രൂപതാധ്യക്ഷ സ്ഥാനത്ത് പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മാര്‍ ജേക്കബ് അങ്ങായത്ത്
Monday, June 30, 2014 3:41 AM IST
ഷിക്കാഗോ: അമേരിക്കയില്‍ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കായി രൂപത സ്ഥാപിതമായിട്ട് പതിമൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ് ഈവരുന്ന ജൂലൈ ഒന്നിന്. മാര്‍ ജേക്കബ് അങ്ങാടിയത്ത് രൂപതാധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതും മെത്രാനായി അഭിഷിക്തനാകുന്നതും 2001 ജൂലൈ ഒന്നിനാണ്. ഷിക്കാഗോ സീറോ മലബാര്‍ രൂപതയ്ക്ക് ഇത് അനുഗ്രഹവര്‍ഷമാണ്. ദൈവം നടത്തിയ വഴികളിലേക്ക് കൃതജ്ഞതയോടെയാണ് മാര്‍ ജേക്കബ് അങ്ങാടിയത്ത് തിരിഞ്ഞുനോക്കുന്നത്.

അസുലഭ കൃപകളുടെ പതിമൂന്ന് വര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. രൂപതയില്‍ ഇപ്പോള്‍ 32 ഇടവക ദേവാലയങ്ങളും 36 മിഷന്‍ സ്റേഷനുകളും ഉണ്ട്. കാനഡയില്‍ അഞ്ച് മിഷന്‍ സ്റേഷനുകളുമുണ്ട്. 32 ഇടവകകള്‍ക്കും സ്വന്തമായ ദേവാലയം, സിസിഡി ക്ളാസുകള്‍, മുഴുവന്‍ സമയ ശുശ്രൂഷകള്‍ക്കുവേണ്ടി വൈദീക സാന്നിധ്യം എന്നിവയുണ്ട്. 1200-ല്‍പ്പരം മതാധ്യാപകര്‍ രൂപതയില്‍ സജീവമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും ഭരണനിര്‍വഹണ സമിതിയായ പാരീഷ് കൌണ്‍സിലുകള്‍ സജീവമാണ്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി എല്ലാ ഇടവകകളിലും ഇംഗ്ളീഷില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പണം നടത്തുന്നു. ഇവരില്‍ 57 പേര്‍ മുഴുവന്‍ സമയവും രൂപതയ്ക്ക് മാത്രമായ കര്‍മ്മരംഗങ്ങളില്‍ ജീവിക്കുന്നവരാണ്. രൂപതയിലെ അത്മായ സംഘടനകളായ വിമന്‍സ് ഫോറം, മരിയന്‍ മദേഴ്സ്, എസ്.എം.സി.സി, വിന്‍സെന്റ് ഡി. പോള്‍, ഫ്രാന്‍സിസ്കന്‍ മൂന്നാംസഭ, യൂത്ത് ലീഗ് എന്നിവ ഇടവകകളില്‍ സജീവമാണ്. ഈവര്‍ഷം നടത്തിയ രൂപതാ വൈദീക സമര്‍പ്പിത ധ്യാനത്തില്‍ 58 വൈദീകരും, 28 സമര്‍പ്പിതരും സംബന്ധിച്ചു. രൂപതയെ ഭരണനിര്‍വഹണത്തിനായി ഒമ്പത് ഫൊറോനകളായി വിഭജിച്ച് അജപാലന ശുശ്രൂഷയ്ക്ക് പുതുചൈതന്യം പകര്‍ന്നു. രൂപതയ്ക്ക് സ്വന്തമായ വൈദീകര്‍ എന്ന ലക്ഷ്യത്തിന്റെ ആദ്യ ചുവടുകള്‍ അനുഗ്രഹമായി ആരംഭിച്ചുകഴിഞ്ഞു. ഇപ്പോള്‍ രണ്ട് വൈദീക വിദ്യാര്‍ത്ഥികള്‍ ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കുന്നു. അവര്‍ ഉപരിപഠനത്തിനു റോമിലേക്ക് ഉടന്‍ പുറപ്പെടും. ഈ അദ്ധ്യയന വര്‍ഷം രൂപതയ്ക്കുവേണ്ടി അഞ്ച് വിദ്യാര്‍ത്ഥികള്‍ കൂടി വരുന്നതോടെ സെമിനാരിക്കാരുടെ എണ്ണം എട്ട് ആകുന്നു. രൂപതയ്ക്കുള്ളില്‍ നടക്കുന്ന ധ്യാനങ്ങള്‍ക്കും ആത്മീയ ശുശ്രൂഷകള്‍ക്കും കൃത്യമായ മാര്‍ക്ഷനിര്‍ദേശം രൂപതാധ്യക്ഷന്‍ നല്‍കിയതിലൂടെ ഇടവക ധ്യാനങ്ങള്‍ക്കും ആത്മീയ ശുശ്രൂഷകള്‍ക്കും നവ്യമാനം ലഭിച്ചു.

അനുഗ്രഹങ്ങളുടെ പതിമൂന്ന് വര്‍ഷങ്ങള്‍ അഗ്നിപരീക്ഷണങ്ങളുടേതായിരുന്നു. ദൈവം എല്ലാ അനുഭവങ്ങളിലൂടെയും രൂപതയെ വളര്‍ത്തുന്നു എന്ന ഭാവാത്മക ചിന്തയാണ് രൂപതാധ്യക്ഷനുള്ളത്. ക്രിസ്തുകേന്ദ്രീകൃതവും ഒപ്പം മനുഷ്യ കേന്ദ്രീകൃതവുമായ ഒരു ആത്മീയ ശുശ്രൂഷയില്‍ എപ്പോഴും ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കുന്നതിലൂടെ വ്യക്തികള്‍ക്കും ഒന്നാം സ്ഥാനം നല്‍കുവാന്‍ രൂപതാധ്യക്ഷന്‍ എന്ന നിലയില്‍ മാര്‍ അങ്ങാടിയത്ത് ശ്രദ്ധിച്ചു. വിശ്വാസത്തോടെയുള്ള പ്രാര്‍ത്ഥനയാണ് ഏറ്റവും വലിയ പ്രവര്‍ത്തനം എന്ന ദര്‍ശനവൈഭവത്തോടെ പ്രാര്‍ത്ഥനയുടെ പ്രവാചകനായി ജീവിക്കുന്ന ഒരു അഭിഷിക്തനെയാണ് മാര്‍ അങ്ങാടിയത്തില്‍ കാണുവാന്‍ സാധിക്കുക.

വരും വര്‍ഷങ്ങളില്‍ രൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ണ്ണായക ലക്ഷ്യബോധം നല്‍കുന്നതായിരിക്കും ഈ സെപ്റ്റംബറില്‍ ഷിക്കാഗോയില്‍ നടക്കുന്ന രൂപതാ വൈദീക സമ്മേളനം. നിസ്വാര്‍ത്ഥമായി രൂപതയെ സ്നേഹിക്കുകയും, സമയവും, ധനവും, കഴിവുകളും, സര്‍വ്വോപരി പ്രാര്‍ത്ഥനയും നല്‍കി രൂപതയെ വളര്‍ത്തിക്കൊണ്ടിരിക്കുന്ന എല്ലാവരേയും രൂപതാധ്യക്ഷന്‍ കൃതജ്ഞതയോടെ ഓര്‍മ്മിക്കുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന് നല്‍കാനുള്ള സന്ദേശം മേല്‍പ്പട്ടസ്ഥാനം സ്വീകരിച്ചപ്പോള്‍ സ്വന്തമാക്കിയ ആദര്‍ശവാക്യം തന്നെയാണ്. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം' ദൈവത്തെ മഹത്വപ്പെടുത്തുന്ന നിരവധി അനുഗ്രഹങ്ങളില്‍ സുപ്രധാനമാണ് രൂപതയിലെ യുവജനങ്ങളില്‍ വളര്‍ത്തുവാന്‍ സാധിച്ച വിശ്വാസ ഉണര്‍വ്വ്. രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടത്തിയ യുവജന പരിശീലന പരിപാടികളില്‍ ആയിരത്തിലധികം യുവജനങ്ങള്‍ ഇതിനോടകം പങ്കെടുത്തുകഴിഞ്ഞു. എണ്ണായിരത്തിലധികം കുട്ടികള്‍ വിശ്വാസ പരിശീലന പ്രോഗ്രാമില്‍ സ്ഥിരമായി സംബന്ധിക്കുന്നു. കുടുംബപ്രേക്ഷിതത്വത്തിനുവേണ്ടി ഉടന്‍ രൂപീകരിക്കുന്ന ഫാമിലി അപ്പോസ്തലേറ്റ് ഏറെ പ്രയോജനകരമായിരിക്കും. വിശ്വാസതീര്‍ത്ഥാടന വഴികളില്‍ തണലായി നിരന്തര സാന്നിധ്യമായി രൂപതയെ നയിച്ചത് മാര്‍ത്തോമാശ്ശീഹായാണ്. അപ്പസ്തോലന്‍വഴി ദൈവം നല്‍കിയ വന്‍ കൃപകള്‍ക്ക് നന്ദി പറയുവാന്‍, പതിമൂന്ന് വര്‍ഷം പൂര്‍ത്തിയാക്കുന്ന സുവര്‍ണ്ണവേളയില്‍ എല്ലാവരോടും മാര്‍ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്യുന്നു. റവ.ഡോ. അഗസ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം