ബ്രോങ്ക്സ് ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ജൂണ്‍ 29ന്
Saturday, June 28, 2014 8:16 AM IST
ന്യുയോര്‍ക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ വി. തോമാശ്ളീഹായുടെ ദുക്റാന തിരുനാളിന് ജൂണ്‍ 29ന് (ഞായര്‍) കൊടിയേറും. ദുക്റാന ദിനമായ ജൂലൈ മൂന്ന്, നാല് (വ്യാഴം, വെളളി) തീയതികളിലാണ് പ്രധാന തിരുനാള്‍ ആഘോഷിക്കുന്നത്.

മൂന്നിന് (വ്യാഴം) വൈകുന്നേരം നാലിന് വേസ്പര തുടര്‍ന്ന് സമൂഹബലി. ന്യുജേഴ്സി, ഗാര്‍ഫീല്‍ഡ് ഇടവക വികാരി ഫാ. ജേക്കബ് ക്രിസ്റ്റി തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മികനായിരിക്കും. വൈകുന്നേരം ഏഴിന് വിവിധ കലാപരിപാടികള്‍ കോര്‍ത്തിണക്കിയ പ്രസുദേന്തി നൈറ്റ് തുടര്‍ന്ന് സ്നേഹ വിരുന്നും ഉണ്ടായിരിക്കും.

നാലിന് (വെളളി) രാവിലെ 10ന് ആഘോഷമായ പാട്ടു കുര്‍ബാനക്ക് ഫാ. ഡോ. ഫ്രാന്‍സിസ് നമ്പ്യാപറമ്പില്‍ മുഖ്യകാര്‍മികനായിരിക്കും. ബ്രോങ്ക്സ് ഫൊറോനയ്ക്കു കീഴില്‍ വരുന്ന ദേവാലയങ്ങളിലെ വൈദികര്‍ സഹകാര്‍മികത്വം വഹിക്കും. ന്യുജേഴ്സി ഫൊറോന വികാരി ഫാ. തോമസ് കടുകപ്പളളി തിരുനാള്‍ സന്ദേശം നല്‍കും. തുടര്‍ന്ന് വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങള്‍ വഹിച്ച് ബ്രോങ്ക്സ് തെരുവ് വീഥികളിലൂടെ പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളില്‍ സംബന്ധിക്കുന്നവര്‍ക്കായി ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്.

അഞ്ചിന് (ശനി) രാവിലെ ഒമ്പതിന് മരിച്ചവര്‍ക്കുവേണ്ടിയുളള കുര്‍ബാന. തുടര്‍ന്ന് സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ് എന്നിവയും നടത്തും.

വി. തോമാശ്ളീഹായുടെ ദുക്റാന തിരുനാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, അസി. വികാരി ഫാ. റോയിസന്‍ മേനോലിക്കല്‍, തിരുനാള്‍ കമ്മിറ്റി ചെയര്‍മാന്‍ ജോസ് ഞാറക്കുന്നേല്‍ എന്നിവര്‍ സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി