കാനഡയില്‍ നിന്നുള്ള ചിന്നു ജോസ് മിസ് ഫൊക്കാന
Wednesday, July 9, 2014 5:04 AM IST
ഷിക്കാഗോ: കാനഡയില്‍ നിന്നുള്ള എന്‍ജിനീയറായ ചിന്നു ജോസ് മിസ് ഫൊക്കാനാ പട്ടമണിഞ്ഞു. ചിക്കാഗോയില്‍ നിന്നുള്ള ജാസ്മിന്‍ പട്ടരുമഠത്തില്‍ ഫസ്റ് റണ്ണര്‍അപ്പും, ചിക്കാഗോയില്‍ നിന്നുതന്നെയുള്ള നീതാര ഏബ്രഹാം സെക്കന്‍ഡ് റണ്ണര്‍അപ്പുമായി.

നടി മന്യ മിസ് ഫൊക്കാനയെ കിരീടമണിയിച്ചു. നടി മാതു ഫസ്റ് റണ്ണര്‍അപ്പിന് സാഷ് നല്‍കി. പതിനൊന്നു പേര്‍ പങ്കെടുത്ത മത്സരം ഏറെ ഹൃദായവര്‍ജകമായി.

ചോദ്യോത്തര വേളയില്‍ മികച്ച മറുപടികളാണ് മത്സരാര്‍ത്ഥികളില്‍ നിന്നുണ്ടായത്. ബുദ്ധിയോ സൌന്ദര്യമോ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ട സാഹചര്യമുണ്ടായാല്‍ ഏതു തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ബുദ്ധി എന്നതായിരുന്നു ഒരു മത്സരാര്‍ത്ഥിയുടെ മറുപടി. ബുദ്ധിയുണ്െടങ്കില്‍ ജീവിതത്തില്‍ വിജയിക്കാം. റോള്‍ മോഡലായി ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ഇന്ദ്രനൂയി എന്നതായിരുന്ന മറ്റൊരാളുടെ മറുപടി. അവര്‍ തനിക്ക് പ്രലോഭനമാണെന്നും അവരെപ്പോലെയാകാന്‍ പരിശ്രമിക്കുകയാണെന്നും മത്സരാര്‍ത്ഥി പറഞ്ഞു.

യുവജനതയെപ്പറ്റി മോശമായ ഒരു ചിത്രമാണ് മാധ്യമങ്ങളിലൊക്കെ കാണുന്നതെന്നും അത്തരം സാഹചര്യത്തില്‍ നമ്മുടെ മൂല്യങ്ങളില്‍ അധിഷ്ഠിതമായ ജീവിതം വിഷമകരമാണെന്നും അതാണ് പ്രധാന പ്രശ്നമായി കാണുന്നതെന്നും മറ്റൊരാള്‍ പറഞ്ഞു. മാതാപിതാക്കള്‍ നല്‍കിയ ഏറ്റവും വിലപ്പെട്ട ഉപദേശം എപ്പോഴും വിനയമുള്ളയാളായിരിക്കണമെന്നായിരുന്നുവെന്നും അതു പാലിക്കാന്‍ താന്‍ ശ്രദ്ധിക്കാറുണ്െടന്നും മറ്റൊരാള്‍ പറഞ്ഞു.

മിസ് ഫൊക്കാനാ ചിന്നു ജോസ് ജോലി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം മിസ് മലയാളി നോര്‍ത്ത് അമേരിക്ക ആയി മത്സരിച്ച് റണ്ണര്‍അപ്പായി. അതു നല്‍കിയ പരിശീലനവും ആത്മവിശ്വാസവും ഇത്തവണ മുതല്‍ക്കൂട്ടായി. ആക്ടിംഗ് മോഡലിംഗ് സാധ്യതകള്‍ കിട്ടിയാല്‍ ആ രംഗത്ത് പ്രവര്‍ത്തിക്കാന്‍ താത്പര്യമുണ്ട്. ജോസുകുട്ടി ജോസഫിന്റേയും ഡിറ്റി ജോസഫിന്റേയും പുത്രിയാണ്. മൂത്ത സഹോദരനും ഇരട്ട സഹോദരനുമുണ്ട്.

ഫൊക്കാനാ കണ്‍വന്‍ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ലെജി പട്ടരുമഠത്തിന്റേയും, ഷൈനിയുടേയും പുത്രിയാണ് ജാസ്മിന്‍. പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥിനി. നിയോനേറ്റല്‍ നേഴ്സിംഗ് ആണ് ലക്ഷ്യം. ആക്ടിംഗ്/മോഡലിംഗ് രംഗത്തേക്ക് പ്രത്യേക താത്പര്യമൊന്നുമില്ല.

നീതാരാ ജോസഫ് പതിനൊന്നാം ക്ളാസ് വിദ്യാര്‍ത്ഥിനി. അലക്സ് ഏബ്രഹാമിന്റേയും ബന്‍സിയുടേയും പുത്രി. ആക്ടിംഗ് രംഗം സ്വപ്നം കാണുന്നു. നമ്മുടെ സംസ്കാരങ്ങളേയും മൂല്യങ്ങളേയും മറ്റുള്ളവര്‍ക്ക് സാക്ഷ്യപ്പെടുത്താന്‍ കിരീടം സഹായിക്കുമെന്ന് മിസ് ഫൊക്കാനാ പറഞ്ഞു. എല്ലാവരും വിജയികളാണെന്നും ഇത്തരം പരിപാടികള്‍ ഏറെ സന്തോഷപ്രദമാണെന്നും നടി മാതു പറഞ്ഞു.

റിപ്പോര്‍ട്ട്: ജോസ് കാടാപുറം