പി.കെ. ചന്ദ്രാനന്ദന്റെ ജീവിതം രാഷ്ട്രീയപ്രവര്‍ത്തകര്‍ക്ക് മാതൃക
Saturday, July 5, 2014 8:20 AM IST
റിയാദ്: മനുഷ്യര്‍ക്കാകെ മൂല്യബോധം നഷ്ടപ്പെടുത്താതെ ജീവിക്കാന്‍ സാധിക്കുന്ന ഒരു സാമൂഹ്യാവസ്ഥ സൃഷ്ടിച്ചെടുക്കാനുള്ള ധീരോദാത്തവും ത്യാഗോജ്വലവുമായ പോരാട്ടങ്ങളുടെ പരമ്പരയാക്കി സ്വന്തം ജീവിതത്തെ മാറ്റിയെടുത്ത ധീര വ്യക്തിത്വമാണ് പി.കെ. ചന്ദ്രാനന്ദനെന്ന് കേളി അനുശോചനപ്രമേയത്തില്‍ പറഞ്ഞു.

ഐതിഹാസികമാനങ്ങളുള്ള ആ ചടുലമായ ജീവിതം യഥാര്‍ഥത്തില്‍ ആധുനിക കേരളത്തിന്റെ പ്രത്യേകിച്ച് തിരുവിതാംകൂറിന്റെയും മധ്യതിരുവിതാംകൂറിന്റെയും സാമൂഹിക രാഷ്ട്രീയ മാറ്റങ്ങളുടെ ചരിത്രത്തിന്റെ തന്നെ പര്യായമാണെന്നും അനുശോചനപ്രമേയത്തില്‍ പറയുന്നു. സാധാരണക്കാരനായി ജനിച്ച് സാധാരണക്കാര്‍ക്കിടയില്‍ സാധാരണക്കാര്‍ക്കുവേണ്ടി സാധാരണക്കാരനായി ജീവിച്ച പി.കെ. ചന്ദ്രാനന്ദന്റെ സംശുദ്ധവും ലളിതവുമായ ജീവിതം രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയാണെന്ന് കേളി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

റിയാദ് സണ്‍സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന അനുശോചനയോഗത്തില്‍ കേളി മുഖ്യ രക്ഷാധികാരി കെ.ആര്‍. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കേളി സെക്രട്ടറിയും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ റഷീദ് മേലേതില്‍ അനുശോചനപ്രമേയം അവതരിപ്പിച്ചു. കേളി പ്രസിഡന്റും കേന്ദ്ര രക്ഷാധികാരി സമിതി അംഗവുമായ മുഹമ്മദ്കുഞ്ഞ് വള്ളിക്കുന്നം മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ രാജീവന്‍, കുഞ്ഞിരാമന്‍, കേളി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും സാംസ്കാരിക വിഭാഗം കണ്‍വീനറുമായ ദയാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍