ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ ഇന്ത്യന്‍ വംശജനു തിളക്കം
Wednesday, July 9, 2014 8:11 AM IST
വാഷിംഗ്ടണ്‍: നാഷണല്‍ ബാസ്ക്കറ്റ് ബോള്‍ അസോസിയേഷന്‍ (എന്‍ബിഎ) സംഘടിപ്പിക്കുന്ന ദേശീയ ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ വംശജനും കളികളത്തിലിറങ്ങുന്നു. എന്‍ബിഎയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ വംശജന്‍ ദേശീയ ബാസ്ക്കറ്റ് ബോള്‍ ടീമില്‍ അംഗമാകുന്നത്.

അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്ക്കറ്റ് ബോള്‍ ടീമായ സാക്രമെന്റോ കിംഗ്സില്‍ അംഗമാകുന്നതിനുളള കരാറില്‍ ഇന്ത്യന്‍ വംശജനായ സിം ബുളളവര്‍ ഒപ്പുവച്ചു. 2014-2015 സീസണിലാണ് സാക്രമെന്റോ കിംഗ്സിനുവേണ്ടി ബുളളര്‍ കളികളത്തിലിറങ്ങുക.

ഏഴടി രണ്ടിഞ്ച് (7.2) ഉയരമുളള ബുളളര്‍ (21) ന്യുമെക്സിക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയാണ്. പഞ്ചാബില്‍ നിന്നുളളവരാണ് ബുള്ളറ്റിന്റെ മാതാപിതാക്കള്‍. ഇപ്പോള്‍ ന്യുമെക്സിക്കോ സ്റ്റേറ്റ് ടീമിലെ അംഗമാണ്. ലഭിക്കുന്ന വലിയ പ്രതിഫലത്തേക്കാള്‍ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബുളളര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ബുളളറിന്റെ സഹോദരന്‍ തന്‍വീര്‍ ന്യുമെക്സിക്കോ സ്റ്റേറ്റ് കോളജ് ബാസ്ക്കറ്റ് ബോള്‍ അംഗമാണ്. അടുത്ത രണ്ടു വര്‍ഷത്തിനുളളില്‍ തന്‍വീറിനും എന്‍ബിഎയില്‍ കളിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബുളളര്‍ പറഞ്ഞു. അമേരിക്കന്‍ വിദ്യാഭ്യാസ രംഗത്തെ ഇന്ത്യന്‍ വംശജര്‍ നേട്ടങ്ങള്‍ കൊയ്തെടുക്കുമ്പോള്‍ അത്ലറ്റ് രംഗങ്ങളില്‍ പിന്നിലാണെന്നുളള വാദം ഇതോടെ പൊളിയുകയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍