പ്രശസ്ത സേവനത്തിനു അനില്‍ പിള്ളയ്ക്ക് വീണ്ടും അംഗീകാരം
Monday, June 30, 2014 3:45 AM IST
ഷിക്കാഗോ: അനില്‍കുമാര്‍ പിള്ളയെ എട്ടാമത് തവണയും സ്കോക്കി വില്ലേജിലെ കണ്‍സ്യൂമര്‍ അഫയേഴ്സ് കമ്മീഷന്റെ കമ്മീഷണറായി മേയര്‍ വാന്‍ഡ്യൂസണ്‍ നിയമിച്ചു. 2002 മുതല്‍ ഈ പദവിയില്‍ സേവനം അനുഷ്ഠിച്ചുവരികയാണ്. പിള്ളയുടെ നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമാണ് എട്ടാമത് തവണയും അദ്ദേഹത്തെ ഈ പദവിയില്‍ നിയമിച്ചതെന്ന് മേയര്‍ അദ്ദേഹത്തിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ മുപ്പതു വര്‍ഷക്കാലമായി സ്കോക്കിയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്ന പിള്ള വിവിധ സാമൂഹിക- സാംസ്കാരിക രംഗങ്ങളില്‍ അദ്ദേഹത്തിന്റെ തനതായ പ്രവര്‍ത്തനശൈലിയും കര്‍മ്മനിരതയും ഇതിനോടകം തെളിയിച്ചുകഴിഞ്ഞു.

ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ ഷിക്കാഗോ പ്രസിഡന്റ്, കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ്, ചെയര്‍മാന്‍, വളരെക്കാലം ഗീതാമണ്ഡലം പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഇപ്പോള്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ട്രഷറര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍ ഷിക്കാഗോ ട്രസ്റി എന്നീ പദവികളിലും, മറ്റ് വിവിധ സാമൂഹിക-സാംസ്കാരിക സംഘനടകളിലും പ്രവര്‍ത്തിച്ചുവരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം