മിസ് ഫൊക്കാനയെ മനോജ് കെ. ജയന്‍ കിരീടമണിയിക്കും
Saturday, June 28, 2014 9:35 AM IST
ഷിക്കാഗോ: ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2014 ഷിക്കാഗായോട് അനുബന്ധമായി നടത്തുന്ന മിസ് ഫൊക്കാന മത്സരം ജൂലൈ അഞ്ചിന് (ശനി) വൈകുന്നേരം എട്ടു മുതല്‍ വര്‍ണാഭമായ ചടങ്ങുകളോടെ അരങ്ങേറും.

മത്സരവേദി പോസ്റു ചെയ്യുന്നത് മഴവിന്‍ മനോരമയുടെ അവതാരികയായ ആര്‍ദ്ര ബാലചന്ദ്രനും 2009 ലെ മിസ് കേരള കിരീടമണിഞ്ഞ അര്‍ച്ചന നായരുമാണ്.

മലയാളിത്തനിമയുടെ ഹൃദയതാരങ്ങള്‍ ഒപ്പിയെടുത്ത മലയാള ചലച്ചിത്ര വേദിയിലെ അതുല്യ പ്രതിഭകളായ പ്രശസ്തരും പ്രഗത്ഭരുമായ ഒരു താരനിരതന്നെ ജഡ്ജിമാരായി അണിനിരക്കുന്നു.

സുവര്‍ണ മാത്യു, മാതു, തമ്പി ആന്റണി, അംബിക, ദിവ്യാഉണ്ണി, മനയാ, ടോസ ജോര്‍ജ് എന്നിവരാണ് വിജയിയെ തെരഞ്ഞെടുക്കുന്നത്. കൂടാതെ വിജയിക്ക് റൌണ്ട് ട്രിപ്പ് ടു ഇന്ത്യ കാഷ് പ്രൈസ്, ഇന്ത്യയിലെ പ്രമുഖ റിസോര്‍ട്ടുകളില്‍ താമസം തുടങ്ങിയവയാണ് സമ്മാനങ്ങള്‍.

അമേരിക്കന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തുന്ന മത്സരാര്‍ഥികള്‍ കേരളത്തനിമയിലായിരിക്കും മത്സരവേദിയിലെത്തുക. നാല് റൌണ്ടുള്ള മത്സരത്തിന്റെ ഇടവേളകളില്‍ കേരളത്തിലേയും അമേരിക്കയിലേയും വിവിധ വേദികളില്‍ കരഘോഷങ്ങളുടെ മാലപടക്കം വിരിയിച്ച വിവിധ കലാകാരന്മാര്‍ പലതര പ്രത്യേക പരിപാടികല്‍ അവതരിപ്പിക്കും. വിജയിയെ കിരീടമണിയിക്കുന്നത് പ്രശസ്ത സിനിമാതാരം മനോജ് കെ. ജയന്‍ ആയിരിക്കും.

പരിപാടിയുടെ വിജയത്തിനായി പ്രസിഡന്റ് മറിയാമ്മ പിള്ള, മിസ് ഫൊക്കാന കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനു ജോസഫ്, കോചെയര്‍പേഴ്സണ്‍ സായ ലൈസി അലക്സ്, ലത കറുകപ്പള്ളി, കോഓര്‍ഡിനേറ്റര്‍മാരായ ജസി കാനാട്ട്, ബാലാ കെ.ആര്‍കെ, ഷൈനി ലെജി, റീബി സക്കറിയ, ഡോ. സുനിത നായര്‍ തുടങ്ങിയവരടങ്ങിയ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. പ്രോഗ്രാം ഡയറക്ട് ചെയ്യുന്നത് ഏഷ്യാനെറ്റ് യുഎസ്എ ടിവി പ്രോഗ്രാം ഡയറക്ടറായ ബിജു സക്കറിയ ആണ്.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്