മലയാളി പെണ്‍കുട്ടിക്ക് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം
Monday, June 30, 2014 8:54 AM IST
ഹൂസ്റണ്‍: അമേരിക്കന്‍ മെമിക്കല്‍ സൊസൈറ്റി ഗ്രേറ്റര്‍ ഹൂസ്റണിന്റെ സെക്ഷനും യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണും സംയുക്തമായി നടത്തിയ 55-ാമത് സയന്‍സ് ആന്‍ഡ് എന്‍ജിനിയറിംഗ് ഫെയര്‍ 2014ല്‍ ഹൂസ്റണ്‍ മിസോറി സിറ്റിയിലെ ഹൈടവര്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥിനി മിന്നു അഗസ്റിന് പ്രത്യേക അംഗീകാരം.

ജോര്‍ജ് ബ്രൌണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ഫെയര്‍ 2014ല്‍ 27 വിദ്യാര്‍ഥികള്‍ മാറ്റുരച്ച കെമിസ്ട്രി പ്രോജക്ട് വിഭാഗത്തില്‍ മിന്നു തയാറാക്കിയ പ്രോജക്ട് വിധികര്‍ത്താക്കളുടെ പാനലിന്റെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റുകയും ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

മേയ് 28ന് ഹോട്ടല്‍ ഹില്‍ട്ടണില്‍ നടന്ന അത്താഴവിരുന്നില്‍ യൂണിവേഴ്സിറ്റി ഓഫ് ഹൂസ്റണ്‍ കെമിസ്ട്രി വിഭാഗം തലവന്‍ പ്രഫ. സൈമണ്‍ ബോട്ട് മിന്നുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. ഷുഗര്‍ലാന്‍ഡ് റിവര്‍സ്റോണ്‍ നിവാസികളായ റോസമ്മ, അഗസ്റിന്‍ കാഞ്ഞിരമറ്റം ദമ്പതികളുടെ രണ്ടാമത്തെ മകളാണ്. മിന്നു.

ഗായിക കൂടിയായ മിന്നു സ്കൂളിലെ വാഴ്സിറ്റി ക്വയര്‍ അംഗവും സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഗായകസംഘാംഗവുംകൂടിയാണ്. കൂടാതെ റെഡ് ക്രോസ്, ഹെല്‍ത്ത് ഒക്കുപ്പേഷന്‍സ്, സ്റുഡന്റ്സ് ഓഫ് അമേരിക്ക എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. ഹൂസ്റണിലെ പ്രമുഖ മലയാളി സംഘടനയായ ഒരുമ ഹൂസ്റണിന്റെ സജീവ പ്രവര്‍ത്തകയുംകൂടിയാണ് മിന്നു അഗസ്റിന്‍.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി