മാര്‍ കുര്യാക്കോസ് ഭരണകുളങ്ങരയ്ക്ക് സ്വീകരണം നല്‍കി
Tuesday, July 8, 2014 6:53 AM IST
ഷിക്കാഗോ: ഡല്‍ഹി ആസ്ഥാനമായുള്ള ഫരീദാബാദ് രൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര ജൂലൈ അഞ്ചിന് (ശനി) ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സന്ദര്‍ശിക്കുകയും തിരുനാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. യുഎന്നിന്റെ വത്തിക്കാന്‍ സ്ഥാനപതിയായി പല രാജ്യങ്ങളിലും ജോലി ചെയ്തിരുന്ന അദ്ദേഹം 2012 മേയിലാണ് ഇന്ത്യയുടെ അഞ്ചില്‍ ഒന്ന് വിസ്തീര്‍ണമുള്ള ഫരീദാബാദ് രൂപതയുടെ പ്രഥമ ആര്‍ച്ച് ബിഷപ്പായി ചുമതലയേല്‍ക്കുന്നത്.

മാര്‍ത്തോമാ ശ്ശീഹായുടെ വിശ്വാസം സ്വീകരിച്ച മലയാളികളെപ്പോലെ പ്രാര്‍ഥനയിലും വിശ്വാസത്തിലും ഐക്യത്തിലും ജീവിക്കുന്ന ഒരു സമൂഹത്തെ വേറേ ഒരിടത്തും കാണുവാന്‍ സാധിച്ചിട്ടില്ലെന്ന് പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ആ വിശ്വാസവും ഐക്യവും നിലനിര്‍ത്തുന്ന പ്രവാസികളുടെ താത്പര്യത്തെ അദ്ദേഹം പ്രശംസിച്ചു. പുതുതായി രൂപംകൊണ്ട് ഫരീദാബാദ് രൂപത നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ സന്ദേശത്തില്‍ സംസാരിച്ചു.

മാര്‍ കുര്യാക്കോസ് ഭരണകുളങ്ങര ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് സ്വാഗതം ചെയ്തു. വികാരി ജോയി അച്ചന്‍ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്തി. ആഘോഷമായ ദിവ്യബലിക്ക് നിരവധി വൈദീകര്‍ പങ്കെടുത്തു. തുടര്‍ന്ന് ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്ന സെന്റ് മേരീസ് വാര്‍ഡ് പ്രസുദേന്തികളെ വാഴിച്ചു. പ്രസുദേന്തിമാര്‍ തോമാശ്ശീഹായുടെ രൂപവും വഹിച്ച് കൊടിമരം ചുറ്റി ഗ്രോട്ടോയില്‍ പ്രദക്ഷിണമായി എത്തുകയും തിരിച്ച് ദേവാലയത്തില്‍ എത്തിച്ചേരുകയും ചെയ്തു. അതിനുശേഷം മൂന്നുമണിക്കൂര്‍നീണ്ടുനിന്ന തിരുനാള്‍ നൈറ്റ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, വികാരി ജോയി അച്ചന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പിതാവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.

സെന്റ് മേരീസ് വാര്‍ഡ് പ്രസിഡന്റ് സോവിച്ചന്‍ കുഞ്ചെറിയ സ്വാഗതം ആശംസിച്ചു. കുഞ്ഞച്ചന്‍ കൊച്ചുവീട്ടിലിന്റെ നേതൃത്വത്തില്‍ ശിങ്കാരി മേളം, ആഷാ ജോസഫ് കോറിയോഗ്രാഫി നിര്‍വഹിച്ച് നൂറോളം കുട്ടികള്‍ ചേര്‍ന്ന് അവതരിപ്പിച്ച സമൂഹ നൃത്തം, സിനോ പാലയ്ക്കാത്തടം എഴുതി സംവിധാനം ചെയ്ത സ്കിറ്റ്, സീറോ മലബാര്‍ യൂത്ത് അവതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ജോസ് വെളിയത്തുമാലില്‍ ആന്‍ഡ് ടീം അവതരിപ്പിച്ച സ്കിറ്റ്, ജിനാ ആന്‍ഡ്രൂസ് ആന്‍ഡ് ടീം അവതരിപ്പിച്ച ബോഡി വര്‍ഷിപ്പ് ഗാനമേള, മിമികി തുടങ്ങിയ വിവിധ കലാപരിപാടികള്‍ രാത്രി 11 വരെ നീണ്ടുനിന്നു.

കലാപരിപാടികള്‍ക്ക് ജോജോ വെങ്ങാന്തറ, ജാന്‍സി ചിറയില്‍, സിനു പാലയ്ക്കാത്തടം എന്നിവര്‍ നേതൃത്വം നല്‍കി. സിവൈഎം കേരളത്തനിമയില്‍ തട്ടുകട നടത്തി രുചികരമായ ഭക്ഷണങ്ങള്‍ പാകം ചെയ്തു നല്‍കി.

സെന്റ് മേരീസ് വാര്‍ഡ് ജനറല്‍ കോഓര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാളിയേക്കല്‍ പിതാവിനും കലാപരിപാടികളില്‍ പങ്കെടുത്തവര്‍ക്കും വിവിധ കമ്മിറ്റികളില്‍ പ്രവര്‍ത്തിച്ചവര്‍ക്കും നന്ദി രേഖപ്പെടുത്തി. റോയ് വരകില്‍പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം