മതേതര - ആത്മീയത ഫോമാ കണ്‍വന്‍ഷന്റെ ആത്മീയ മുഖമുദ്ര
Thursday, July 3, 2014 5:15 AM IST
വാലിഫോര്‍ജ്, പെന്‍സില്‍വേനിയ: മതേതര ആത്മീയതയിലൂന്നിയ മാനവീകതയാണ് സ്ഫോടനാത്മകമായി വിഭജിക്കപ്പെട്ട മതഭീകരതയുടെ മറുപടിയെന്ന് ഫോമാ കണ്‍വന്‍ഷനില്‍ വെച്ച് നടത്തപ്പെട്ട മതസൌഹാര്‍ദ്ദ സമ്മേളനം വിലയിരുത്തപ്പെട്ടു.

മനുഷ്യന്റെ ശക്തമായ അതിജീവനത്തിന്റെ പൊരുത്തപ്പെടലുകളാണ് മതങ്ങളെന്നും, മനുഷ്യ കൂട്ടായ്മകളുടെ വിശ്വാസം നഷ്ടപ്പെടുമ്പോള്‍ മതത്തിന്റെ പ്രസക്തി തന്നെ ചോദ്യംചെയ്യപ്പെടുകയാണെന്നും, മതേതര ആത്മീയതയിലൂടെ മനുഷ്യത്വത്തിനു നിലനില്‍ക്കാനാവുമെന്നും മുഖ്യ വിഷയാവതാരകനായ കോരസണ്‍ വര്‍ഗീസ് പ്രസ്താവിച്ചു. വര്‍ക്ഷ-വര്‍ണ്ണമായി വിഭജിക്കപ്പെട്ടും, അനാചാരങ്ങളിലും, ഔചിത്യമില്ലാത്ത വിധേയങ്ങളിലും, പൊതു ഇടങ്ങള്‍ നഷ്ടപ്പെട്ട് മാനവീകതയില്‍ നിന്നും അകന്നുപോകുന്ന മതത്തിന്റെ ആത്മീയതയ്ക്ക് മറുപടിയായി മതേതര ആത്മീയത നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മതങ്ങള്‍ കേവലം തത്വസംഹിതകളില്‍ തളച്ചിടപ്പെടാതെ സമസ്ത ലോകത്തിനും വേണ്ടി ചിന്തിക്കുന്ന രക്തിജ്യോത്സാകണമെന്ന് ശാന്തിഗിരി ആശ്രമം സെക്രട്ടറിയായ ഗുരുരത്നം ജ്ഞാന തപസ്വി പറഞ്ഞു ഹിന്ദു എന്നത് ഒരു സംസ്കാരമാണെന്നും അതിനെ വര്‍ക്ഷീത വത്കരിച്ച് മതമാക്കിയതാണ്, ആത്മീയതയുടെ വിശാലവീക്ഷണത്തില്‍ നിന്നും വേര്‍പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. നമുക്ക് നഷ്ടപ്പെടുന്നതെല്ലാം തിരികെ തരാന്‍ ആഗ്രഹിക്കുന്ന ഒരു ദൈവത്തെയാണ് ക്രിസ്തുമതം കാട്ടിത്തരുന്നതെന്ന് ഫാ. ജോണിക്കുട്ടി പുതുശേരി അഭിപ്രായപ്പെട്ടു. വേദന എല്ലാ മതവിശ്വാസങ്ങള്‍ക്കും ഒരേ അനുഭവമാണെന്നും, നമ്മില്‍ തന്നെയുള്ള പിശാചിനെ പുറംതള്ളി, പാപത്തിന്റെ തോത് കുറച്ചുകൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്നാണ് ഇസ്ളാം മതം ഉത്ബോധിപ്പിക്കുന്നതെന്ന് അബ്ദുള്‍ പുന്നയൂര്‍ക്കുളം പറഞ്ഞു.

കണ്‍വീനര്‍ ഫിലിപ്പ് മഠത്തില്‍ സ്വാഗതം പറഞ്ഞു. ഡോ. ജയിംസ് കുറിച്ചി, ഡോ. ഏനു, ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരും പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം