പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം: നവോദയ മക്ക
Saturday, July 5, 2014 8:20 AM IST
മക്ക: സീസണ്‍ തിരക്ക് മുതലെടുത്ത് ദേശീയ വിമാന കമ്പനിയായ എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികള്‍ വന്‍ തോതില്‍ വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് നവോദയ മക്ക ഏരിയ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സ്വന്തം ചെലവില്‍ വിമാന ടിക്കറ്റ് എടുത്ത് നാട്ടില്‍ പോകുന്ന സാധാരണ പ്രവാസികള്‍ക്ക് താങാന്‍ കഴിയുന്നതിനും അപ്പുറം ആണ് ഭീമമായ ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് കാരണം പലരും അത്യാവശ്യത്തിനു പോലും നാട്ടില്‍ പോകാന്‍ കഴിയാത്ത അവസ്ഥയാണ്.

എയര്‍ ഇന്ത്യ അടക്കമുള്ള വിമാന കമ്പനികളുടെ വിമാന ടിക്കറ്റ് ചാര്‍ജ് വര്‍ധനവ് സീസണ്‍ കാലത്ത് തടയുവാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടണം. നവോദയ മക്ക ഏരിയ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് കെ. മൊയ്തീന്‍കോയ പുതിയങ്ങാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എച്ച് ഷിജു പന്തളം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഹമ്മദ് റഫീക്ക് കോട്ടക്കല്‍, കെ.പി.റഷീദ് വടകര, എം.കെ.അബ്ദുള്‍ സമദ് ഈങ്ങാപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. ഏരിയ കമ്മിറ്റി ജോയിന്റ് സെക്രട്ടറി ഷിഹാബുദ്ദീന്‍ കോഴിക്കോട് സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ഇഖ്ബാല്‍ മണക്കാടന്‍ നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍