സമസ്തയുടെ പ്രതിദിന നോമ്പുതുറ വിശ്വാസികള്‍ക്ക് ആശ്വാസമാകുന്നു
Tuesday, July 8, 2014 6:49 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റിയുടെ കീഴില്‍ മനാമയില്‍ നടക്കുന്ന പ്രതിദിന നോമ്പുതുറ സംഗമങ്ങള്‍ മനാമയിലെ വിശ്വാസികള്‍ക്ക് ആശ്വാസമാകുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷമായി മനാമ ഗോള്‍ഡ് സിറ്റിക്കു സമീപമുള്ള സ്കൈ ബില്‍ഡിംഗിലെ ഇരുനിലകളിലായി നടക്കുന്ന പ്രതിദിന നോമ്പുതുറ സംഗമങ്ങളാണ് മനാമയിലെ കച്ചവട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി വിശ്വാസികള്‍ക്കും ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മനാമയിലെത്തുന്ന നിരവധി വിശ്വാസികള്‍ക്കും ആശ്വാസമാകുന്നത്.

ബഹ്റിന്റെ തലസ്ഥാന നഗരമായ മനാമയിലെ വ്യാപാര സ്ഥാപനങ്ങളില്‍ റമദാന്‍ ആരംഭത്തോടെ തന്നെ സജീവമാകുന്ന കച്ചവട തിരക്കിനിടയില്‍ സ്വന്തം ഫ്ളാറ്റില്‍ നോമ്പുതുറ വിഭവങ്ങളൊരുക്കാനോ തിരക്കുപിടിച്ച പള്ളികളിലെ നോമ്പുതുറകളില്‍ നേരത്തെ എത്തി സ്ഥാനം പിടിക്കാനോ കഴിയാത്ത നിരവധി വിശ്വാസികള്‍ക്കാണ് സമസ്തയുടെ ഇരു മദ്രസ ഹാളുകളിലുമായി ശാന്തമായി നടക്കുന്ന നോമ്പുതുറ ഏറെ ആശ്വാസം പകരുന്നത്.

നോമ്പുതുറക്കു പുറമെ, എല്ലാ ദിവസവും ഇഫ്താറിനു തൊട്ടു മുമ്പായി സമസ്ത കോഓര്‍ഡിനേറ്റര്‍മാരുടെയും മറ്റു പണ്ഢിതരുടെയും ഹൃസ്വമായ ഉദ്ബോധനവും പ്രാര്‍ഥനാ സദസുകളും കൂടിയുള്ളതിനാല്‍ ഫ്ളാറ്റുകളിലെ സൌകര്യങ്ങളൊഴിവാക്കി പതിവായി ഇവിടെ നോമ്പുതുറയില്‍ പങ്കെടുക്കുന്നവരുമുണ്ട്.

സമസ്ത കേരള സുന്നി ജമാഅത്ത് ബഹ്റൈന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ കോയതങ്ങള്‍, ജനറല്‍ സെക്രട്ടറി എസ്.എം.അബ്ദുള്‍ വാഹിദ്, ട്രഷറര്‍ വികെ.കുഞ്ഞിമുഹമ്മദ് ഹാജി എന്നിവരടങ്ങുന്ന വിപുലമായ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്യാഗ സന്നദ്ധരായ വോളന്റിയര്‍ ടീമാണ് പതിവായി നോമ്പുതുറ വിഭവങ്ങളൊരുക്കുന്നതും അവ വിശ്വാസികള്‍ക്കായി സജ്ജീകരിക്കുന്നതും.

നേരത്തെ മൂന്നു വര്‍ഷം മുമ്പ് പ്രമുഖ സൂഫി വര്യനായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദ് ബഹ്റൈനിലെത്തിയതു മുതല്‍ ആരംഭിച്ച വലിയ തളികകളില്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന രീതിയാണ് ഇവിടെ തുടരുന്നത് എന്നതിനാല്‍ ഭക്ഷണം പാഴാക്കികളയുകയോ ബാക്കിയാവുകയോ ചെയ്യുന്ന അവസ്ഥ ഇവിടെ ഉണ്ടാവാറില്ല എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി യാതൊരു ആക്ഷേപത്തിനും ഇടനല്‍കാതെ നടക്കുന്ന പ്രതിദിന നോമ്പുതുറക്ക് സ്പോണ്‍ഷിപ്പും മറ്റു സഹായ സഹകരണങ്ങളുമായി വിവിധ കച്ചവട സ്ഥാപനങ്ങളും വ്യക്തികളും രംഗത്തുണ്ട്.

എല്ലാവര്‍ക്കും നിറഞ്ഞ പ്രാര്‍ഥനയും നന്ദിയും നസ്വീഹത്തും മാത്രം നല്‍കുന്ന സമസ്തയുടെ ഓരോ സംഗമങ്ങളിലും വര്‍ധിച്ച സന്തോഷത്തോടെയും സംതൃപ്തിയോടെയുമാണ് വിശ്വാസികള്‍ പങ്കെടുത്ത് തിരിച്ചുപോകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 39828718.