വീട്ടുവാടക ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്ന പദ്ധതിക്ക് തുടക്കമായി
Tuesday, July 8, 2014 6:45 AM IST
ദമാം: സൌദിയിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവരുടെ താമസ കേന്ദ്രങ്ങളായി ഫ്ളാറ്റുകളുടെയും വീടുകളുടെയും മാസവാടക ഓണ്‍ലൈന്‍ മുഖേന അടയ്ക്കുന്ന പദ്ധതിക്ക് പാര്‍പ്പിട മന്ത്രാലയം തുടക്കം കുറിച്ചു.

ഈജാറ് എന്ന പേരിലുള്ള പദ്ധതി പ്രകാരം കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുള്ള ധാരണ അനുസരിച്ച് വാടക സംഖ്യ ഒരു വര്‍ഷത്തെ ഒന്നിച്ചോ ആറു മാസത്തേയും മൂന്നു മാസത്തേയും തവണകളായോ അടയ്ക്കാന്‍ കഴിയും.

കെട്ടിട ഉടമയ്ക്ക് വാടക പിരിക്കാന്‍ പോകാതെതന്നെ തങ്ങളുടെ അക്കൌണ്ടുകളിലേക്ക് വാടക തുക ലഭിക്കാനും മാസം തോറും വാടകക്കാര്‍ക്ക് വാടക നല്‍കാനും പുതിയ ഈജാര്‍ ശൃംഖല വഴി സാധ്യമാവുമെന്ന് പാര്‍പ്പിട മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എന്‍ജിനിയര്‍ മുഹമ്മദ് അല്‍ സമീഅ് പറഞ്ഞു. കൂടാതെ കെട്ടിട ഉടമയുടേയും വാടകക്കാരന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനു പദ്ധതി സഹയകരമാകും.

സൌദി റിയല്‍ എസ്റേറ്റ് മേഖലയില്‍ ഫ്ളാറ്റുകളുടെയും വീടുകളുടേയും വാടക സംഖ്യ സ്ഥിരയ്ക്കും കൂടുതല്‍ പേര്‍ ഈ മേഖലയില്‍ നിക്ഷേപം ഇറക്കുന്നതിനും പദ്ധതി സഹായകമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈജാറ് ശൃംഖല വഴി വിദേശികള്‍ക്കും സ്വദേശികള്‍ക്കും ഫ്ളാറ്റുകള്‍ തെരഞ്ഞെടുക്കാനും ഫ്ളാറ്റുകളുടെ വലുപ്പവും സൌകര്യങ്ങളും വാടകയും ഫ്ളാറ്റുകള്‍ സ്ഥിതി ചെയ്യുന്ന പ്രദേശവുമൊക്കെ അറിയാന്‍ കഴിയും. കെട്ടിട ഉടമയും വാടകക്കാരനും തമ്മിലുണ്ടാക്കേണ്ട കരാറിന്റെ മാതൃകയും ഈജാര്‍ സൈറ്റില്‍ നിന്നും ലഭ്യമാകും.

സൌദിയിലെ ഓരോ മേഖലയിലെ പാര്‍പ്പിടങ്ങളുടെയും ഫ്ളാറ്റുകളുടെയും വിവരങ്ങളും ആവശ്യവും മറ്റും അറിയാനും ഇതനുസരിച്ച് മേഖലകളിലെ ഫ്ളാറ്റുകള്‍ നിര്‍മിക്കുന്നതിനും പുതിയ പദ്ധതി സഹായകരമാകും.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം