നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ഹൂസ്റ്റണില്‍ വെടിയേറ്റ് മരിച്ചു
Thursday, July 10, 2014 8:03 AM IST
ഹൂസ്റണ്‍: കുടുംബ കലഹത്തെ തുടര്‍ന്ന് നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ വെടിയേറ്റ് മരിച്ചു. ജൂലൈ ഒമ്പതിന് (ബുധന്‍) വൈകിട്ട് ആറിനാണ് ഹൂസ്റ്റണ്‍ ഹാരിസ് കൌണ്ടിയില്‍ നിന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലഭിച്ച സന്ദേശമനുസരിച്ച് കലഹം നടന്ന വീട്ടില്‍ എത്തിയ പോലീസ് മൂന്ന് കുട്ടികളും രണ്ട് മുതിര്‍ന്നവരും വെടിയേറ്റ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഗുരുതരമായി പരിക്കേറ്റ മറ്റൊരു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് മുതല്‍ 40 വയസ് പ്രായമുളളവരാണ് കൊല്ലപ്പെട്ടവര്‍. തലയ്ക്ക് വെടിയേറ്റ ഒരു യുവതിയാണ് പോലീസിനെ അറിയിച്ചത്.

വെടിവച്ചുവെന്ന സംശയിക്കപ്പെടുന്ന മുപ്പതു വയസുകാരനെ പോലീസ് പിന്തുടര്‍ന്നു പിടികൂടി. മൂന്ന് മൈല്‍ ദൂരം കാറുമായി പാഞ്ഞ പ്രതിയെ ഇരുപതോളം പോലീസ് വാഹനങ്ങള്‍ ചേര്‍ന്നാണ് തടഞ്ഞുനിര്‍ത്തിയത്.

ഹരിസ് കൌണ്ടി അസിസ്റ്റന്റ് ചീഫ് ഡെപ്യൂട്ടി കോണ്‍സ്റ്റബിള്‍ മാര്‍ക്ക് ഹെര്‍മന്‍ എഴുതി തയാറാക്കി പത്രങ്ങള്‍ക്കു നല്‍കിയ കുറിപ്പിലാണ് ഈ വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. തലയ്ക്ക് വെടിയേറ്റ് യുവതി ഗുരുതരാവസ്ഥയില്‍ കഴിയുന്നതായും പോലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണം നടന്നുവരുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍