തമ്പി വിരുത്തിക്കുളങ്ങര ഡയറക്ടര്‍ ഇമേജിംഗ് ആന്‍ഡ് ഡയഗ്നോസ്റിക് പദവിയിലേക്ക്
Friday, July 4, 2014 4:57 AM IST
ഷിക്കാഗോ: ഷിക്കാഗോയിലെ പ്രശസ്ത ടീച്ചിംഗ് ഹോസ്പിറ്റലായ യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയി ഹോസ്പിറ്റല്‍ ആന്‍ഡ് ഹെല്‍ത്ത് സയന്‍സ് സിസ്റത്തിന്റെ അസോസിയേറ്റ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഇമേജിംഗ് ആന്‍ഡ് ഡയഗ്നോസ്റിക് പദവിയിലേക്ക് തമ്പി വിരുത്തുക്കുളങ്ങരയ്ക്ക് (ജോസ് ഏബ്രഹാം) സ്ഥാനക്കയറ്റം ലഭിച്ചു. ഹോസ്പിറ്റലിലെ തന്നെ റേഡിയോളജി വിഭാഗത്തിന്റെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടറായി ഇദ്ദേഹം നല്‍കിയ വിലയേറിയ സേവനങ്ങളും പ്രസ്തുത വിഭാഗം അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ക്കുള്ള അംഗീകാരവുമായി ലഭിച്ചതാണ് ഈ പ്രമോഷന്‍.

പുതിയ പദവിയില്‍ തമ്പി വിരുത്തിക്കുളങ്ങര റേഡിയോളജി, കാര്‍ഡിയോളജി, എന്‍ഡോസ്കോപ്പി, ലാബ് ഉള്‍പ്പടെ ആറോളം വിഭാഗങ്ങളുടെ മേധാവിയായി പ്രവര്‍ത്തിക്കും. ഈ വിഭാഗങ്ങള്‍ക്കായി 300 മില്യന്‍ ഡോളറാണ് വാര്‍ഷിക ബഡ്ജറ്റായി അനുവദിച്ചിട്ടുള്ളത്. അമേരിക്കയിലെതന്നെ ബൃഹത്തായ മെഡിക്കല്‍ സ്കൂളുകളില്‍ ഒന്നാണ് ഈ സ്ഥാപനം.

സ്ഥിരോത്സാഹവും അര്‍പ്പണബോധവുമുള്ള ഏതൊരു വ്യക്തിക്കും അമേരിക്കയില്‍ ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണ് തമ്പി വിരുത്തിക്കുളങ്ങരയ്ക്ക് ലഭിച്ച പുതിയ നിയമനം. പ്രീഡിഗ്രി വിദ്യാഭ്യാസത്തിനുശേഷം അമേരിക്കയിലെത്തിയ അദ്ദേഹം പ്രശസ്തമായ കുക്ക് കൌണ്ടി ഹോസ്പിറ്റലില്‍ റേഡിയോളജി ടെക്നീഷ്യന്‍ പ്രോഗ്രാം പൂര്‍ത്തിയാക്കി എളിയ നിലയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചതാണ്. എക്സ്റേ, സി.ടി, എം.ആര്‍.ഐ എന്നീ മേഖലകളിലെ ജോലിക്കൊപ്പം യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസില്‍ നിന്ന് ബയോമെഡിക്കല്‍ ബാച്ചിലര്‍ ഡിഗ്രിയും, തുടര്‍ന്ന് എം.ബി.എയും കരസ്ഥമാക്കിയതാണ് തുടര്‍ച്ചയായുള്ള തമ്പിയുടെ ഉയര്‍ച്ചയ്ക്ക് വഴിത്തിരിവായത്. കഠിനാധ്വാനത്തിനുള്ള സന്നദ്ധതയും, സൌമ്യമായുള്ള പെരുമാറ്റവും മേലധികാരികളുടേയും സഹപ്രവര്‍ത്തകരുടേയും വിശ്വാസവും ആദരവും നേടുവാന്‍ അദ്ദേഹത്തെ സഹായിച്ചു.

കല്ലറ വിരുത്തിക്കുളങ്ങര ഏബ്രഹാം- മേരി ദമ്പതികളുടെ ഇളയ പുത്രനായ തമ്പി 1985-ലാണ് അമേരിക്കയിലെത്തിയത്. ഭാര്യ ഷൈനി. മക്കള്‍: ഏഞ്ചലാ, ജനാ, കേലാ.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം