ചിക്കുന്‍ഗുനിയ ടെക്സസിലെ ആദ്യ മരണം സ്ഥിരീകരിച്ചു
Tuesday, July 8, 2014 6:46 AM IST
വില്യംസണ്‍ കൌണ്ടി: ചിക്കുന്‍ ഗുനിയയ്ക്കെതിരെ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ചിക്കുന്‍ ഗുനിയ ബാധിച്ചു വില്യംസണ്‍ കൌണ്ടിയില്‍ നടന്ന ആദ്യമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ജൂലൈ ഏഴിന് ആരോഗ്യവകുപ്പ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

കൊതുകില്‍ നിന്നും വ്യാപിക്കുന്ന ഈ രോഗത്തിന്റെ ലക്ഷണം ശക്തമായ പനിയും സന്ധി വേദനയുമാണ്. കരീബിയന്‍ സന്ദര്‍ശനത്തിനുശേഷം ടെക്സസില്‍ മടങ്ങിയെത്തിയ വ്യക്തിയാണ് മരണമടഞ്ഞത്.

മനുഷ്യനില്‍ നിന്നും മനുഷ്യനിലേക്ക് ഈ രോഗം വ്യാപിക്കുകയില്ലെങ്കിലും രോഗ ബാധിതനായ ഒരാളില്‍ നിന്നും കൊതുകകളാണ് രോഗാണുക്കള്‍ മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിനുളള കാരണമാകുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പ് രോഗം വ്യാപിക്കാതിരിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

വീടിനും പരിസരത്തും മലിന ജലം കെട്ടികിടക്കുവാന്‍ അനുവദിക്കാതിരിക്കുക, യാത്ര ചെയ്യുന്നവര്‍ കൊതുക് കടി ഏല്‍ക്കാതിരിക്കുന്നതിന് ഉതകുന്ന വസ്ത്ര ധാരണം നടത്തുക, സൌത്ത് ഏഷ്യാ കരിബീയന്‍ ഐലന്റ്, സതേണ്‍ യൂറോപ്പ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി മടങ്ങി വരുന്നവര്‍ പനിയോ, സന്ധി വേദനയോ ഉണ്െടങ്കില്‍ ഉടന്‍ പരിശോധനയ്ക്ക് വിധേയരാകുക തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങളില്‍ പ്രധാനപ്പെട്ടത്.

റിപ്പോര്‍ട്ട്: പി.പി ചെറിയാന്‍