രണ്ട് ക്നാനായ വൈദീകര്‍ കോര്‍എപ്പിസ്കോപ്പ പദവിയിലേക്ക്
Monday, July 7, 2014 5:12 AM IST
ന്യൂയോര്‍ക്ക്: മലങ്കര സിറിയന്‍ ക്നാനായ ആര്‍ച്ച് ഡയോസിസിന്റെ മേഖലയായ അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റിയുടെ വികാരി ജനറാള്‍ ആയും, എന്‍.എ.കെ.സി അസോസിയേഷന്‍ പ്രസിഡന്റും, ഡാളസ് സെന്റ് തോമസ് ക്നാനായ പള്ളിയുടെ വികാരിയുമായി സേവനം അനുഷ്ഠിച്ചുവരുന്ന ബഹു. മൂഴിയില്‍ എം.എസ്. ചെറിയാന്‍ അച്ചനും, മുന്‍ വികാരി ജനറാള്‍, അസോസിയേഷന്‍ പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും, വിവിധ ഇടവകകളില്‍ സ്ഥാപക വികാരിയായി സേവനം അനുഷ്ഠിക്കുകയും ചെയ്ത ബഹു. ചാലുവേലില്‍ സി.എം. പുന്നൂസ് അച്ചനും ആര്‍ച്ച് ബിഷപ്പ് സില്‍വാനോസ് ആയൂബ് മെത്രാപ്പോലീത്ത കോര്‍ എപ്പിസ്കോപ്പ സ്ഥാനം നല്‍കി.

ന്യൂയോര്‍ക്കിലെ യോങ്കേഴ്സ് സെന്റ് പീറ്റേഴ്സ് വലിയ പള്ളിയില്‍ വെച്ച് വിശുദ്ധ പത്രോസ് പൌലോസ് ശ്ശീഹന്മാരുടെ നോമ്പിനോടനുബന്ധിച്ച് ജൂണ്‍ 28-ന് നടന്ന വിശുദ്ധ കുര്‍ബാന മധ്യേ ആര്‍ച്ച് ബിഷപ്പ് ആയൂബ് സില്‍വാനോസ് തിരുമേനി, ദേവാലയം തിങ്ങിനിറഞ്ഞ വിശ്വാസി സമൂഹത്തിന്റേയും വൈദീക ശ്രേഷ്ഠരുടേയും സാന്നിധ്യത്തില്‍ ഇവരെ കോര്‍എപ്പിസ്കോപ്പ പദവിയിലേക്കുയര്‍ത്തി.

തദനന്തരം നടന്ന അനുമോദന സമ്മേളനം നവ കോര്‍എപ്പിസ്കോപ്പമാരെ ആദരിക്കുകയും അവര്‍ക്ക് കമ്യൂണിറ്റിയുടെ വകയായി ഉപഹാരങ്ങളും പൂച്ചെണ്ടുകളും നല്‍കി അഭിനന്ദിക്കുകയും ചെയ്തു. നവ കോര്‍എപ്പിസ്കോപ്പമാര്‍ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ കമ്യൂണിറ്റിയോടും, മെത്രാപ്പോലീത്ത സില്‍വാനോസ് തിരുമേനിയോടും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുമുള്ള കൂറും വിധേയത്വവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. സ്നേഹവിരുന്നോടുകൂടി ആരോഹണ ചടങ്ങുകള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം