ഡോ. ജോസഫ് മാര്‍ത്തോമ എണ്‍പതിന്റെ നിറവില്‍
Tuesday, July 8, 2014 6:49 AM IST
ന്യൂയോര്‍ക്ക്: മലങ്കര മാര്‍ത്തോമ സഭയുടെ ഇരുപത്തിയൊന്നാം മാര്‍ത്തോമ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപോലീത്തായുടെ ജന്മദിനാഘോഷം മാര്‍ത്തോമ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ആസ്ഥാനമായ സൈനായ് സെന്ററില്‍ നടന്നു.

നവീകരണ പോര്‍ക്കളത്തില്‍ ആദ്യകാഹളം മുഴക്കിയ സഭയ്ക്ക് ഐതിഹാസികമായ നേതൃത്വം നല്‍കിയ സഭാ മേലധ്യക്ഷന്മാര്‍ക്ക് ജന്മം നല്‍കാന്‍ പുണ്യം നേടിയ മാരാമണ്‍ പാലക്കുന്നത്ത് കുടുംബത്തില്‍ നിന്നുളള അഞ്ചാമത്തെ മെത്രാപോലീത്തയായ ജോസഫ് മാര്‍ത്തോമ അതിശ്രേഷ്ഠമായ പാരമ്പര്യവും അടിയുറച്ച സഭാ സ്നേഹവും അചഞ്ചല വിശ്വാസവും സമഗ്രമായി സമ്മേളിക്കുന്ന അനുഗ്രഹീത വ്യക്തിത്വമാണ്.

നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന അധ്യക്ഷന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ സഭയ്ക്കും സമൂഹത്തിനും ജോസഫ് മാര്‍ത്തോമ നല്‍കുന്ന കാലാനുസൃതമായ നേതൃത്വത്തെയും സംഭാവനകളെയും മാര്‍ തിയഡോഷ്യസ് അനുസ്മരിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ സഭയും സമൂഹവും നേരിടുന്ന വെല്ലുവിളികളെപ്പറ്റി മറുപടി പ്രസംഗത്തിന് മെത്രാപോലീത്ത ഓര്‍മിപ്പിച്ചു. ജന്മദിന കേക്ക് മുറിച്ച് മധുരം പങ്കുവച്ചു. ഇതിനോട് ചേര്‍ന്ന് ഫാ. ഡോ. ഫിലിപ്പ് വര്‍ഗീസിന്റെ ജന്മദിന സപ്തതിയും ആഘോഷിച്ചു. ഫാ. ഷിബു മാത്യു, ഫാ. ജോജി കെ. മാത്യു, ശാമുവല്‍ കെ. ശാമുവല്‍, ഡോ. റോണി ജേക്കബ്, തോമസ് ഉമ്മന്‍, തോമസ് ഡാനിയേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. നോര്‍ത്ത് ഈസ്റ് റീജിയണിലുളള വൈദീകരും കുടുംബങ്ങളും പങ്കെടുത്ത ആഘോഷ സമ്മേളനത്തില്‍ ഫാ. കെ.എ. ജോഷ്വാ, ആമുഖ പ്രാര്‍ഥനയും ഭദ്രാസന സെക്രട്ടറി ഫാ. ബിനോയ് ജെ. തോമസ് നന്ദി പ്രകാശനവും നിര്‍വഹിച്ചു.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല