എല്‍ഡര്‍ ജോണ്‍ ജോസഫിനെ അനുമോദിച്ചു
Tuesday, July 8, 2014 6:48 AM IST
ടെക്സസ്: നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ച് സ്ഥാപകനും ഡാളസ് ഫോര്‍ട്ട്വര്‍ത്ത് മെട്രോപ്ളെക്സിലെ ബ്രദറണ്‍ സഭാ എല്‍ഡറുമായ ജോണ്‍ ജോസഫിനെ സഭാംഗങ്ങളും സ്നേഹിതരും ചേര്‍ന്ന് ആദരിച്ചു.

ജൂലൈ അഞ്ചിന് (ശനി) രാവിലെ ഫാര്‍മേഴ്സ് ബ്രാഞ്ച് നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ചില്‍ ചേര്‍ന്ന അനുമോദന യോഗത്തില്‍ ബ്രദര്‍ കെ.സി. മത്തായി അധ്യക്ഷത വഹിച്ചു. ജോണ്‍ ജോസഫിന്റെ അറുപതാം ജന്മദിനം ആഘോഷിക്കാനായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്.

തൃശൂരില്‍ നിന്നും എണ്‍പതുകളുടെ ആരംഭത്തില്‍ കുടുംബസമേതം അമേരിക്കയില്‍ എത്തി ചേര്‍ന്ന ജോണ്‍ ജോസഫ് സഭാ സേവനത്തിനും സാമൂഹ്യനന്മയ്ക്കും വേണ്ടി വിശ്രമമില്ലാത്ത പ്രവര്‍ത്തനമാണ് നടത്തിയത്. ജീവിതത്തിന്റെ നാനാ തുറകളിലുമുളളവര്‍ ജോണ്‍ ജോസഫിന് ആശംസകള്‍ അര്‍പ്പിക്കുന്നതിനായി എത്തിചേര്‍ന്നിരുന്നു.

ടി.ജി. തങ്കപ്പന്‍, ഈശോ തോമസ്, ജെസി ജോര്‍ജ്, ജോര്‍ജ് ജോസഫ്, പി.പി. ചെറിയാന്‍, ജോസ് ചെറിയാന്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.നോര്‍ത്ത് ഡാളസ് ബൈബിള്‍ ചര്‍ച്ചിന്റെ ഉപഹാരവും പ്ളാക്കും ജോസ് ചെറിയാനും ടി.ജി. തങ്കച്ചനും ചേര്‍ന്ന് ജോണ്‍ ജോസഫിന് നല്‍കി.

സ്നേഹ പ്രകടനങ്ങള്‍ക്കും, ആശംസകള്‍ക്കും ജോണ്‍ ജോസഫ് സമുചിതമായി മറുപടി പറഞ്ഞു. ജീവിതത്തിനു ലഭിച്ച നന്മകളും ഔദ്യോഗിക ജീവിതത്തില്‍ ലഭിച്ച പടിപടിയായുളള ഉയര്‍ച്ചയും പ്രതിസന്ധികളെ അതിജീവിക്കുവാന്‍ ലഭിച്ച മാനസിക സ്ഥിരതയും ദൈവിക കൃപയും ദാനവുമായിരുന്നുവെന്ന് ജോണ്‍ ജോസഫ് നന്ദിയോടെ സ്മരിച്ചു. ഭാര്യ ആലീസും മൂന്ന് മക്കളും മരുകനും ഉള്‍പ്പെടുന്ന കുടുംബം സന്തുഷ്ട ജീവിതമാണ് നയിക്കുന്നത്. ബാബു തോമസ്, എഡ്വിന്‍, സ്റ്റാന്‍ലി, തമ്പി, മേഴ്സി, ജെസി തുടങ്ങിയവര്‍ സമ്മേളനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഷോണ്‍ ജോസഫാണ് സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍