കെഎസ്സി ബാലവേദി വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനം വിവിധ പരിപാടികളോടെ ആഘോഷിച്ചു
Saturday, July 5, 2014 8:27 AM IST
അബുദാബി: ഗള്‍ഫിലെ പിഞ്ചോമനകളുടെ പ്രഥമവേദിയായ കെഎസ്സി ബാലവേദിയുടെ ഇരുപത്തെട്ടാം വാര്‍ഷിക പ്രവര്‍ത്തനോദ്ഘാടനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു.

ബാലവേദി കുട്ടികളുടെ പൂര്‍ണനിയന്ത്രണത്തില്‍ അരങ്ങേറിയ പ്രവര്‍ത്തനോദ്ഘാടനം കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എം.യു. വാസു നിര്‍വഹിച്ചു.

ബാലവേദി പ്രസിഡന്റ് ആഷിഖ് താജുദ്ദീന്റെ അധ്യക്ഷതയില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടിയും വനിതാ വിഭാഗം കണ്‍വീനര്‍ രമണി രാജനും വിവിധ സംഘടനാ ബാലവേദികളെ പ്രതിനിധീകരിച്ചുകൊണ്ട് സുരഭി നജി (ഇന്ത്യ സോഷ്യല്‍ സെന്റര്‍), അപര്‍ണ (അബുദാബി മലയാളി സമാജം), ഫസല്‍ ഇര്‍ഷാദ് (ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍), അഖില്‍ അഫ്നാന്‍ (അബുദാബി ശക്തി തിയറ്റേഴ്സ്), മീനാക്ഷി ജയകുമാര്‍ (യുവകലാസാഹിതി), ഹരികൃഷ്ണന്‍ ഗംഗാധരന്‍ (കല അബുദാബി) എന്നിവരും ആശംസകള്‍ നേര്‍ന്നു.

ചടങ്ങില്‍ ബാലവേദി സെക്രട്ടറി റെയ്ന റഫീഖ് സ്വാഗതവും വൈസ് പ്രസിഡന്റ് ആതിര ശശീധരന്‍ നന്ദിയും പറഞ്ഞു.

തുടര്‍ന്ന് അരങ്ങേറിയ കലാ പരിപാടികളില്‍ മാതൃഭാഷയെ കുറിച്ചുള്ള ഡോക്കുമെന്ററി നന്ദിത കൃഷ്ണകുമാര്‍ അവതരിപ്പിച്ചു. ഒഎന്‍വിയുടെ 'ഭൂമിക്കൊരു ചരമഗീതം' എന്ന കവിതയെ ആസ്പദമാക്കി ബാലവേദി കൂട്ടുകാര്‍ സംഗീതം പകര്‍ന്ന് സായന്ത്, ലിയ, ദേവിക എന്നിവര്‍ അവതരിപ്പിച്ച കഥാ പ്രസംഗവും മധുപരവൂരിന്റെ സംവിധാനത്തില്‍ ബാലവേദി കൂട്ടുകാര്‍ അവതരിപ്പിച്ച 'അമ്മയോട്' എന്ന നാടകവും ശ്രീസുധയും സംഘവും അവതരിപ്പിച്ച സംഘനൃത്തവും ബാലവേദി കൂട്ടുകാരുടെ സര്‍ഗപ്രകടനമായി മാറി. തുടര്‍ന്ന് നടന്ന ഗാനമേളയില്‍ അഖില്‍, കീര്‍ത്തി, അനന്തു, മീനാക്ഷി, കല്യാണി, സ്വാതി, ഹിബ, ആതിര, റെയ്ന എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള