മുസ്രിസ് ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു
Wednesday, July 2, 2014 6:37 AM IST
ജിദ്ദ: കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസ്രിസ് പ്രവാസി ഫോറത്തിന്റെ നേതൃത്വത്തില്‍ ശറഫിയ വില്ലേജ് റസ്ററന്റില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു.

ജിദ്ദയിലെ കൊടുങ്ങല്ലൂര്‍ നിവാസികളായ വിവിധതലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടേയും ഫാമിലികളുടേയും സാന്നിധ്യം കൊണ്ട് ഇഫ്ത്താര്‍ ഒരുവേറിട്ട അനുഭവമായി. ഇഫ്ത്താറിന് മുഹമ്മദ് സഗീര്‍ മാടവന, അബ്ദുസലാം, യൂനുസ് കാട്ടൂര്‍, ജലീല്‍ അത്താണി, ഉമര്‍ അബൂബക്കര്‍, ഹബീബ്, നിസാര്‍ എറിയാട്, അനീസ് അഴീക്കോട്, ഹനീഫ കൊടുങ്ങല്ലൂര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്നുനടന്ന സംഗമത്തില്‍ പ്രസിഡന്റ് മുഹമ്മദ് സഗീര്‍ മാടനവ അധ്യക്ഷത വഹിച്ചു. ഈ വിശുദ്ധ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ഊന്നല്‍ നല്‍കണമെന്ന് അദ്ദേഹം അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. തുടര്‍ന്ന് ഹബീബ് റമദാന്‍ സന്ദേശം നല്‍കി.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും പ്രാര്‍ഥനകളില്‍ മുഴുകിയും കഴിഞ്ഞുപോയ പാപങ്ങളില്‍ നിന്ന് മാപ്പ്പേക്ഷിക്കുകയും വിശുദ്ധ റമദാന്റെ ആത്മീയ ചൈതന്യം കാത്തുസൂക്ഷിക്കണമെന്നും തുടര്‍ന്നുള്ള മാസങ്ങളില്‍ റമദാനില്‍ ആര്‍ജിച്ചെടുക്കുന്ന ആത്മീയ ചൈതന്യം ജീവിതത്തില്‍ തുടര്‍ന്നും കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം ഉണര്‍ത്തി. യൂനുസ് കാട്ടൂര്‍, ഉമര്‍ അബൂബക്കര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി അബ്ദുസലാം സ്വാഗതവും ജലീല്‍ അത്താണി നന്ദിയും പറഞ്ഞു.

റിപ്പോര്‍ട്ട്: കെ.ടി മുസ്തഫ പെരുവള്ളൂര്‍