ടിപ്പു സുല്‍ത്താനുവേണ്ടി 'തട്ടക'മൊരുങ്ങി; മാമുക്കോയ മുഖ്യാതിഥിയായെത്തുന്നു
Thursday, July 10, 2014 8:15 AM IST
റിയാദ്: ഒരു തികഞ്ഞ യോദ്ധാവും ഭരണകര്‍ത്താവും ആയിരിക്കെ തന്നെ സ്വാതന്ത്യ്രം, സമത്വം, സാഹോദര്യം എന്നീ ഫ്രഞ്ച് വിപ്ളവാശയങ്ങളില്‍ പ്രചോദിതനായ ടിപ്പു സുല്‍ത്താന്റെ സാമൂഹിക ഇടപെടലുകളുടെ യഥാര്‍ഥ ചിത്രം ജനങ്ങളിലെത്തിക്കുന്നതിനായി ചരിത്രനായകന്റെ ജീവിതകഥയുടെ ദൃശ്യാവിഷ്കാരമായ ടിപ്പു സുല്‍ത്താന്‍ എന്ന നാടകം അരങ്ങിലവതരിപ്പിക്കുക എന്ന പ്രഥമ ദൌത്യവുമായി തട്ടകം രൂപീകൃതമായി.

സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രമുഖ സിനിമാ നാടക നടനായ മാമുക്കോയ റിയാദിലെത്തും. റിയാദിലെ നാടക ദൃശ്യകലാ പ്രവര്‍ത്തകരുടേയും ആസ്വാദകരുടേയും നേതൃത്വത്തില്‍ തീര്‍ത്തും വ്യത്യസ്ഥമായൊരു കൂട്ടായ്മയായാണ് തട്ടകം രൂപീകൃതമായത്. മലയാളിയുടെ സാമൂഹിക രാഷ്ട്രീയ ബോധത്തെ മാറ്റിമറിക്കുന്നതില്‍ നാടകപ്രസ്ഥാനത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ട് പ്രവാസ ലോകത്തും ഇത്തരം ഒരു അനുഭവം സാധ്യമാക്കുന്നതിനുള്ള ശ്രമമാണ് തട്ടകം എന്ന സംഘടനാ രൂപീകരണത്തിലൂടെ ലക്ഷ്യമിട്ടതെന്ന് റിംഫ് പ്രസ് റൂമില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംഘാടകര്‍ പറഞ്ഞു.

മനുഷ്യനും സഹജീവികളും അടങ്ങുന്ന പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതത്തെ സര്‍ഗാത്മകമായി വ്യാഖ്യാനിക്കുകയാണ് തട്ടകത്തിന്റെ ആശയപരമായ ലക്ഷ്യം. സാമൂഹികാവസ്ഥയെ പുറകോട്ട് പിടിച്ചു വലിക്കുന്ന സാഹചര്യങ്ങളെ നിരാകരിക്കുകയും പുരോഗമന ചിന്തയോടെ മുന്നോട്ട് ചലിക്കുകയും ചെയ്യുന്ന ഒരു സാമൂഹികാവബോധത്തെ രൂപപ്പെടുത്താന്‍ നാടകത്തേയും ഇതര അരങ്ങു രൂപങ്ങളേയും പ്രയോജനപ്പെടുത്തുക എന്നത് തട്ടകത്തിന്റെ പ്രവര്‍ത്തനരേഖയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ പ്രമോദ് കോഴിക്കോട് പറഞ്ഞു.

ചരിത്രം, ഐതിഹ്യം, നാട്ടുപൊലിമകള്‍ എന്നിവയെ മലയാള നാടകത്തിന്റെ സൌന്ദര്യപരമായ പ്രമേയ അവതരണസങ്കേതമായി വികസിപ്പിച്ച മലയാളരംഗത്തെ അതുല്യപ്രതിഭയായ ജയന്‍ തിരുമന രചനയും സംവിധാനവും നിര്‍വഹിക്കുന്ന ടിപ്പു സുല്‍ത്താന്‍ എന്ന നാടകം തട്ടകത്തിന്റെ പ്രഥമസംരംഭമായി നവംബര്‍ മാസം റിയാദില്‍ അരങ്ങേറും. സൌദി അറേബ്യയിലെ മലയാളികളും തദ്ദേശീയരുമായ നാടക പ്രവര്‍ത്തകരുടെ വലിയ ഒരു നിര തന്നെ ഈ നാടകത്തിനായി അണിനിരക്കുമെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ജയന്‍ തിരുമനയോടൊപ്പം സഹായിയായി പ്രശസ്ത നാടക സംവിധായകനായ മനോജ് നാരായണനും താമസിയാതെ ഇതിനായി റിയാദിലെത്തും.

സംഘടനയുടെ പ്രധാന ചുമതലക്കാരായി പ്രമോദ് കോഴിക്കോടിനോടൊപ്പം മുജീബ് ഉപ്പട (ജനറല്‍ സെക്രട്ടറി), വാസുദേവന്‍ (ട്രഷറര്‍), ഷാജിലാല്‍ (വൈ.പ്രസിഡണ്ട്), ഇസ്മായില്‍ കണ്ണൂര്‍ (ജോ. സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തതായും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഷീര്‍ ചേറ്റുവ, എം.ഫൈസല്‍ എന്നവര്‍ ഉപദേശകസമിതി അംഗങ്ങളാണ്. അഷ്റഫ് മാളിയേക്കല്‍ (ധനകാര്യം), ഷക്കീര്‍ കൊല്ലം (പരിശീലന ഏകോപനം), ശോഭനന്‍ (പരിശീലന നിര്‍വഹണം), സുജിത് (സമിതി നിര്‍വഹണം), നിജാസ് അസൈനാര്‍ (രൂപകല്‍പ്പന), ഷംസുദ്ദീന്‍ (അരങ്ങ് സജ്ജീകരണം) എന്നിവര്‍ നേതൃത്വം നല്‍കുന്ന വിവിധ ഉപസമിതികളും രൂപീകരിച്ചു.

നാടകാവതരണത്തോടൊപ്പം മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി നാടക പരിശീലനക്കളരിയും സംഘടന ലക്ഷ്യമിടുന്നുണ്ട്. വിപുലമായ നാടക പ്രവര്‍ത്തനങ്ങള്‍ക്ക് റിയാദിലെ പ്രവാസി സമൂഹത്തിന്റെ സഹകരണം തട്ടകത്തിന്റെ ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ പ്രമോദ് കോഴിക്കോട്, മുജീബ് ഉപ്പട, ഫൈസല്‍ ഗുരുവായൂര്‍, ഷാജിലാല്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍