ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷന്‍ ദേവാലയത്തില്‍ പിതൃദിനാഘോഷം നടത്തി
Tuesday, July 1, 2014 7:58 AM IST
ഗാര്‍ഫീല്‍ഡ്: ഗാര്‍ഫീല്‍ഡ് സീറോ മലബാര്‍ മിഷന്‍ ദേവാലയത്തിലെ പിതൃദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇടവകയിലെ വിമന്‍സ് ഫോറം ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ജൂണ്‍ 15-ന് ഫാ. റിജോ ജോണ്‍സന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കംകുറിച്ചു. ദിവ്യബലി നല്‍കിയ അനുഗ്രഹ പ്രഭാഷണത്തില്‍ പിതാക്കന്മാരുടെ കര്‍മമണ്ഡലത്തെപ്പറ്റിയും, ഉത്തരവാദിത്വപൂര്‍ണമായ പ്രവര്‍ത്തനങ്ങളെപറ്റിയും സംസാരിച്ചു.

ദിവ്യബലിക്കുശേഷം എല്ലാ പിതാക്കന്മാരേയും മദ്ബഹായിലേക്ക് വിളിച്ച് അനുഗ്രഹിക്കുകയും പ്രത്യേക സമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. പിതാക്കന്മാരെ ആദരിച്ച് ഹെലന്‍ ജോര്‍ജ് രചിച്ച 'ഫാദേഴ്സ് ഡേയില്‍ തമ്പുരുമീട്ടും....' എന്ന ഗാനം ഇടവകയിലെ കുഞ്ഞുങ്ങള്‍ ചേര്‍ന്ന് ആലപിച്ചു.

ദേവാലയത്തിലെ ചടങ്ങുകള്‍ക്കുശേഷം പാരീഷ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ വിമന്‍സ് ഫോറം പ്രസിഡന്റ് മരിയ തോട്ടുകടവില്‍ പിതാക്കന്മാരെ സ്വാഗതം ചെയ്ത് പ്രസംഗിച്ചു. യുവാക്കളുടെ പ്രതിനിധിയായി ഷാരണ്‍ സെബാസ്റ്യന്റെ നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ അവതരിപ്പിക്കപ്പെട്ടു. തുടര്‍ന്ന് റോസ്ലിന്‍ തോട്ടുമാരി, കുട്ടികളെ പ്രതിനിധീകരിച്ച് വിവെന്‍, സുസെറ്റ്, ലിയോ എന്നിവര്‍ പിതാക്കന്മാരെ അനുമോദിച്ച് പ്രസംഗിച്ചു. നാലു വയസുകാരി എസ്തര്‍ ആലപിച്ച കവിത ഏറെ ഹൃദ്യവും ഏവരേയും അത്ഭുതപ്പെടുത്തുന്നതുമായിരുന്നു. റ്റിയ, നിമ്മി, സൂസെറ്റ്, ആഷ്ലി എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച നൃത്തച്ചുവടുകള്‍ ഏറെ ഹൃദ്യമായി.

ഇടവകയിലെ ഏറ്റവും പ്രായംകൂടിയ പിതാക്കന്മാരും ഏറ്റവും പ്രായംകുറഞ്ഞ കുട്ടിയുടെ പിതാവും ചേര്‍ന്ന് കേക്ക് മുറിച്ചു. ചടങ്ങുകളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും വിഭവസമൃദ്ധമായ സ്നേഹവിരുന്നും നല്‍കി. വിമന്‍സ് ഫോറം വൈസ് പ്രസിഡന്റ് പ്രിയ ലൂയീസിന്റെ നന്ദി പ്രകാശനത്തോടെ പിതൃദിനാഘോഷ പരിപാടികള്‍ സമാപിച്ചു. മരിയ തോട്ടുകടവില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം