സാന്റാ അന്നയില്‍ വി തോമാശ്ശീഹായുടെ ദുക്റാന തിരുനാളിന് കൊടിയേറി
Wednesday, July 2, 2014 4:38 AM IST
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാഅന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ മാര്‍ത്തോമാ ശ്ശീഹായുടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് കൊടിയേറി. ഭാരത അപ്പസ്തോലനായ വിശുദ്ധന്റെ ദുക്റാന തിരുനാള്‍ ജൂണ്‍ 29 മുതല്‍ ജൂലൈ ആറു വരെ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു.

ഞായറാഴ്ച രാവിലെ ഫാ. ബോബി എബ്രായില്‍ വി.സിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പിച്ചു. തുടര്‍ന്ന് ഇടവക വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ കാര്‍മികത്വത്തിലുള്ള ലദീഞ്ഞോടുകൂടി, മുത്തുക്കുടകളുടേയും ചെണ്ടമേളങ്ങളുടേയും അകമ്പടിയോടെ പ്രാര്‍ത്ഥനാഗീതങ്ങളുടെ ഭക്തിസാന്ദ്രതയില്‍ തിരുനാള്‍ പതാക ഉയര്‍ത്തി. ജൂണ്‍ 30 മുതല്‍ എല്ലാദിവസവും വൈകിട്ട് 7.30-ന് വിശുദ്ധന്റെ നൊവേനയും ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്.

ജൂലൈ നാലിന് വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക് ഇമ്മാനുവേലച്ചന്റെ മുഖ്യകാര്‍മികത്വത്തില്‍ വി.കുര്‍ബാനയും തുടര്‍ന്ന് നൈറ്റ് വിജിലും ഉണ്ട്.

പ്രധാന തിരുനാള്‍ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും കുര്‍ബാന ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറിനുള്ള തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം ലദീഞ്ഞും അതിനുശേഷം വിശുദ്ധരുടെ രൂപവും വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. സുപ്രസിദ്ധ കലാകാരന്‍ സജി പിറവം രചനയും സംവിധാനവും നിര്‍വഹിച്ച നൃത്തസംഗീത നാടകം 'പ്രവാസിയുടെ നൊമ്പരങ്ങള്‍' അരങ്ങേറും. അത്യാധുനിക രീതിയില്‍ പണിതീര്‍ത്തിരിക്കുന്ന പുതിയ സ്റേജിലാണ് കലാപരിപാടികള്‍ അരങ്ങേറുന്നത്.

ജൂലൈ ആറിന് ഞായറാഴ്ച രാവിലെ പത്തിന് ദിവ്യബലിയും തുടര്‍ന്ന് കൊടിയിറക്കല്‍ ചടങ്ങും നടക്കും. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത് നടത്തുന്നത് സെന്റ് ജോസഫ് വാര്‍ഡ് അംഗങ്ങളാണ്.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഡി പോളിന്റെ ആഭിമുഖ്യത്തില്‍ സ്വാദിഷ്ടമായ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഫുഡ് സ്റാള്‍, സെന്റ് തോമസ് യുവജന സംഘടനയുടെ നേതൃത്വത്തില്‍ ബെയ്ക് സെയിലും ഉണ്ടായിരിക്കും.

ഇടവക ദേവാലയം ഫൊറോനാ പള്ളിയായി ഉയര്‍ത്തിയതിനുശേഷമുള്ള ആദ്യത്തെ തിരുനാളിലും തിരുകര്‍മ്മങ്ങളിലും പങ്കുചേര്‍ന്ന് വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഇടവക വികാരി ഫാ. ഉമ്മാനുവേല്‍ മടുക്കക്കുഴി ഏവരേയും സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം