ഇന്ത്യന്‍ ദമ്പതികള്‍ യൂണിവേഴ്സിറ്റി ഓഫ് ഡാളസിന് 12 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി
Wednesday, July 2, 2014 6:34 AM IST
എര്‍വിംഗ്: യൂണിവേഴ്സിറ്റി ഓഫ് ഡാളസിന്റെ എല്ലാ ബിസിനസ് ക്ളാസുകളും നടത്തുവാന്‍ സൌകര്യമുള്ള കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചു. പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ സതീഷും യാസ്മിന്‍ ഗുപ്തയും 12 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കി.

ഒരു സ്വകാര്യ ദാതാവില്‍നിന്ന് യൂണിവേഴ്സിറ്റി ഓഫ് ഡാളസിന് ലഭിക്കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.

10 മില്യണ്‍ ഡോളറോ അതിലധികമോ സംഭാവന നല്‍കുന്നവരുടെ പേര് കെട്ടിടത്തിന് നല്‍കുന്ന പതിവ് അമേരിക്കയിലുണ്ട്. യൂണിവേഴ്സിറ്റി ഓഫ് ഡാളസിന്റെ പുതിയ കെട്ടിടത്തിന്റെ പേര് സതീഷ് ആന്‍ഡ് യാസ്മിന്‍ കോളജ് ഓഫ് ബിസിനസ് എന്നായിരിക്കും.

യൂണിവേഴ്സിറ്റിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ കോളജ് ഓഫ് ബിസിനസിന്റെ മോഡല്‍ അനാഛാദനം ചെയ്തു. നിര്‍മാണം പൂര്‍ത്തിയാക്കി 2015 ഫാള്‍ സെമസ്ററില്‍ ക്ളാസുകള്‍ പുതിയ കെട്ടിടത്തില്‍ ആരംഭിക്കാനാണ് പദ്ധതി. നോര്‍ത്ത് ടെക്സസില്‍ ഇന്ത്യന്‍ വംശജരുടെ പേരില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ബിസിനസ് സ്കൂള്‍ ആണിത്. ആദ്യത്തേത് യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസില്‍ പ്രവര്‍ത്തനം ആരംഭിച്ച നവീന്‍ ജിന്‍ഡല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റാണ്. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഡാളസ് സ്റേറ്റ് ഗവണ്‍മെന്റ് സ്ഥാപനവും യൂണിവേഴ്സിറ്റി ഓഫ് ഡാളസ് സ്വകാര്യ സര്‍വകലാശാലയുമാണ്.