പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ ശ്ളൈഹിക സന്ദര്‍ശനം
Tuesday, July 1, 2014 8:07 AM IST
ലോസ്ആഞ്ചലസ്: ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവാ അമേരിക്കന്‍ അതിഭദ്രാസനത്തിലുള്‍പ്പെട്ട ലോസ് ആഞ്ചലസ് സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ജൂലൈ അഞ്ചിന് (ശനി) വി. കുര്‍ബാന അര്‍പ്പിക്കുന്നു. അന്നേ ദിവസം മാര്‍തോമാശ്ളീഹായുടെ ദുക്റാന പെരുന്നാളും ഇടവക ആഘോഷിക്കുന്നു.

ഇടവക മെത്രാപോലീത്താ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനി, സിറിയക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് ദി വെസ്റ്റേണ്‍, യുഎസ്എ ആര്‍ച്ച് ബിഷപ് മാര്‍ ക്ളീമിസ് യൂജിന്‍ ക്ളാന്‍, പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സെക്രട്ടറി മാര്‍ ദിവന്യാസ്യോസ് ജോണ്‍ കവാക്ക് മെത്രാപോലീത്ത ഗൌട്ട് മാല ആര്‍ച്ച് ബിഷപ് മാര്‍ ജേക്കബ് എഡ്വാര്‍ഡ് എന്നി മെത്രാപോലീത്താമാരുടെ അകമ്പടിയോടെ രാവിലെ 7.45 ന് എത്തിച്ചേരുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായെ മുത്തുക്കുടകളുടേയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ഇടവകയിലേയും സമീപ പ്രദേശങ്ങളിലേയും ആബാലവൃദ്ധം വിശ്വാസികള്‍ പളളിയിലേക്ക് സ്വീകരിച്ച് ആനയിക്കും. തുടര്‍ന്ന് പരിശുദ്ധ പിതാവിന്റെ പ്രധാന കാര്‍മികത്വത്തിലും അഭിവന്ദ്യ തിരുമേനിമാരുടെ സഹകാര്‍മികത്വത്തിലും വി. ബലി അര്‍പ്പിക്കും. കാലം ചെയ്ത മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ തിരുമനസുകൊണ്ട് 1994 മേയ് 14 ന് പരിശുദ്ധ ത്രോണോസുകള്‍ കൂദാശ ചെയ്ത് അനുഗ്രഹിച്ചതിന്റെ സ്മരണ പുതുക്കികൊണ്ടുളള ഫലകം പരിശുദ്ധ പിതാവ് അനാവരണം ചെയ്യും. പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായുടെ സ്ഥാനാരോഹണശേഷം, അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തില്‍ വി. ബലിയര്‍പ്പിക്കുന്ന പ്രഥമ ദേവാലയമാണിതെന്നത് പ്രത്യേകം പ്രസ്താവ്യമാണ്.

പരി. ബാവായുടെ ശ്ളൈഹീക സന്ദര്‍ശനം ഒരു ചരിത്ര സംഭവമാക്കി മാറ്റുന്നതിനായി വികാരി ഫാ. സാബു തോമസ് കോര്‍ എപ്പിസ്കോപ്പാ, വൈസ് പ്രസിഡന്റ് ഏബ്രഹാം അരീക്കല്‍ സെക്രട്ടറി നിഷാദ് വര്‍ഗീസ്, ട്രസ്റി ബീന ജോസഫ് സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സി.ഒ.ജി വര്‍ഗീസ്, കമ്മിറ്റിയംഗങ്ങളായ പി.വി. വര്‍ഗീസ്, ജൂബി ജോര്‍ജ്, ലീന ജേക്കബ് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. അമേരിക്കന്‍ അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍