തെക്കേപ്പുറം കൂട്ടായ്മ ടിക്കറ്റ് നല്കി; റംല നാട്ടിലെത്തി
Friday, July 4, 2014 5:03 AM IST
ദമാം: ഏജന്റിന്റെ കെണിയില്‍ കുടുങ്ങി വീട്ടുജോലിക്കെത്തി ദുരിതത്തിലായ മലയാളി സ്ത്രീ നാട്ടിലേക്ക് മടങ്ങി. തൊഴില്‍ കരാറില്ലാതെ എത്തിയ കോഴിക്കോട് നടക്കാവ് അമ്പാട്ട് വീട്ടില്‍ റംല (46) യാണ് കഴിഞ്ഞ ദിവസം വിമാനം കയറിയത്.

നേരത്തെ രണ്ടര വര്‍ഷത്തോളം ജിദ്ദയില്‍ വീട്ടു ജോലി ചെയ്തിരുന്ന റംല നാട്ടിലേക്ക് മടങ്ങി ചെറിയ ഒരിടവേളക്ക് ശേക്ഷമാണ് വീണ്ടും ഖത്തീഫില്‍ എത്തുന്നത്. ഗള്‍ഫ് നാടുകളിലേക്ക് സ്ത്രീകളെ അയക്കുന്ന മൊയ്തു എന്ന എജന്റ് റംലയെ തേടിയെത്തുകയായിരുന്നു. ഇയാളുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചാണ് റംല വീണ്ടും വീട്ടു വേലക്കാരിയാകാന്‍ തീരുമാനിച്ചത്. ഇതേ എജന്റ് ഗള്‍ഫിലയച്ച നിരവധി സ്ത്രീകളെ അവരുടെ ദുരിതങ്ങളില്‍ നിന്ന് മോചിപ്പിച്ചു നവയുഗം സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ നാട്ടിലെത്തിച്ചിട്ടുണ്ട്.

ചെറുപ്പത്തിലെ അനാഥയായ റംല അനാഥലയത്തിലാണ് വളര്‍ന്നത്. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ ഇവര്‍ ഇരുപത്തൊന്‍പതാമത്തെ വയസ്സില്‍ വിധവയായി. ജിദ്ദയിലെ രണ്ടര വര്‍ഷത്തെ പ്രവാസം കൊണ്ട് നേടിയ സമ്പത്ത് കൊണ്ട് മകളെ വിവാഹം ചെയ്തയച്ചു.
രണ്ടു ആണ്‍കുട്ടികള്‍ കൂലിപ്പണിക്കും കടല്‍ മത്സ്യ ബന്ധനത്തിനും പോയാണ് കുടുംബം പുലര്‍ത്തുന്നത്. ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കാനുള്ള മാര്‍ഗ്ഗം തേടിയാണ് വീണ്ടും വിമാനം കയറിയത്. മൂന്ന് നിലയും ബേസ്മെന്റും ഉള്ള വലിയ വീട്ടിലെ ഏക ജോലിക്കാരിയായിരുന്നു റംല. കഠിന ജോലിയും ജോലിക്കിടയിലെ ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത പീഡനങ്ങള്‍ ഏറ്റു വങ്ങേണ്ടി വന്നതായും അവര്‍ പറഞ്ഞു.

ഒരിക്കല്‍ അടിയേറ്റു ചെവിയില്‍ നിന്ന് ചോര വന്നതോടെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടു ദമാമിലെ എംബസി സേവന കേന്ദ്രത്തില്‍ അഭയം തേടി. അവിടെ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നവയുഗം ജീവകാരുണ്യ പ്രവര്‍ത്തക സഫിയ അജിത് റംലയെ സന്ദര്‍ശിച്ചു പോലീസിന്റെ സഹായത്തോടെ ദമാം വനിതാ അഭയ കേന്ദ്രത്തില്‍ എത്തിച്ചു. സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ ഇവരെ നാട്ടില്‍ നിന്ന് കൊണ്ട് വരാന്‍ തനിക്ക് ചിലവായ 25000 റിയാല്‍ തന്നാല്‍ മാത്രമേ എക്സിറ്റ് നല്കൂ എന്നായിരുന്നു നിലപാട്. അല്ലാത്ത പക്ഷം തന്റെ വീട്ടില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ചാണ് കടന്നു കളഞ്ഞത് എന്ന് പരാതി നല്കുമെന്ന് ഭീക്ഷണിപ്പെടുത്തി. ചര്‍ച്ചകള്‍ക്കൊടുവില്‍ സ്പോണ്‍സര്‍ എക്സിറ്റ് അടിച്ചു നല്കുകയായിരുന്നു. തെക്കേപ്പുറം കൂട്ടായ്മ എടുത്ത് നല്കിയ ടിക്കറ്റ് സി.അബ്ദുള്‍ റസാഖ് തെക്കേപ്പുറം റംലയ്ക്ക് കൈമാറി. സഫിയ അജിത്, സൈനബി റസാഖ്, വഹദ കോയ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം വഹദ കോയ റംലയെ എയര്‍ പോര്‍ട്ടിലെത്തിച്ചു ജെറ്റ് എയര്‍വേയ്സില്‍ നാടിലെത്തിച്ചു.

റിപ്പോര്‍ട്ട്: അനില്‍ സി. കുറിച്ചിമുട്ടം