അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ആഘോഷം
Wednesday, July 9, 2014 5:03 AM IST
അറ്റ്ലാന്റാ: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ വിശുദ്ധ തോമാശ്ളീഹായുടെ തിരുനാള്‍ ജൂലൈ 5,6 തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടി. ടെന്നസി, നാഷ്വില്ലിലെ വിശുദ്ധ മദര്‍ തെരേസാ മിഷന്‍ ഡയറക്ടറും, സെന്റ് ജോസഫ് പാസ്ററുമായ ഫാ.ടോമി ജോസഫ് എംഎസ്എഫ്എസ് വിശുദ്ധ ബലിയില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.

ജൂലൈ അഞ്ചിന് വൈകുന്നേരം ഇടവക വികാരി ഫാ.മാത്യു ഇളയടത്തുമഠം കൊടിയേറ്റതോടെ തിരുനാളിനു തുടക്കം കുറിച്ചു. തുടര്ന്ന് നടന്ന കുര്‍ബാനയില്‍ നല്‍കിയ സന്ദേശത്തില്‍ യേശുവിന്റെ ആഹ്വാനം ശിരസ്സാ വഹിച്ച് ഭാരതത്തിന്റെ അപ്പോസ്തോലനായി മാറിയവിശുദ്ധ തോമാസ്ളീഹായെപ്പോലെ അമേരിക്കന്‍ മണ്ണില്‍ വിശ്വാസത്തിന്റെ ജ്വാലകള്‍ തെളിയിക്കുവാന്‍ ഫാ.ടോമി ഇടവക ജനങ്ങളെ ഓര്‍മിപ്പിച്ചു.

ജൂലൈ ആറിന് തിരുനാള്‍ ദിനത്തില്‍ ആഘോഷമായ ദിവ്യബലി അര്‍പ്പിക്കുകയും തുടര്‍ന്നുള്ള സന്ദേശത്തില്‍ 'അവിശ്വാസിയെന്നു തെറ്റിദ്ധരിക്കപ്പെട്ടവനും, എന്റെ കര്‍ത്താവും എന്റെ ദൈവവമേ' എന്ന് ഏറ്റു പറഞ്ഞു യേശുവിനോടുള്ള തന്റെ ആഗാധമായ ബന്ധവും വിധേയത്വവും വെളിപ്പെടുത്തിയവനുമായ, തോമാസ്ളീഹായെപ്പോലെ സ്നേഹത്തിന്റേയും ധൈര്യത്തിന്റെയും പ്രതീകങ്ങളായി വളരുവാന്‍ ഫാ.ടോമി ഇടവക ജനങ്ങളെ ആഹ്വാനം ചെയ്തു.

ഈ വര്‍ഷത്തെ തോമാസ്ളീഹായുടെ പെരുന്നാള്‍ വിജയകരമായി ഏറ്റെടുത്തു നടത്തിയത് ഫ്രാന്‍സിസ്, ലിസി നങ്ങ്യേലില്‍, ജോണി, മിനി വടക്കേല്‍, ഷാജി, ജാന്‍സി ശ്രാമ്പിക്കല്‍ എന്നിവരും കുടുംബാംഗങ്ങളുമാണ്. ജോര്‍ജി ജോബ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം