സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി കൂദാശ ചെയ്തു
Saturday, July 5, 2014 8:14 AM IST
ന്യൂജേഴ്സി: മലങ്കര ആര്‍ച്ച് ഡയോസിസില്‍ ഉള്‍പ്പെട്ട ന്യൂജേഴ്സി, വാണാക്യൂ സെന്റ് ജയിംസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശയും വി. മോര്‍ യാക്കോബാ ശ്ശീഹായുടെ ഓര്‍മപ്പെരുന്നാളും ജൂണ്‍ 20,21 (വെള്ളി, ശനി) തീയതികളില്‍ ഭക്ത്യാദരപൂര്‍വം ആഘോഷിച്ചു.

മലങ്കര ആര്‍ച്ച് ഡയോസിസിന്റെ കീഴില്‍ ന്യൂജേഴ്സിയില്‍ ആരംഭിച്ച രണ്ടാമത്തെ ദേവാലയമായ സെന്റ് ജയിംസ് ഇടവകയ്ക്കുകൂടി സ്വന്തമായ ആരാധനാലയം ഉണ്ടായതോടൂകൂടി ന്യൂജേഴ്സിയിലെ എല്ലാ ഇടവകകളും സ്വന്തമായ ആരാധനാലയം എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

20-ന് വൈകുന്നേരം ഭദ്രാസന മെത്രാപോലീത്തായും പാത്രിയര്‍ക്കല്‍ വികാരിയുമായ യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്ത പള്ളിയിലേക്ക് എഴുന്നെള്ളി വന്നപ്പോള്‍ ചെണ്ടമേളങ്ങളുടെ അകമ്പടിയോടുകൂടി ചുവന്ന പരവതാനി വിരിച്ച് പരമ്പരാഗത രീതിയില്‍ മെത്രാപോലീത്തയെ പുതിയ ദേവാലയത്തിലേക്ക് സ്വീകരിച്ച് ആനയിച്ചു. ദേവാലയ കവാടത്തില്‍ ഇടവക വികാരി വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ തിരുമേനിക്ക് കത്തിച്ച മെഴുകുതിരി നല്‍കി സ്വീകരിച്ചു. ലുത്തിനിയയ്ക്കുശേഷം ദേവാലയത്തിലെ വിളക്ക് തിരുമേനി കത്തിച്ചു.

സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് മോര്‍ തീത്തോസ് തിരുമേനിയുടെ മുഖ്യകാര്‍മികത്വത്തിലും വന്ദ്യ ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പയുടേയും (വികാരി), വന്ദ്യ വര്‍ക്കി മുണ്ടയ്ക്കല്‍ കോര്‍എപ്പിസ്കോപ്പ, ഫാ.ഡോ. എ.പി ജോര്‍ജ്, ഫാ. വിജു ഏബ്രഹാം, ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി, ഫാ. വര്‍ഗീസ് പോള്‍ എന്നിവരുടേയും സഹകാര്‍മികത്വത്തിലും ശിലാസ്ഥാപന ശശ്രൂഷയും ദേവാലയ കൂദാശയുടെ ഒന്നാംഘട്ടവും നടത്തപ്പെട്ടു. ദേവാലയത്തിലെ അംഗങ്ങളും, സന്നിഹിതരായ വിശ്വാസിസമൂഹവും പ്രത്യേകം തയാറാക്കിയ ചെപ്പില്‍ കുന്തിരിക്കം സമര്‍പ്പിച്ചതിനുശേഷം അത് കുതിരാകൃതിയിയില്‍ നിര്‍മിച്ച അടിസ്ഥാന ശിലയില്‍ ഭദ്രമായി നിക്ഷേപിച്ചതിനുശേഷം ഇടവക മെത്രാപ്പോലീത്ത അടിസ്ഥാന ശില ദേവാലയ മദ്ബഹയില്‍ സ്ഥാപിച്ചു. ദേവാലയ കൂദാശയുടെ ഒന്നാം ഭാഗം പൂര്‍ത്തീകരിച്ചതിനുശേഷം ആശീര്‍വാദം, ഡിന്നര്‍ എന്നിവയോടെ ഒന്നാം ദിവസത്തെ ചടങ്ങുകള്‍ അവസാനിച്ചു.

21-ന് (ശനി) രാവിലെ 8.30-ന് പ്രഭാത പ്രാര്‍ഥനയും തുടര്‍ന്ന് ദേവാലയ കൂദാശയുടെ രണ്ടാംഘട്ട ശുശ്രൂഷകളും നടന്നു. വി. മൂറോന്‍ ദേവാലയവും വി. മദ്ബഹയും, വി. ത്രോണോസും തബ്ലൈത്താ പലകകളും മുദ്രകുത്തപ്പെട്ടു. സ്ളീബാ ആഘോഷിച്ച് വി. ത്രോണിസില്‍ പ്രതിഷ്ഠിച്ചതോടെ ദേവാലയ കൂദാശ പൂര്‍ത്തിയായി. ഇതേതുടര്‍ന്ന് വി. കുര്‍ബാന അനുഷ്ഠിക്കപ്പെട്ടു. യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ശുശ്രൂഷകളില്‍ കോര്‍എപ്പിസ്കോപ്പമാരായ ഗീവര്‍ഗീസ് ചട്ടത്തില്‍ (വികാരി), വന്ദ്യ ഡേവിഡ് ചെറുതോട്ടില്‍, വന്ദ്യ വര്‍ക്കി മുണ്ടയ്ക്കല്‍, വന്ദ്യ ഗീവര്‍ഗീസ് മരുന്നിനാല്‍ എന്നിവരും വൈദീകരായ ഫാ. പോള്‍ പറമ്പത്ത് (ഭദ്രാസന ജോയിന്റ് സെക്രട്ടറി), ഫാ. ജോയി ജോണ്‍, ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശേരി (ഭദ്രാസന കൌണ്‍സില്‍ അംഗം), ഫാ. ജോസഫ് വര്‍ഗീസ്, ഫാ. ജെറി ജേക്കബ് എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഡീക്കന്‍ ഷെറില്‍ മത്തായി. ഡീക്കന്‍ വിവേക് അലക്സ് എന്നിവരും നിരവധി വിശ്വാസികളും രണ്ടു ദിവസങ്ങളിലായി നീണ്ടുനിന്ന ദിവ്യ ശുശ്രൂഷകളിലും പെരുന്നാളിലും സംബന്ധിച്ചു.

പള്ളി കൂദാശ വി. കുര്‍ബാനയോടെ പൂര്‍ത്തീകരിക്കപ്പെട്ടു. വി. കുര്‍ബാനാന്തരം നടന്ന പൊതുയോഗത്തില്‍ ഭദ്രാസന മെത്രാപോലീത്ത അധ്യക്ഷതവഹിച്ചു. ഫാ. പോള്‍ പറമ്പത്ത് (ഭദ്രാസന ജോയിന്റ് സെക്രട്ടറി), സാജു പൌലോസ് മാറോത്ത് (ഭദ്രാസന ട്രഷറര്‍), കമാന്‍ഡര്‍ ജോബി ജോര്‍ജ് (ഭദ്രാസന ജോയിന്റ് ട്രഷറര്‍), ഫാ. ഗീവര്‍ഗീസ് ജേക്കബ് (മുന്‍ വികാരി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക ട്രസ്റി സിമി ജോസഫ് പള്ളി പിന്നിട്ട കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പള്ളി വികാരി ഗീവര്‍ഗീസ് ചട്ടത്തില്‍ കോര്‍എപ്പിസ്കോപ്പ സ്വാഗതവും പള്ളിയുടെ വൈസ് പ്രസിഡന്റ് ബിജു കുര്യന്‍ മാത്യൂസ് നന്ദിയും പറഞ്ഞു. പള്ളി സെക്രട്ടറി മെവിന്‍ തോമസ് എംസിയായിരുന്നു. ഇടവകയുടെ ഉപഹാരമായി വടിയും ശ്ശീബായും മെത്രാപോലീത്തയ്ക്ക് സമര്‍പ്പിച്ചു.

ഇടവകയ്ക്ക് നേതൃത്വം നല്‍കുന്ന വികാരി അച്ചന് ഇടവകയില്‍ നിന്ന് നല്‍കിയ മാല ഭദ്രാസന മെത്രാപോലീത്ത അണിയിച്ചു. ഇടവകയിലെ സണ്‍ഡേസ്കൂള്‍ കുട്ടികള്‍ സമാഹരിക്കുന്ന ചാരിറ്റിയുടെ ഉദ്ഘാടനവും ഇടവകയില്‍ ആരംഭിക്കുന്ന മലയാളം കളരിയുടെ ഉദ്ഘാടനവും തദവസരത്തില്‍ മോര്‍ തീത്തോസ് തിരുമേനി നിര്‍വഹിച്ചു. പൊതുയോഗത്തിനുശേഷം പള്ളിക്കു ചുറ്റും പ്രദക്ഷിണവും തുടര്‍ന്ന് ആശീര്‍വാദവും സ്നേഹവിരുന്നും നടത്തപ്പെട്ടതോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്കും പള്ളി കൂദാശയ്ക്കും തിരശീല വീണു. ഇടവക ഭരണസമിതിയിലെ ഭാരവാഹികളും കുര്യന്‍ സ്കറിയ (ജനറല്‍ കണ്‍വീനര്‍), വിവിധ കമ്മിറ്റികളുടെ ചുമതലക്കാര്‍, സോണിയ ആകര്‍ഷ് (സണ്‍ഡേ സ്കൂള്‍ ഹെഡ്മിസ്ട്രസ്), മോളി പൌലോസ് (മാര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറി), ഇടവകാംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പുന്നൂസ് കുട്ടി ജേക്കബ് (പബ്ളിസിറ്റി കണ്‍വീനര്‍) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം