ബ്രോങ്ക്സ് ഫൊറോന ദേവാലയത്തില്‍ ദുക്റാന തിരുനാള്‍ ആഘോഷിച്ചു
Wednesday, July 9, 2014 8:05 AM IST
ന്യൂയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ ദുക്റാന തിരുനാള്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ജൂലൈ മൂന്ന്, നാല് തീയതികളില്‍ ആഘോഷിച്ചു.

പ്രധാന തിരുനാള്‍ ദിനമായ നാലിന് (വെള്ളി) നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയില്‍ റവ. ഡോ. ഫ്രാന്‍സിസ് നമ്പ്യാംപറമ്പില്‍ മുഖ്യകാര്‍മികനായിരുന്നു. ന്യൂജേഴ്സി ഫൊറോന വികാരി ഫാ. തോമസ് കടുകപ്പള്ളി, ബ്രോങ്ക്സ് ഫൊറോന വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സഹവികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍, ഫാ. പോള്‍ കാട്ടൂക്കാരന്‍ തുടങ്ങിയവര്‍ സഹകാര്‍മികരായിരുന്നു. ഫാ. തോമസ് കടുകപ്പള്ളി തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ആഘോഷമായ പ്രദക്ഷിണവും നടന്നു.

ദുക്റാന ദിനമായ ജൂലൈ മൂന്നിന് (വ്യാഴം) നടന്ന സമൂഹബലിയില്‍ ഗാര്‍ഫീല്‍ഡ്, ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റി മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ജോസ് കണ്ടത്തിക്കുടി, ഫാ. റോയിസന്‍ മേനോലിക്കല്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് കുട്ടികളും മുതിര്‍ന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി.

വൈറ്റ് പ്ളൈയിന്‍സ് വാര്‍ഡാണ് തിരുനാള്‍ ഏറ്റുകഴിച്ചത്. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കോഓര്‍ഡിനേറ്റര്‍ ജോസ് ഞാറകുന്നേല്‍, പ്രസുദേന്തികളുടെ പ്രതിനിധി ടോം മുണ്ടയ്ക്കല്‍, വാര്‍ഡ് സെക്രട്ടറി ജിന്‍സന്‍ ചരളില്‍, കൈക്കാരന്മാരായ ആന്റണി കൈതാരം, സഖറിയാസ് ജോണ്‍, സണ്ണി കൊല്ലറയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി