ഇന്ത്യ പ്രസ്ക്ളബ് ഡാളസ് ചാപ്റ്റര്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നു
Monday, July 7, 2014 7:51 AM IST
ടെക്സസ്: ഇന്ത്യ പ്രസ്ക്ളബ് ഓഫ് നോര്‍ത്ത് ടെക്സസ് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ആനുകാലിക വിഷയങ്ങളെക്കുറിച്ച് പത്ര പ്രവര്‍ത്തന രംഗത്തെ പ്രഗത്ഭരെയും രാഷ്ട്രീയ, സാംസ്കാരിക നേതാക്കളെയും ഉള്‍പ്പെടുത്തി സെമിനാറുകളും ചര്‍ച്ചാ ക്ളാസുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ജൂലൈ ആറിന് (ഞായര്‍) വൈകിട്ട് ഗാര്‍ലന്റ് ഇന്ത്യ ഗാര്‍ഡന്‍സ് റസ്ററന്റില്‍ ചേര്‍ന്ന ഡാളസ് ചാപ്റ്റര്‍ പ്രവര്‍ത്തക യോഗത്തില്‍ പ്രസിഡന്റ് ജോസ് പ്ളാക്കാട്ട് അധ്യക്ഷത വഹിച്ചു. ഏപ്രില്‍ 26 ന് അമേരിക്കയിലെ പത്ര പ്രവര്‍ത്തനരംഗത്തെ പ്രഗത്ഭനായ ആസിഫ് ഇസ്മായേല്‍ മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ സിംപോസിയം വിജയിപ്പിക്കുന്നതിന് സഹായിച്ച എല്ലാവരേയും പ്രസിഡന്റ് അഭിനന്ദിച്ചു.

അടുത്ത സെമിനാര്‍ സെപ്റ്റംബര്‍ മൂന്നാംവാരം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു. ആറു മാസത്തെ വരവ് ചെലവു കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. സെക്രട്ടറി ബിജിലി ജോര്‍ജ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ പ്രസിഡന്റ് സണ്ണി മാളിയേക്കല്‍, ഏബ്രഹാം തോമസ്, പി.പി. ചെറിയാന്‍, ഏലിയാസ് മര്‍ക്കോസ്, ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍, ടി.സി. ചാക്കോ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് സ്വാഗതവും ട്രഷറര്‍ ടി.സി. ചാക്കോ നന്ദിയും രേഖപ്പെടുത്തി.