ഹൃദ്രോഗവും സ്പോണ്‍സറുടെ പീഡനവും; ബഹ്റൈനില്‍ കോട്ടയം സ്വദേശിയുടെ ദുരിതത്തിന് അറുതിയായില്ല
Monday, July 7, 2014 4:31 AM IST
മനാമ: ബഹ്റൈനില്‍ ജോലിക്കെത്തി സ്പോണ്‍സറുടെ വഞ്ചനയ്ക്കിരയായ മലയാളി വിദഗ്ധ ചികിത്സയ്ക്ക് വഴിയില്ലാതെ ദുരിതത്തില്‍. കോട്ടയം സ്വദേശി ജയപ്രകാശാണ് ബഹ്റിന്‍ സ്വദേശിയായ സ്പോണ്‍സറുടെ ചതിവില്‍പ്പെട്ട് ഹൃദ്രോഗത്തിന് ചികിത്സ കിട്ടാന്‍പോലും വിഷമിക്കുന്നത്. പ്രശ്നം ഇന്ത്യന്‍ എംബസിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും കാര്യമായ പരിഗണന കിട്ടാത്തതിനാല്‍ ജയപ്രകാശ് നിരാശനാണ്. ഗുരുതരമായരീതിയില്‍ ബാധിച്ചിരിക്കുന്ന ഹൃദ്രോഗത്തിന് നാട്ടില്‍ എത്തി ചികിത്സ തേടാനുള്ള വഴി കാണാതെ വിഷമിക്കുന്നതിനതിടെയാണ് നാട്ടില്‍ ലോണ്‍ എടുത്ത് പണി തുടങ്ങിയ വീട് വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ജപ്തി ചെയ്യുമെന്ന ബാങ്ക് അധികൃതരുടെ ഭീഷണിയും.

കോട്ടയം കുമാരനല്ലൂര്‍ സ്വദേശിയായ ജയപ്രകാശ് വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലിയിലായിരുന്നു. 2012 ഡിസംബറില്‍ നാട്ടിലേക്ക് മടങ്ങി. വര്‍ഷങ്ങള്‍ ഏറെ ഗള്‍ഫില്‍ ചെലവഴിച്ചുവെങ്കിലും സ്വന്തമായി ഒരു വീടുണ്ടാക്കാനുള്ള വകയൊന്നും മിച്ചംവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ബാങ്ക് വായ്പയെടുത്ത് വീട് വയ്ക്കാനുള്ള ഉദ്ദേശത്തോടെ നാട്ടില്‍ തിരിച്ചെത്തിയത്. എന്‍ആര്‍ഐ വായ്പയായി ലോണ്‍ കിട്ടി, വീട് പണി തുടങ്ങിവച്ചു. ഇതിനിടെയാണ് നേരത്തെ പരിചയമുണ്ടായിരുന്ന ബഹ്റൈന്‍ സ്വദേശി ബദര്‍ അമര്‍ അലി, തന്റെ നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനായി മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ജയപ്രകാശിനെ വീണ്ടും അങ്ങോട്ട് ക്ഷണിച്ചത്. പരിചയക്കാരായ മൂന്നുപേരെയും സ്പോണ്‍സറുടെ നിര്‍ദേശപ്രകാരം ജയപ്രകാശ് കൂട്ടിക്കൊണ്ടുപോയിരുന്നു.

എന്നാല്‍, ബഹ്റൈനിലെത്തിയ നാലുപേര്‍ക്കും നേരിടേണ്ടിവന്നത് സ്പോണ്‍സറുടെ പുതിയ മുഖമായിരുന്നു. പറഞ്ഞതിന്റെ നാലിലൊന്നു ശമ്പളം പോലും നല്‍കാന്‍ സ്പോണ്‍സര്‍ തയാറായില്ല. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാന്‍ വിസമ്മതിച്ചതിന് സ്പോണ്‍സറില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിടേണ്ടിവന്നു. തനിക്ക് ഇത്ര ശമ്പളമേ തരാന്‍ കഴിയൂവെന്നും വേണമെങ്കില്‍ നിങ്ങള്‍ സ്വന്തമായി ജോലി ചെയ്ത് പണമുണ്ടാക്കിക്കൊള്ളൂവെന്നും സ്പോണ്‍സര്‍ ബദര്‍ അമര്‍ അലി നിര്‍ദേശം വച്ചു. തന്റെ പേരില്‍ ചെയ്യുന്ന ജോലിക്ക് പ്രതിഫലമായി മാസം 600 ബഹ്റൈന്‍ ദിനാര്‍ നല്‍കണമെന്നും സ്പോണ്‍സര്‍ ആവശ്യപ്പെട്ടു. തന്റെ വാക്കുവിശ്വസിച്ച് ഇറങ്ങിത്തിരിച്ച മറ്റു മൂന്നുപേരുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥയോര്‍ത്തപ്പോള്‍ ഈ നിര്‍ദേശത്തിന് വഴങ്ങാന്‍ ജയപ്രകാശ് തീരുമാനിക്കുകയായിരുന്നു. നാലുപേരും ചേര്‍ന്ന് ജോലി ചെയ്താല്‍ സ്പോണ്‍സര്‍ക്കു കൊടുക്കേണ്ട പണം കഴിഞ്ഞ് ഒരുവിധം കാര്യമായ വരുമാനം തങ്ങള്‍ക്കുണ്ടാകുമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

അതേസമയം, പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍ സംഭവിച്ചത്. ഉദ്ദേശിച്ചത്ര വര്‍ക്കുകള്‍ ഇവര്‍ക്കു കിട്ടിയില്ല. മാത്രമല്ല ഇവര്‍ ഏറ്റെടുത്തു ചെയ്യുന്ന ജോലിയുടെ പ്രതിഫലം സ്പോണ്‍സര്‍ നേരിട്ട് ഉപഭോക്താക്കളില്‍ നിന്നു വാങ്ങുകയും ചെയ്തു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലായി. തനിക്ക് മാസംതോറും തരാമെന്നേറ്റിരുന്ന പണം കിട്ടുന്നില്ലന്ന കാര്യം പറഞ്ഞ് സ്പോണ്‍സര്‍ വീണ്ടും പീഡനം ആരംഭിച്ചു. ഇതോടെ അവസാന മാര്‍ഗമെന്ന നിലയില്‍ ജയപ്രകാശും സുഹൃത്തുക്കളും ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. ബദര്‍ അമര്‍ അലിയുടെ കീഴിലുള്ള ജോലി അവസാനിപ്പിച്ച് നാലുപേരും നാട്ടിലേക്ക് മടങ്ങുകയാണെന്നും ഇവരുടെ പിടിച്ചുവച്ചിരിക്കുന്ന പാസ്പോര്‍ട്ട് വിട്ടുകൊടുക്കണമെന്നുമെന്നുമുള്ള ഇന്ത്യന്‍ എംബസിയുടെ ആവശ്യത്തെ പൂര്‍ണമായും അംഗീകരിക്കാന്‍ സ്പോണ്‍സര്‍ തയാറായില്ല. നാലുപേരെയും ഒന്നിച്ചു ജോലിയില്‍ നിന്ന് ഒഴിവാക്കിയാല്‍ തന്റെ ബിസിനസിനെ അതു ബാധിക്കുമെന്നും ഇതിനാല്‍ ആദ്യഘട്ടമായി രണ്ടുപേരെയും പിന്നീട് മറ്റുള്ളവരെയും വിടാമെന്ന നിര്‍ദേശം സ്പോണ്‍സര്‍ മുന്നോട്ടുവച്ചു. ഇതനുസരിച്ച് രണ്ടുപേര്‍ നാട്ടിലേക്ക് മടങ്ങി. ജയപ്രകാശും പത്തനംതിട്ട സ്വദേശി സതീഷും ബഹ്റൈനില്‍ തുടര്‍ന്നു.

ഭക്ഷണമടക്കമുള്ള അനുദിന ചെലവുകള്‍ക്കുപോലും പണമില്ലാതെ വിഷമിക്കുന്നതിനിടെയാണ് ജയപ്രകാശ് ഹൃദ്രോഗബാധയെ തുടര്‍ന്ന് ആശുപത്രിയിലായത്. തന്റെ പഴയ ചില സുഹൃത്തുക്കളുടെ കാരുണ്യത്തിലാണ് ആശുപത്രി ചെലവുകള്‍ ജയപ്രകാശ് നടത്തിയത്. എത്രയും പെട്ടെന്ന് ഹൃദ്രോഗത്തിന് ആന്‍ജിയോപ്ളാസ്റി ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. നാട്ടിലെത്തി ശസ്ത്രക്രിയ ചെയ്യാമെന്ന കണക്കുകൂട്ടലില്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടെങ്കിലും ഒരു ദിവസംപോലും വിശ്രമിക്കാന്‍ കഴിയാതെ വീണ്ടും ഉടന്‍തന്നെ ജയപ്രകാശിന് സ്പോണ്‍സറുടെ നിര്‍ബന്ധത്തെതുടര്‍ന്ന് ജോലിക്ക് കയറേണ്ടിവന്നു. ഈ ശാരീരിക വിഷമതകളാലും തന്റെയും താന്‍ കാരണം ബുദ്ധിമുട്ടിലായ സഹപ്രവര്‍ത്തകരുടെയും അവസ്ഥയെക്കുറിച്ചുള്ള ആകുലതയാലും മനസ് അസ്വസ്ഥമായ ജയപ്രകാശിന് വീണ്ടും ഹൃദ്രോഗബാധയുണ്ടായി. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും ഇതിനു വഴി കാണാതെ വിഷമിക്കുകയാണ് ജയപ്രകാശ്. ഈ ദുരിത അവസ്ഥയില്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ശസ്ത്രക്രിയ ബഹ്റൈനില്‍ ചെയ്യാന്‍ കഴിയുന്നതെങ്ങനെ. ഇതിനിടെ സ്പോണ്‍സര്‍ക്കെതിരേ ഇന്ത്യന്‍ എംബസിയില്‍ വീണ്ടും പരാതി നല്‍കുകയും രോഗിയായ തന്നെ നാട്ടിലെത്തിക്കാനുള്ള വഴിതുറക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തെങ്കിലും എംബസി അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്ന് ജയപ്രകാശ് പറഞ്ഞു.

ഭാര്യയും സ്കൂള്‍ വിദ്യാര്‍ഥികളായ രണ്ടു കുഞ്ഞുങ്ങളും പാതിവഴിയില്‍ പണി നിര്‍ത്തിയ വീടുമാണ് ജയപ്രകാശിനുള്ളത്. ഈ വീട് നിര്‍മാണത്തിനായി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയെന്ന കാരണത്തില്‍ പലതവണ ബാങ്ക് മാനേജര്‍ നേരിട്ടെത്തി ജപ്തി ഭീഷണി മുഴക്കി. ജയപ്രകാശിന്റെ രോഗവും ദുരിതവും നിറഞ്ഞ പ്രവാസി ജീവിതത്തിന്റെ ആകുലതയില്‍ ഇരിക്കുന്ന ഭാര്യയും കുട്ടികളും ഇന്ന് കയറിക്കിടക്കാനുള്ള കൂരകൂടി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. ജയപ്രകാശിന്റെ വിഷയത്തില്‍ ബഹ്റൈനിലെ മലയാളി സാമൂഹ്യപ്രവര്‍ത്തകനായ കെ.ടി.സലിമിന്റെ നേതൃത്വത്തില്‍ വിവിധ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ചില മാധ്യമപ്രവര്‍ത്തകരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.

ജയപ്രകാശിനെക്കുറിച്ചുള്ള വാര്‍ത്ത 'ദീപിക ഡോട്ട് കോമി'ല്‍ വന്നതിനെതുടര്‍ന്നു വിവിധയിടങ്ങളില്‍ ഇടപെടലുകളുണ്ടായെങ്കിലും നാടണയാനോ ചികിത്സ ലഭ്യമാകുന്നതിനോയുള്ള വഴി ഇപ്പോഴും തെളിഞ്ഞിട്ടില്ല. എങ്കിലും സഹായിക്കാന്‍ രംഗത്തുള്ള സംഘടനകളും വ്യക്തികളും പ്രതീക്ഷയിലാണ് ഇപ്പോഴും, അവര്‍ക്കൊപ്പം ജയപ്രകാശും.

പല തലത്തില്‍ നിന്നുള്ള ഇടപെടലുകളുടെ ഫലമായി സ്പോണ്‍സര്‍, നേരത്തെ ആവശ്യപ്പെട്ടിരുന്ന 3000 ബഹ്റൈനി ദിനാറിന് പകരം 1,200 ദിനാര്‍(ഏകദേശം 1,90,000 ഇന്ത്യന്‍ രൂപ) നല്‍കിയാല്‍ പാസ്പോര്‍ട്ട് തിരിച്ചുനല്‍കി നാട്ടിലേക്ക് പോകാന്‍ അനുവദിക്കാമെന്ന് അറിയിച്ചു. ഇതുവീണ്ടും കുറച്ചുകിട്ടിയാല്‍ ആരെങ്കിലും സഹായിച്ച് നാട്ടിലേക്ക് പോകാമെന്നും ചികിത്സ തേടാമെന്നും പ്രതീക്ഷിച്ചിരിക്കുകയാണ് ജയപ്രകാശ്. എന്നാല്‍ ഇതുവരെയും കൃത്യമായ വഴി മുന്നില്‍ തെളിയാത്തതിനാല്‍ ആശങ്കയിലാണ് ജയപ്രകാശും കുടുംബവും. ഗുരുതര രോഗാവസ്ഥയിലായ ഭര്‍ത്താവിനെ എങ്ങനെയും നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കാന്‍ ആഗ്രഹിക്കുന്ന ഭാര്യ ചിത്രയുടെയും രണ്ടു കുട്ടികളുടെയും മുന്നില്‍ വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ് ഈ വലിയ തുക. ആകെയുള്ള അഞ്ചുസെന്റ് സ്ഥലം ബാങ്കില്‍ പണയത്തിലാണ്. തിരിച്ചടവ് മുടങ്ങിയതിനാല്‍ ബാങ്കുകാര്‍ ജപ്തിഭീഷണി മുഴക്കുന്നു. ഈ പ്രാരാബ്ധത്തിനിടെയാണെങ്കിലും ജയപ്രകാശിനെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നടത്താമെന്നു പ്രതീക്ഷയുണ്ട് കുടുംബത്തിന്. സഹായത്തിനായി പല വഴികളും മുന്നില്‍ തെളിയുമെന്നു പ്രതീക്ഷിക്കുകയാണ് അവര്‍. ജയപ്രകാശിന്റെ ഫോണ്‍ നമ്പര്‍: 0097336795958. നാട്ടിലെ അക്കൌണ്ട് നമ്പര്‍: 20013720662, (ഇവശവൃേമ ടലസവമൃ) എസ്ബിഐ തിരുനക്കര ബ്രാഞ്ച്, കോട്ടയം കഎടഇ ഇീറല: ടആകച0008633.