കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മലയാളി മരിച്ചു
Saturday, July 5, 2014 8:16 AM IST
റിയാദ്: ഇവിടെ നിന്നും 50 കിലോമീറ്റര്‍ അകലെ അല്‍ ഖര്‍ജ് റോഡില്‍ അറ്റകുറ്റപ്പണികള്‍ നടന്നു കൊണ്ടിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല മരത്തൂര്‍വട്ടം അപ്പുക്കുട്ടന്‍ നായര്‍ വിജയമ്മ - ദമ്പതികളുടെ മകന്‍ രതീഷ് അപ്പുക്കുട്ടന്‍ നായര്‍ (34) ആണ് കഴിഞ്ഞ ദിവസം രാത്രി അപകടത്തില്‍ മരിച്ചത്.

കെട്ടിട കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തി വരികയായിരുന്ന രതീഷ് ആറു വര്‍ഷമായി റിയാദിലുണ്ട്. അല്‍ ഖര്‍ജ് റോഡില്‍ ചെക്ക്പോയന്റിനു സമീപം കരാറെടുത്ത കെട്ടിടത്തിന്റെ അവസാന മിനുക്കുപണികള്‍ പരിശോധിക്കുന്നതിനിടെ കാല്‍വഴുതി വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വീഴ്ചയുടെ ആഘാതത്തില്‍ തല്‍ക്ഷണം മരണം സംഭവിച്ചു.

ഭാര്യ പ്രവീണ റിയാദിലെ ഒരു സ്വകാര്യ പോളിക്ളിനിക്കില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയാണ്. ഒരു വര്‍ഷത്തോളമായി അവധിയിലായിരുന്ന പ്രവീണയും എട്ടു മാസം പ്രായമുള്ള മകന്‍ വിനായകും അടുത്ത മാസം നാട്ടില്‍ പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് രതീഷിന് അപകടം സംഭവിച്ചത്.

റിയാദിലെ ഷുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കേളി ജീവകാരുണ്യ വിഭാഗവും ഷുമൈസി യൂണിറ്റ് പ്രസിഡന്റ് സലീമിന്റേയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍