ആത്മാരി പെയ്തിറങ്ങി ന്യൂജേഴ്സിയില്‍ ശാലോം ഫെസ്റിവല്‍
Wednesday, July 9, 2014 8:06 AM IST
ന്യൂജേഴ്സി: സ്വര്‍ഗീയ ആനന്ദം പകര്‍ന്ന ദിവ്യാരാധനയിലൂടെയും ആത്മീയ ഉണര്‍വേകിയ ദൈവവചന ശുശ്രൂഷകളിലൂടെയും ആത്മാവിനെ തൊട്ടുണര്‍ത്തിയ ഗാനശുശ്രൂഷകളിലൂടെയും രണ്ടുദിവസം നീണ്ടുനിന്ന ശാലോം ഫെസ്റിവല്‍ ഫെലീഷ്യന്‍ കോളജ് ഓഡിറ്റോറിയത്തില്‍ പര്യവസാനിച്ചു.

അങ്ങുമാത്രം കര്‍ത്താവാണെന്ന് ഭൂമിയിലെ സകല രാജ്യങ്ങളും അറിയട്ടെ എന്ന ബൈബിള്‍ വാക്യം ആയിരുന്നു ഈ വര്‍ഷത്തെ മുഖ്യ ചിന്താവിഷയമായിരുന്നു. ശനി രാവിലെ 10ന് പാറ്റേഴ്സണ്‍ രൂപത ബിഷപ് ആര്‍തര്‍ ജെ. സെറാറ്റേലി നിലവിളക്ക് തെളിച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്ക സഭയുടെ നോര്‍ത്ത് അമേരിക്കന്‍ എക്സാര്‍ക്കേറ്റ് അധിപന്‍ ബിഷപ് ഡോ. തോമസ് മാര്‍ യൌസേബിയോസ് മുഖ്യപ്രഭാഷണം നടത്തി. ദൈവവചനം ശിരസാ വഹിച്ചുകൊണ്ടും അതിലൂടെ ജീവിച്ചുകൊണ്ടും സ്വയം വിശുദ്ധീകരിക്കുക വഴി സമൂഹത്തെ സുവിശേഷവത്കരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുവാന്‍ തിരുമേനി വിശ്വാസി സമൂഹത്തെ ഉദ്ബോധിപ്പിച്ചു. റവ. ഫാ. ദര്‍ ജേക്കബ് ക്രിസ്റി, സിസ്റര്‍ റോസിറ്റ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് പ്രസംഗിച്ചു. മുതിര്‍ന്നവര്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി വിവിധ സെഷനുകളായി ക്ളാസുകള്‍ നടത്തി.

ശാലോം ശുശ്രൂഷകളുടെ ചെയര്‍മാന്‍ ഷെവലിയര്‍ ബെന്നി പുന്നത്തുറ, ഡോ. ജോണ്‍ ഡി. ഫാ. തോമസ് കൊച്ചുകരോട്ട്, ജറുസലേം റിട്രീറ്റ് സെന്റര്‍ ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത്, റവ. ഡോ. സജി മുക്കൂട്ട് തുടങ്ങിയവര്‍ ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കി.

ഫാ. മാത്യു കുന്നത്ത്, ഫാ. തോമസ് കടുകപ്പിള്ളി എന്നീ വൈദികരും സന്നിഹിതരായിരുന്നു. കണക്ടിക്കട്ട്, ന്യൂയോര്‍ക്ക്, പെന്‍സില്‍വേനിയ, ന്യൂജേഴ്സി തുടങ്ങിയ സ്റേറ്റുകളില്‍നിന്ന് നിരവധി ക്രൈസ്തവ വിശ്വാസികള്‍ രണ്ടു ദിവസത്തെ പ്രോഗ്രാമില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിച്ചു. റെനി മുരീക്കന്റെ നേതൃത്വത്തില്‍ അമ്പത് അംഗ കമ്മിറ്റി ഫെസ്റിവലിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: സജി കീക്കാടന്‍