കെപിസിസി സെക്രട്ടറി രാമദാസിനെതിരെ ഒഐസിസി
Wednesday, July 9, 2014 5:04 AM IST
റിയാദ്: ജനപക്ഷത്തു നിന്ന് സുധീരമായി പ്രവര്‍ത്തിക്കുകയും പാര്‍ട്ടിയെ അച്ചടക്കത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്യുന്ന കെപിസി.സി പ്രസിഡണ്ട് വി.എം സുധീരനെതിരെ ആരോപണങ്ങളുന്നയിച്ച കെ.പി.സി.സി സെക്രട്ടറി എം.ആര്‍. രാമദാസിനെതിരെ തൃശൂര്‍ ജില്ലാ ഒ.ഐ.സി.സി പ്രതിഷേധവുമായി രംഗത്ത്. യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങളാണ് രാമദാസ് ഉന്നയിച്ചതെന്നും അദ്ദേഹം സെക്രട്ടറി സ്ഥാനത്തേക്ക് യോഗ്യതയില്ലാത്തവനാണെന്ന് തെളിയിച്ചിരിക്കയാണെന്നും ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. പെട്ടി താങ്ങിയും തിണ്ണ നിരങ്ങിയും അര്‍ഹതയില്ലാത്ത സ്ഥാനങ്ങളില്‍ കയറിപ്പറ്റുന്നവരില്‍ നിന്നും ഇതും അതിലപ്പുറവും പ്രതീക്ഷിക്കാമെന്നും രാമദാസിന്റെ മുന്‍കാല ചരിത്രമറിയാവുന്നവര്‍ അദ്ദേഹത്തിന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ജില്ലയില്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിയുടെ ഉത്തരവാദിത്വത്തില്‍ നിന്നും സെക്രട്ടറി എന്ന നിലയില്‍ രാമദാസിനും ഒഴിഞ്ഞു മാറാനാകില്ലെന്നും ബാര്‍ വിഷയത്തില്‍ കെ.പി.സി.സി പ്രസിഡണ്ട് കൈക്കൊണ്ട ശക്തമായ നടപടികളാണ് മുതലാളിമാര്‍ക്ക് ഓശാന പാടുന്ന ഇവരെയെല്ലാം വിറളി പിടിപ്പിച്ചതെന്നും ഒ.ഐ.സി.സി ആരോപിച്ചു. ഒരു ഗ്രൂപ്പിന്റെ വക്താവായി ആരോപണമുന്നയിക്കാതെ യാഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായി കെ.പി.സി.സി പ്രസിഡണ്ടിന്റെ നയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ രാമദാസിനോട് ഒ.ഐ.സി.സി തൃശൂര്‍ ഘടകം ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍