സൌദിയില്‍ വേതന പരിരക്ഷ നിയമം മൂന്നാംഘട്ടം നടപ്പില്‍ വന്നു
Tuesday, July 1, 2014 8:10 AM IST
ദമാം: സൌദിയില്‍ മൂന്നാംഘട്ട വേതന പരിരക്ഷാ നിയമം നടപ്പില്‍വന്നതായി സൌദി തൊഴില് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അബു സനീന്‍ അറിയിച്ചു.

ആയിരവും അതില്‍ കൂടുതലും തൊഴിലാളികളുള്ള സ്ഥാപനങ്ങള്‍ക്കാണ് മുന്നാംഘട്ടമായി ജൂണ്‍ 30 മുതല്‍ വേതന പരിരക്ഷാ നിയമം അനുസരിച്ച് ശമ്പളം ബാങ്ക് മുഖേന നല്‍കുന്ന നിയമം നടപ്പിലാക്കേണ്ടത്.

ആയിരവും അതില്‍ കൂടുതലും തൊഴിലാളി ജോലിചെയ്യുന്ന 301 കമ്പനികളാണ് സൌദിയിലുള്ളത്. കഴിഞ്ഞ വര്‍ഷം മുതലാണ് സൌദിയില്‍ വേതന പരിരക്ഷ നിയമം നടപ്പില്‍വന്നത്. പ്രഥമഘട്ടത്തില്‍ മൂവായിരവും അതില്‍ കൂടുതലുമുള്ള കമ്പനികള്‍ക്കായിരുന്നു വേതന പരിരക്ഷാ നിയമം നടപ്പിലാക്കിയത്. ഇതനുസരിച്ച് 110 കമ്പനികള്‍ നിയമം നടപ്പിലാക്കി. പദ്ധതി നടപ്പിലാക്കാത്ത 22 കമ്പനികളുടെ മുഴുവന്‍ സേവനവും മന്ത്രാലയം നിര്‍ത്തലാക്കി.

രണ്ടാംഘട്ടത്തില്‍ രണ്ടായിരവും അതില്‍ കൂടുതലും ജീവനക്കാരുള്ള കമ്പനികളിലാണ് വേതന സുരക്ഷാ നിയമം നടപ്പിലാക്കിയത്. ഈ പരിധിയില്‍

111 കമ്പനികളാണ് സൌദിയിലുള്ളത്. 39 കമ്പനികള്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് അവര്‍ക്കെതിരെ നടപടിയെടുത്താതായി മന്ത്രാലം വ്യക്തമാക്കി.

മൂന്നാംഘട്ടം വേതന പരിരക്ഷാ നിയമം നടപ്പില്‍വന്നതോടെ അവ നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന സൌദി തൊഴില്‍മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുള്ള അബു സനീന്‍ അറിയിച്ചു. ഇതിനായി കമ്പനികളില്‍ പരിശോധനയും നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വേതന പരിരക്ഷ നടപ്പിലാക്കാന്‍ രണ്ടു മാസം താമസിപ്പിക്കുന്ന കമ്പനികള്‍ക്കുള്ള തൊഴില്‍ മന്ത്രാലയത്തിന്റെ സേവനം നിര്‍ത്തലാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഈ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കി നല്‍കുക മാത്രമേ ചെയ്യുകയുള്ളൂ.

2015 ഓടെ സൌദിയില്‍ വേതന പരിരക്ഷാ നിയമം പൂര്‍ണമായും എല്ലാ സ്ഥാപനങ്ങളിലും നടപ്പാക്കി, കൃത്യമായ ശമ്പളം കൃത്യസമയത്ത് കൊടുക്കുക എന്നതാണ് തൊഴില്‍ മന്ത്രാലയത്തിന്റെ നയം.

തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ ധാരണയിലെത്തിയ പ്രകാരമുള്ള സംഖ്യയാണ് വേതനമായി നല്‍കേണ്ടത്. മൂന്നുമാസം വേതനം നല്‍കാന്‍ താമസിക്കുന്ന തൊഴിലുടമയില്‍നിന്നും സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ തൊഴിലാളിക്ക് അവകാശമുണ്ടന്നതാണ് സൌദി വേതന പരിരക്ഷാ നിയമത്തിന്റെ പ്രത്യേകത.

വേതന പരിരക്ഷാ നിയമം നടപ്പിലാക്കുന്നതിലുടെ വിദേശികളുടെ പണമിടപാട് നിരീക്ഷിക്കാന്‍ കഴിയുമെന്നാണ് സൌദി ഗവണ്‍മെന്റ് കണക്കാക്കുന്നത്.

ഓരോ മാസവും വിദേശികളയക്കുന്ന പണത്തിന്റ കണക്കുകള്‍ സൌദി മോണിറ്ററിംഗ് ഏജന്‍സിയായി സാമ പരിശോധിക്കാറുണ്ട്.

ഈ വര്‍ഷം വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്കു അയച്ച പണത്തില്‍ ഏറ്റവും കുറവു കഴിഞ്ഞ മാസം രേഖപ്പെടുത്തിയതായി സാമ കണ്െടത്തി. മേയില്‍ 12.5 ബില്ല്യണ്‍ റിയാലാണ് വിദേശികള്‍ രാജ്യങ്ങളിലേക്ക് അയച്ചത്. കഴിഞ്ഞ വര്‍ഷം മേയില്‍ 13 ബില്ല്യണ്‍ റിയാലാണ് വിദേശികള്‍ അയച്ചത്.

ഈ വര്‍ഷം മാര്‍ച്ചില്‍ 14.3 ബില്ല്യന്‍ റിയാലാണ് അയച്ചതെങ്കിലും ഫെബ്രുവരിയില്‍ 13.3 ബില്ല്യന്‍ റിയാലാണ് അയച്ചത്.

സൌദി സിവില്‍ സ്റാറ്റിക്സിന്റെ കണക്ക് പ്രകാരം ഇക്കഴിഞ്ഞ മേയില്‍ സൌദി യിലെ ഓരോ വിദേശിയും 1288 റിയാലാണ് അയച്ചത്. കഴിഞ്ഞ വര്‍ഷം മേയില്‍ 1387 റിയാലാണ് അയച്ചത്.

വിദേശികളുടെ അക്കൌണ്ടുകളില്‍ കൂടുതല്‍ നിരീക്ഷണമേര്‍പ്പെടുത്താന്‍ സൌദി മോണിറ്ററിംഗ് ഏജന്‍സിയായ സാമ നിര്‍ദേശിച്ചിരുന്നു. വേതനത്തെക്കാള്‍ കൂടുതല്‍ ശമ്പളം നാടുകളിലേക്ക് അയയ്ക്കുന്ന വിദേശികളുടെ അക്കൌണ്ട് വിവരങ്ങള്‍ പ്രത്യേകം നിരീക്ഷിച്ച് സാമക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം