കുന്നേല്‍ ഒ.എഫ്.എം, ഫാ. ജോസ് വടക്കുംചേരി, ഫാ. വിന്‍സണ്‍ കണ്ടങ്കരി, ഫാ. ജേക്കബ് തെക്കേപ്പറമ്പില്‍, ഫാ. ജോസഫ് മണ്ണൂര്‍ എന്നീ ബഹുമാനപ്പെട്ട വൈദീകരും സഹകാര്‍മികരായിരുന്നു. കത്തീഡ്രല്‍ ഗായകസംഘം, കുഞ്ഞുമോന്‍ ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ ആലപിച്ച ശ്രുതിമധുരങ്ങളായ ഗാനങ്ങള്‍ തിരുകര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

കേരളത്തനിമയില്‍ അത്യാധുനിക സൌകര്യങ്ങളോടുകൂടി നിര്‍മ്മിക്കപ്പെട്ട കത്തീഡ്രല്‍ ദേവാലയത്തില്‍ നടന്ന തിരുനാള്‍ മഹാമഹത്തിന്റെ വിജയത്തിനുവേണ്ടി സഹകരിച്ച എല്ലാവര്‍ക്കും, പ്രത്യേകിച്ച് മറ്റ് ഇടവകകളില്‍ നിന്നും, സ്റേറ്റുകളില്‍ നിന്നും വന്ന എല്ലാവര്‍ക്കും വികാരി ഫാ. ജോയി ആലപ്പാട്ട് നന്ദി പറഞ്ഞു.

ഇടവകയിലെ 13 വാര്‍ഡുകളില്‍ ഒന്നായ സെന്റ് മേരീസ് വാര്‍ഡാണ് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തിയത്. വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ. റോയി മൂലേച്ചാലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ജോണ്‍സണ്‍ മാളിയേക്കല്‍ (ജനറല്‍ കോര്‍ഡിനേറ്റര്‍), സോവിച്ചന്‍ കുഞ്ചെറിയ (പ്രസിഡന്റ്), റ്റെസി തോമസ് (സെക്രട്ടറി), സാബു അച്ചേട്ട് എന്നിവര്‍ ഉള്‍പ്പെട്ട വിപുലമായ കമ്മിറ്റികള്‍, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ഇമ്മാനുവേല്‍ കുര്യന്‍, ജോണ്‍ കൂള തുടങ്ങിയ ട്രസ്റിമാരും, പാരീഷ് കൌണ്‍സില്‍ അംഗങ്ങളും തിരുനാള്‍ മോടിയാക്കുവാന്‍ പ്രയത്നിച്ചു.

ലിറ്റര്‍ജി കോര്‍ഡിനേറ്റേഴ്സായ ജോസ് കടവില്‍, ജോണ്‍ വര്‍ഗീസ് തയ്യില്‍പീടിക, ചെറിയാന്‍ കിഴക്കേഭാഗം, ലാലിച്ചന്‍ ആലുംപറമ്പില്‍ എന്നിവര്‍ ദേവാലയത്തില്‍ നടത്തപ്പെട്ട തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് സഹായികളായി നേതൃത്വം നല്‍കി.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച പങ്കെടുത്ത ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം നല്‍കുവാന്‍ ഫുഡ് കമ്മിറ്റി ഭാരവാഹികളായ ജോയി വട്ടത്തില്‍, റോയി ചാവടിയില്‍, ജോസ് ചാമക്കാല, സാലിച്ചന്‍, ഫിലിപ്പ് പൌവ്വത്തില്‍, വിജയന്‍, കുഞ്ഞമ്മ കടമപ്പുഴ, ഷിബു അഗസ്റിന്‍, ജോ വെളിയത്തുമാലി, ഷാജന്‍ തെങ്ങുംമൂട്ടില്‍, ജോസഫ് ഐക്കര, ജോസ് പൌവ്വത്തില്‍, ജോയി ചക്കാലയ്ക്കല്‍ തുടങ്ങിയവരും ഇടവകയിലെ നിരവധിയാളുകളും ആത്മാര്‍ത്ഥമായി സഹകരിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി നടത്തപ്പെട്ട കുടമാറ്റം എന്ന പരിപാടി ഏവരുടേയും ശ്രദ്ധയാകര്‍ഷിച്ച ഒന്നായിരുന്നു. മനോഹരവും കണ്ണഞ്ചിപ്പിക്കുന്നതുമായ കരിമരുന്ന് കലാപ്രകടനത്തോടെ ഇന്ത്യയ്ക്ക് വെളിയില്‍ നടത്തപ്പെട്ട ഏറ്റവും വലിയ തിരുനാള്‍ ആഘോഷം സമാപിച്ചു. ജൂലൈ 13-ന് ഞായറാഴ്ച കൊടിയിറക്ക് തിരുനാള്‍ നടത്തപ്പെടും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം