കേഫാക് ഫുട്ബാള്‍ മാമാങ്കത്തിന് സമാപനം: ഫഹാഹീല്‍ ബ്രദേഴ്സിന് കെഫാക് ലീഗ് രണ്ടാം എഡിഷന്‍ കിരീടം
Monday, July 7, 2014 7:52 AM IST
കുവൈറ്റ്: സോക്കര്‍ കേരളയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ഫഹാഹീല്‍ ബ്രദേഴ്സ് ഗള്‍ഫ് മാര്‍ട്ട് കെഫാക് ലീഗ് രണ്ടാം എഡിഷന്‍ കിരീടം ചൂടി.

കുവൈറ്റിലെ പ്രമുഖമായ പതിനാറോളം ടീമുകളും 400 ല്‍ പരം വരുന്ന കളിക്കാരും അണിനിരന്ന ഒമ്പതു മാസക്കാലത്തോളം നീണ്ടുനിന്ന ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തത് ഇന്ത്യന്‍ ഫുട്ബാളിലെ കറുത്ത മുത്ത് ഐ.എം. വിജയനായിരുന്നു. പേരിലും പെരുമയിലും താരസാന്നിധ്യത്തിലും സമ്പുഷ്ടമായ ഓരോ ടീമുകളും വാശിയേറിയ പോരാട്ടങ്ങളായിരുന്നു ലീഗില്‍ കാഴ്ചവച്ചത്. വാരാന്ത്യത്തില്‍ കുവൈറ്റിലെ വിവിധ സ്റേഡിയങ്ങളിലായിരുന്നു കേഫാക് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്.

തുല്യ ശക്തികള്‍ പോരാടിയ കലാശപ്പോരാട്ടത്തില്‍ മനോഹരമായ കളിയായിരുന്നു ഇരുടീമുകളും പുറത്തെടുത്തത്. പന്ത് കൂടുതല്‍ സമയവും കൈവശം വെച്ച ഫഹാഹീല്‍ ബ്രദേര്‍സിന്റെ മിഡ് ഫീല്‍ഡും പ്രതിരോധനിരയും മികച്ച ഒത്തിണക്കം കാണിച്ചപ്പോള്‍ മുന്നേറ്റ നിരക്ക് കാര്യങ്ങള്‍ സുഖകരമായി. ജംഷീലിന് പകരക്കാരനെത്തിയ അഷ്റഫാണ് ഫഹാഹീല്‍ ബ്രദേഴ്സിനുവേണ്ടി ആദ്യ ഗോള്‍ നേടിയത്. വലത് വശത്ത്നിന്നും രണ്ട് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് അളന്ന് മുറിച്ച മനോഹരമായ ഷോട്ട് ഗോളിക്ക് യാതൊരു ചാന്‍സും നല്‍കാതെയാണ് വലയിലെത്തിയത്. കളിയുടെ അവാസാന നിമിഷം യൂനുസ് ഫഹാഹീല്‍ ബ്രദേഴ്സിന്റെ രണ്ടാം ഗോള്‍ നേടി. സോക്കര്‍ കേരളക്കുവേണ്ടി ജിജോ ആശ്വാസ ഗോള്‍ നേടി. ഫൈനല്‍ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് ഫഹാഹീല്‍ ബ്രദേഴ്സിന്റെ ശിഹാബിന് നല്‍കി. ലീഗിലെ മികച്ച കളിക്കാരനായി ഫഹാഹീല്‍ ബ്രദേഴ്സിലെ ഷാഫിയെയും മികച്ച ഗോള്‍ കീപ്പറായി മലപ്പുറം ബ്രദേഴ്സിന്റെ ഷൈജിലാലിനെയും ടോപ്പ് സ്കോററായി ഫഹാഹീല്‍ ബ്രദേഴ്സിന്റെ യൂനുസിനെയും യംഗ് ഷൂട്ടേഴ്സിന്റെ ഷബീറിനെയും തെരഞ്ഞെടുത്തു.

ലൂസേഴ്സ് ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സിഎഫ്സി സാല്‍മിയയെ യംഗ് ഷൂട്ടേര്‍സ് തോല്‍പ്പിച്ചു. ഹാട്രിക് നേടിയ ഉണ്ണിയുടെ നേതൃത്തില്‍ നിരന്തരം എതിരാളിയുടെ ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചുവിട്ട യംഗ് ഷൂട്ടേഴ്സ് മുന്നേറ്റനിര സിഎഫ്സി സാല്‍മിയക്ക് കടുത്ത ഭീതിയുയര്‍ത്തി. ഇടയ്ക്ക് പരുക്കനായ കളിയില്‍ സിഎഫ്സി സല്‍മിയയുടെ രണ്ട് കളിക്കാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. കളിയിലെ കേമനായി ഉണ്ണിയെ തെരഞ്ഞടുത്തു. ലീഗ് മല്‍സരങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇന്ത്യന്‍ ഫുട്ബോള്‍ റഫറീസ് അസോസിയേഷനിലെ റഫറിമാരായിരുന്നു. സമാപനചടങ്ങില്‍ കേഫാക്ക് ലീഗിന്റെ സ്പോണ്‍സര്‍ ഗള്‍ഫ് മാര്‍ട്ട് പ്രതിനിധി അഫ്താഖ് ജേതാക്കള്‍ക്കുള്ള ട്രോഫി കൈമാറി. കെഫാക് പ്രസിഡന്റ് അബ്ദുള്ള ഖാദിരി, വൈസ് പ്രസിഡന്റ് സമിയുല്ല, ജനറല്‍ സെക്രട്ടറി വി.എസ്.നജീബ്, നൌഷാദ് പള്ളിയലില്‍, സഫറുള്ള, ഗുലാം, കേഫാക് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍