ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്റാന തിരുനാളിന് കൊടിയേറി
Thursday, July 3, 2014 5:15 AM IST
ഷിക്കാഗോ: ജൂണ്‍ 29-ന് ഞായറാഴ്ച പതിനൊന്നുമണിക്ക് നടന്ന ആഘോഷമായ ദിവ്യബലിക്കുശേഷം ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കുന്ന ദുക്റാന തിരുനാളിന്റെ കൊടിയേറ്റം നടന്നു. ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയില്‍ നിരവധി വൈദീകര്‍ പങ്കെടുത്തു. ഈവര്‍ഷത്തെ തിരുനാള്‍ ഡസ്പ്ളെയിന്‍സ്, ഗ്ളെന്‍വ്യൂ എന്നീ പ്രദേശങ്ങളില്‍ താമസിക്കുന്ന എഴുപതില്‍പ്പരം വിശ്വാസികളുള്ള സെന്റ് മേരീസ് വാര്‍ഡാണ് നടത്തുന്നത്.

ഷിക്കാഗോ രൂപതയില്‍ നിന്നും ആദ്യമായി രണ്ട് ശെമ്മാശന്മാരായ ബ്രദര്‍ കെവിന്‍ മുണ്ടയ്ക്കലും, ബ്രദര്‍ രാജീവ് ഫിലിപ്പും അഭിവന്ദ്യ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവില്‍ നിന്നും പൌരോഹിത്യത്തിലേക്കുള്ള പാതയുടെ ആദ്യത്തെ പട്ടമായ കാറോയ പട്ടം സ്വീകരിച്ചു. ബ്രദര്‍ കെവിന്റേയും ബ്ര. രാജീവിന്റേയും ബന്ധുമിത്രാദികളും സ്നേഹിതരുമായി നിരവധി പേര്‍ ചടങ്ങുകളില്‍ പങ്കെടുത്തു.

ദിവ്യബലിക്കുശേഷം കൊടിമരത്തിന്റെ അടുത്തേക്ക് ആഘോഷമായ പ്രദക്ഷിണമായി വൈദീകരും വിശ്വാസികളും നീങ്ങി. മുത്തുക്കുടകളും വാദ്യമേളങ്ങളും പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. സെന്റ് മേരീസ് വാര്‍ഡിനെ പ്രതിനിധീകരിച്ച് വാര്‍ഡ് പ്രസിഡന്റ് സോവിച്ചന്‍ കുഞ്ചെറിയ, സെക്രട്ടറി ടെസി ആന്‍ഡ്രൂസ്, ട്രസ്റി ഇമ്മാനുവേല്‍ കുര്യന്‍, വിവിധ കമ്മിറ്റി കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ ഓപ്പയും, മോറിസും തിരുവസ്ത്രങ്ങളും മുടിയും അണിഞ്ഞ് വൈദീകരെ അനുഗമിച്ചു. പ്രത്യേകമായ പ്രാര്‍ത്ഥനയ്ക്കുശേഷം രൂപതാ വികാരി ജനറാള്‍ അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ കൊടിയേറ്റം നിര്‍വഹിച്ചു. അങ്ങനെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന തിരുനാളിന് ആരംഭം കുറിച്ചു. തുടര്‍ന്ന് നേര്‍ച്ച വിളമ്പും ഉണ്ടായിരുന്നു.

വികാരി ഫാ. ജോയി ആലപ്പാട്ട്, അസിസ്റന്റ് വികാരി ഫാ, റോയി മൂലേച്ചാലില്‍, ജനറല്‍ കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ മാളിയേക്കല്‍, ട്രസ്റി ഇമ്മാനുവേല്‍ കുര്യന്‍, മനീഷ് ജോസഫ്, സിറിയക് തട്ടാരേട്ട്, ജോണ്‍ കൂള എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ഭാരതത്തിന്റെ അപ്പസ്തോലനും, ഇടവകയുടെ മധ്യസ്ഥനുമായ വി. തോമാശ്ശീഹായുടെ ദുക്റാന തിരുനാള്‍ ആഘോഷങ്ങളിലേക്ക് സ്വാഗതം ചെയ്തു. റോയി വരകില്‍പ്പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം