ഫൊക്കാനാ: വികസനത്തെച്ചൊല്ലിയുള്ള സംവാദത്തില്‍ ഫ്രാന്‍സീസ് പാപ്പായും
Monday, July 7, 2014 5:14 AM IST
ഷിക്കാഗോ: കേരളത്തിലെ വികസനകാര്യത്തെപ്പറ്റി കേരളത്തിലെ പ്രവാസികാര്യ- സാസ്കാരിക മന്ത്രി കെ.സി. ജോസഫ് നടത്തിയ പരാമര്‍ശങ്ങള്‍ ജനം പൊതുവെ ശരിവെച്ചുവെങ്കിലും അതില്‍ മുന്‍ മന്ത്രി ബിനോയി വിശ്വം (സി.പിഐ) കുറച്ചേറെ രാഷ്ട്രീയം കണ്ടു. തന്റെ ഭാഗം ന്യായീകരിക്കാന്‍ അദ്ദേഹം ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വാക്കുകള്‍ കടമെടുക്കുകയും ചെയ്തു.

വിമാനത്തില്‍ ചെക്ക് ഇന്‍ ചെയ്തശേഷമാണ് മന്ത്രി ഫൊക്കാനാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയത്. തിങ്കളാഴ്ച തന്റെ വകുപ്പിലേക്കുള്ള ധനാഭ്യര്‍ത്ഥനയെപ്പറ്റി ചര്‍ച്ചയുണ്െടന്നും അന്ന് താന്‍ അവിടെയില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്നും മന്ത്രി ആമുഖമായി പറഞ്ഞു.

മലയാളികള്‍ക്കിടയില്‍ ആഴത്തില്‍ വേരുള്ള പ്രഥമ സംഘടനയാണ് ഫൊക്കാന. ലോകത്ത് ഒരു വനിത നയിക്കുന്ന കേന്ദ്ര സംഘടനയും ഫൊക്കാനയാണെന്നു കരുതാം. കഴിഞ്ഞ ദിവസങ്ങളില്‍ താന്‍ അടക്കമുള്ള മന്ത്രിമാര്‍ മുള്‍മനയില്‍ നില്‍ക്കുകയായിരുന്നു. ഇറാക്കിലെ 45 മലയാളി നേഴ്സുമാരുടെ സുരക്ഷയായിരുന്നു പ്രശ്നം. പൊതുജീവിതത്തില്‍ ഇത്രയേറെ മാനസീക സംഘര്‍ഷം അനുഭവിച്ചിട്ടില്ല. അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യും എന്നതായിരുന്നു ആധിക്ക് കാരണം. മുഖ്യമന്ത്രിയുടെ നിരന്തരമായ ഇടപെടലും, കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രവര്‍ത്തനവും മൂലം നാലു മണിക്കൂറിനു മുമ്പ് (പ്രസംഗം വെള്ളിയാഴ്ച ഏഴുമണി) അവര്‍ എയര്‍പോര്‍ട്ടിലെത്തി. അവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയച്ചിരുന്നു. മന്ത്രിയുടെ പ്രസംഗം സദസ് കൈയ്യടിയോടെ എതിരേറ്റു.

കുടുംബത്തിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പോയവരാണ് അവര്‍. അവരുടെ ജീവിതത്തിലുണ്ടായ പ്രതിസന്ധി എല്ലാവരേയും വിഷമത്തിലാക്കി. ഇത്രയേറെ ടെന്‍ഷന്‍ അനുഭവിച്ച ദിവസങ്ങള്‍ ഇല്ലെന്നു പറയാം. കേരളത്തിനു പ്രവാസി മലയാളികളെ മറക്കാനാവില്ലെന്നു മന്ത്രി പറഞ്ഞു. കേരളത്തിലെ പച്ചപ്പും സമൃദ്ധിയുമൊക്കെ നിങ്ങളുടെ സംഭാവനയാണ്. ഒരുലക്ഷം കോടി രൂപയിലേറെയാണ് പ്രവാസികളുടെ നിക്ഷേപം.

എത്ര മലയാളികള്‍ പുറത്തുണ്െടന്നതിന് വ്യക്തമായ കണക്കില്ല. നോര്‍ക്ക വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സര്‍വ്വെ പ്രകാരം ആദ്യ ജനറേഷനില്‍പ്പെട്ട 20 ലക്ഷം മലയാളികളാണ് വിദേശ രാജ്യങ്ങളില്‍. അമേരിക്കയില്‍ 60,000 എന്നാണ് സര്‍വ്വെയില്‍ കണ്ടത്. ശരിയാകണമെന്നില്ല. (ആദ്യ ജനറേഷന്റെ കാര്യമാണിത്. അവരുടെ മക്കളൊന്നും ഇതില്‍ ഉള്‍പ്പെടുന്നില്ല).

സ്വയംഭരണ കോളജുകള്‍ (ഓട്ടോണമെസ്) ആയി ചില സ്ഥാപനങ്ങളെ പ്രഖ്യാപിച്ചപ്പോള്‍ അതിനു പല ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ ഉയര്‍ന്നു. നേരേ മറിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ ഡീംഡ് യൂണിവേഴ്സിറ്റികള്‍ പോലും അനുവദിക്കുന്നു.

അന്തരിച്ച മന്ത്രി ടി.എം. ജേക്കബിന്റെ കാലത്ത് വിദ്യാഭ്യാസ വകുപ്പില്‍ കംപ്യൂട്ടര്‍ കൊണ്ടുവന്നിട്ട് അതിന്റെ പായ്കറ്റ് തുറക്കാന്‍ പോലും അനുവദിച്ചില്ല. ഓട്ടോമേഷന്‍-ആന്റിനേഷന്‍ എന്നു പറഞ്ഞായിരുന്നു പ്രകടനം. രാജീവ് ഗാന്ധി കംപ്യൂട്ടര്‍ വത്കരണത്തിന് ശക്തമായി ശ്രമിച്ചതാണ്. ജോണ്‍സ് ഹോസ്പിറ്റല്‍ യൂണിവേഴ്സിറ്റി കേന്ദ്രം മൂന്നാറില്‍ തുടങ്ങാന്‍ പദ്ധതി വന്നപ്പോള്‍ അത് അമേരിക്കയുടെ ചാരപ്രവര്‍ത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ് ഇല്ലാതാക്കി. നമ്മള്‍ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ മടിക്കുന്നു. കംപ്യൂട്ടറിനെ തടസ്സപ്പെടുത്തിയതിനാല്‍ നാം കാല്‍നൂറ്റാണ്ട് പിന്നോക്കം പോയി.

ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ കേരളത്തിലും പ്രതിഫലിക്കണമെന്നാണ് പുതിയ തലമുറ ആഗ്രഹിക്കുന്നത്. നാടിനോടുള്ള ബന്ധം പൊക്കിള്‍ക്കൊടി ബന്ധമായി കാണുന്നവരാണ് നിങ്ങള്‍. കേരളത്തില്‍ ഒരു കാര്യവും സമയത്ത് നടക്കാറില്ല. പക്ഷെ കൊച്ചി മെട്രോ സമയബന്ധിതമായി തീര്‍ക്കാന്‍ ശ്രമിക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിന് നാളെ തറക്കില്ലിടുകയാണ്. സ്ഥലം എം.എല്‍.എയായ തനിക്ക് എത്താന്‍ പറ്റില്ല. 2015 ഡിസംബറില്‍ കണ്ണൂരില്‍ വിമാനം എത്തണം എന്നതാണ് സ്വപ്നം. അതുപോലെ തിരുവനന്തപുരത്തും കോഴിക്കോടും മോണോ റെയില്‍ പദ്ധതി പരിഗണിക്കുന്നു. വിഴിഞ്ഞം പദ്ധിക്കെതിരെ ചിലര്‍ രംഗത്തുണ്ട്.

താന്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ഫൊക്കാനാ സമ്മേളനമാണെന്ന് ബിനോയി വിശ്വം പറഞ്ഞു. സംഘടനയുടെ വളര്‍ച്ചയുടെ പുതിയ ഘട്ടം കുറിക്കുന്നതാണ് ഈ സമ്മേളനം. കെ.സി ജോസഫ് പാര്‍ട്ടിക്കാരനല്ലെങ്കിലും തന്റെ ഉറ്റ സുഹൃത്താണ്. കലര്‍പ്പില്ലാതെ സ്നേഹിക്കാന്‍ കഴിയുന്ന അപൂര്‍വ്വ വ്യക്തിത്വത്തിനുടമയാണ് അദ്ദേഹം. പക്ഷെ അദ്ദേഹത്തിന്റെ ആശയങ്ങളോട് പലതിനോടും തനിക്ക് യോജിപ്പില്ല. ഇത്രയ്ക്ക് രാഷ്ട്രീയം അദ്ദേഹം പറയരുതായിരുന്നു.

വികസനം കേരളത്തില്‍ വരണമെന്നതിന് തര്‍ക്കമില്ല. പക്ഷെ വികസനം ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി? ഇതിനുള്ള ഉത്തരം കണ്െടത്തുകയാണ് വേണ്ടത്. വികസനം പാര്‍ശ്വവത്കരിക്കപ്പെട്ടവരില്‍ എത്തണം. മാരക രോഗങ്ങള്‍ക്കടിമപ്പെട്ട് മരുന്ന് വാങ്ങാന്‍ പോലും കഴിയാത്തവര്‍ക്കായി പദ്ധതികളുണ്ട്. കാരുണ്യ ലോട്ടറിയും അത് ലക്ഷ്യമിടുന്നു.

കേരളത്തെ സംബന്ധിച്ചടത്തോളം അമേരിക്ക വളരെ അകലെയാണ്. ഗള്‍ഫ് മലയാളികളുടേതുപോലുള്ള പ്രശ്നങ്ങള്‍ അമേരിക്കയിലില്ല. എങ്കിലും ഇനിമുതല്‍ അമേരിക്കന്‍ മലയാളികള്‍ക്കും വലിയ പരിഗണന നല്കും. ഒരു മാസത്തിനകം നോര്‍ക്ക അഡ്വൈസറി ബോര്‍ഡില്‍ അമേരിക്കന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തും. യൂറോപ്പിലും അമേരിക്കയിലുമുള്ള മലയാളികള്‍ക്കായി പ്രത്യേക സമ്മേളനവും വിളിച്ചു ചേര്‍ക്കും.

ലോകത്താരും തകരുന്നില്ല. ഇതിനൊന്നാന്തരം ഉദാഹരണം ഫ്രാന്‍സീസ് മാര്‍പാപ്പയില്‍ നിന്നാണ്. നാം ജീവിക്കുന്ന കാലഘട്ടം കമ്പോളത്തിന്റെ കാലഘട്ടത്തിലാണെന്ന് (ടിറണി ഓഫ് മാര്‍ക്കറ്റ്) അദ്ദേഹം പറഞ്ഞു. കമ്പോളസ്വേച്ഛാദിപത്യത്തില്‍ ബന്ധങ്ങളും മൂല്യങ്ങളും തകരുന്നു. സംസ്കാരം ദുഷിക്കുന്നു. ഈ ആപത്തിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്.

ലാഭമാണ് എല്ലാറ്റിലും പ്രധാനമെന്നു വരുമ്പോള്‍ മാവികതയ്ക്ക് പ്രധാന്യം ഇല്ലാതാകുന്നു. എല്ലാ വികസന സംവാദത്തിലും മാനവികതയെപ്പറ്റിയാണ് പറയപ്പെടേണ്ടത്. പ്രസംഗം കൊണ്ട് കമ്യൂണിസം വളരുമെന്നോ തളരുമെന്നോ താന്‍ കരുതുന്നില്ല. സമ്പത്തുകള്‍ കുന്നുകൂടി കിടക്കുമ്പോള്‍ അതില്‍ നിന്ന് കുറെ താഴേയ്ക്ക് ഒലിച്ചിറങ്ങി സമൂഹം മൊത്തം സമ്പത്ത് നേടുന്ന സിദ്ധാന്തമാണ് ട്രിക്കള്‍ ഡൌണ്‍ തിയറി. പക്ഷെ അതൊരു മിഥ്യമാത്രമാമെന്നു തെളിഞ്ഞുകഴിഞ്ഞതാണ്.

മാര്‍ക്സിസ്റായ താനും മാര്‍പാപ്പയെ ശരിവെയ്ക്കുകയാണ്. സംവാദങ്ങളെ മലയാളി ഭയപ്പെട്ടിട്ടില്ല. ഇക്കാര്യം സംബന്ധിച്ച സംവാദങ്ങളുടെ കാര്യവും അങ്ങനെ തന്നെ. ബന്യാമിന്‍ വരച്ചുകാട്ടുന്ന ആടുജീവിതം പോലുള്ള മരണം അമേരിക്കയിലില്ല. വലിയ ലോകത്തില്‍ മൊട്ടുസൂചിയുടെ വലിപ്പമേയുള്ളു കേരളത്തിന്. എങ്കിലും കേരളീയര്‍ സ്വന്തം തനിമയും ഭാഷയും കൈവിടാതെ തന്നെ രല രാജ്യങ്ങളില്‍ വേരു പിടിക്കുകയും, വളര്‍ച്ച നേടുകയും ചെയ്യുന്ന ജനപദമാണ്- ബിനോയി വിശ്വം ചൂണ്ടിക്കാട്ടി.

പ്രവാസികളുടെ 'ക്രീം' ആണ് അമേരിക്കന്‍ മലയാളികളെന്ന് മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബി. ഇക്ബാല്‍ പറഞ്ഞു. ഇ.സി.ജി സുദര്‍ശന് നിര്‍ഭാഗ്യംകൊണ്ട് നോബല്‍ സമ്മാനം നഷ്ടമായി. ഡോ. അബ്രാഹാം വര്‍ഗീസാണ് എക്സസിനെപ്പറ്റി ആദ്യത്തെ അനുഭവ വിവരണം എഴുതിയത്. (മൈ ഓണ്‍ കണ്‍ട്രി). അദ്ദേഹത്തിന്റെ ടെന്നീസ് പാര്‍ട്ട്ണര്‍ സ്വര്‍ഗാനുരാഗവുമായുള്ള മേഖലകളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. മൂന്നാമത്തെ നോവല്‍ കട്ടിംഗ് ഫോര്‍ സ്റോണ്‍ എല്ലാ ഡോക്ടര്‍മാരും തലയിണയ്ക്കിടയില്‍ വെയ്ക്കേണ്ടതാണ്.

കേരളത്തില്‍ ഒട്ടേറെ ഗവേഷണ സ്ഥാപനങ്ങളുണ്ട്. പക്ഷെ ആശയ ദാരിദ്യ്രമാണ് ഇവിടുത്തെ പ്രശ്നം. അതിന് അമേരിക്കന്‍ മലയാളികള്‍ക്ക് സംഭാവനയര്‍പ്പിക്കാനാവും. അമേരിക്കയാണ് ലോകത്തില്‍ ഏറ്റവും അധികം വിജ്ഞാനം ഉത്പാദിപ്പിക്കുന്നത്. അല്ലാതെ ആയുധ ശക്തിയായല്ല. കേരളത്തില്‍ ഗവേഷണം നടത്തുന്ന ഒരാള്‍ നോബല്‍ സമ്മാനം നേടുകയെന്നത് തന്റെ സ്വപ്നമാണ്- അദ്ദേഹം പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോസഫ്