ഇന്തോ - അമേരിക്കന്‍ വിദ്യാര്‍ഥിക്ക് 16 വയസില്‍ മൂന്ന് ബിരുദം
Thursday, July 10, 2014 8:08 AM IST
സാക്രമെന്റോ: ഹൈസ്കൂള്‍ വിദ്യാഭ്യാസം പോലും പൂര്‍ത്തിയാക്കാത്ത ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് 16 വയസില്‍ മൂന്ന് ബിരുദം. സാക്രമെന്റോ അമേരിക്കന്‍ റിവര്‍ കോളജില്‍ നിന്ന് മാത്ത്, ഫിസിക്കല്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ് എന്നീ മൂന്ന് വിഷയങ്ങളിലാണ് പതിനാറുകാരനായ മാധവ് ഷാക്ക് അസോസിയേറ്റ് ബിരുദം നേടിയത്.

ജൂലൈ ആദ്യവാരം നടന്ന ബിരുദദാനചടങ്ങില്‍ പങ്കെടുത്ത് പുറത്തിറങ്ങുമ്പോള്‍ മറ്റൊരു നേട്ടം കൂടി മാധവ് ഷായെ തേടിയെത്തിയിരുന്നു. എസ്എടി പരീക്ഷയില്‍ ഫെര്‍ഫക്ട് വിജയം നേടിയ രാജ്യത്തെ 500 കുട്ടികളില്‍ ഒരാള്‍ എന്ന പദവി.

മാധവ് ഷാ പത്തു വയസ് മുതല്‍ കാല്‍കുലസ്, ലീനിയര്‍ ആള്‍ജിബ്ര തുടങ്ങിയ അണ്ടര്‍ ഗ്രാജുവേറ്റ് എന്‍ജിനിറിംഗ് പ്രോഗ്രാമില്‍ പഠനം ആരംഭിച്ചിരുന്നു. റീജിയണ്‍ ലവല്‍ മാത്ത് ഒളിംപ്യാടില്‍ നിരവധിതവണ പങ്കെടുത്ത് ഉന്നത വിജയം നേടിയിരുന്ന മാധവ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ എന്‍ജിനിയറിംഗ് പഠനം തുടരണമെന്നാണ് ആഗ്രഹിക്കുന്നത്.

മകന്റെ ഉന്നത വിജയത്തില്‍ മാതാപിതാക്കളായ കൌഷല്‍ ഷായും ഡക്ഷ ഷായും അഭിമാനം കൊളളുന്നതായി അഭിമുഖത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍