ഡല്‍ഹിയില്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ ചിത്ര പ്രദര്‍ശനം
Friday, June 27, 2014 8:20 AM IST
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചിത്ര പ്രദര്‍ശനം മലയാളി സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

തൃശൂര്‍ സ്വദേശി ഫ്രാന്‍സിസ് കോടങ്കണ്ടത്തിന്റെ 12 ചിത്രങ്ങളാണ് ഇതോടനുബന്ധിച്ചു ഡല്‍ഹി സിരിഫോര്‍ട്ടിലെ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ലഹരി വിരുദ്ധ എക്സിബിഷന് യുഎന്‍ ഇത്തവണ ഇന്ത്യ വേദിയാക്കിയപ്പോള്‍ ഇതിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരന്‍ ഫ്രാന്‍സിസ് കോടങ്കണ്ടത്താണ്. ആക്രിലിക്കില്‍ രചിച്ചിരിക്കുന്ന ഫ്രാന്‍സിസിന്റെ 12 ചിത്രങ്ങളും ലോക സമാധാനത്തിന് ലഹരി എങ്ങനെ തടസം നില്‍ക്കുന്ന എന്നതിന്റെ സചിത്ര സന്ദേശമാണ്.

പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂണ്‍ 26ന് (വ്യാഴം) കേന്ദ്രപ്രതിരോധ മന്ത്രി അരുണ്‍ ജയ്റ്റ്ലി നിര്‍വഹിച്ചു.

യുവതലമുറ മദ്യത്തിന്റേയും ലഹരിയുടെയും മയക്കുമരുന്നിന്റേയും വഴിയില്‍നിന്ന് മാറി ക്രിയാത്മകമായ രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ യുവ എഴുത്തുകാര്‍ ലഹരിക്കെതിരേ രചിച്ച ലേഖനങ്ങള്‍ അടങ്ങുന്ന ബ്രേവ് ദ റേവ് എന്ന പുസ്തകത്തിന്റെ പ്രകാശനവും കേന്ദ്രമന്ത്രി നിര്‍വഹിച്ചു.

1987 ലെ യുഎന്‍ ജനറല്‍ അസംബ്ളിയുടെ തീരുമാനം അനുസരിച്ചാണ് ഓരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ ലോക സമാധാനത്തിനായുള്ള ആശയം പ്രചരിപ്പിക്കാനായി ഇത്തരം ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിവരാറുണ്ട്. ഈ വര്‍ഷം ഇന്ത്യയാണ് ഈ പ്രദര്‍ശനത്തിന് വേദിയായത്. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമായ ജനീവയില്‍ അടുത്ത മാസം ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാകുമെന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ച യുഎന്‍ സൌത്ത് ഈസ്റ് ഏഷ്യ പസഫിക് പ്രതിനിധി നിഷി സ്നോഗര്‍ അറിയിച്ചിട്ടുണ്ട്. നാഷണല്‍ അക്കാഡമി ഓഫ് കസ്റംസ് ഡയറക്ടര്‍ ജനറല്‍ ഡോ. ശ്രീകുമാര്‍ മേനോന്‍ സ്വാഗതം പറഞ്ഞു. രവിശങ്കര്‍ ഫൌണ്േടഷന്റെ ആഭിമുഖ്യത്തില്‍ ദേശഭക്തി സംഗീത പരിപാടിയും നടന്നു.

ചിത്രപ്രദര്‍ശനത്തിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് കോടങ്കണ്ടത്ത് 1985, 87, 93 വര്‍ഷങ്ങളില്‍ കേരള സംസ്ഥാന അവാര്‍ഡും 1997ല്‍ ഐക്യ രാഷ്ട്രസഭയുടെ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റും 2004 ല്‍ ദേശീയ അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കകത്ത് 42 ചിത്ര പ്രദര്‍ശനങ്ങളും ഏഴു വിദേശ രാജ്യങ്ങളിലായി 11 ചിത്രപ്രദര്‍ശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

തൃശൂര്‍ സെന്റ് തോമസ് കോളജിലെ രസതന്ത്ര വിഭാഗം അധ്യാപകനായിരുന്ന പ്രഫ. കെ.പി. ആന്റണിയുടെ മകനായ ഫ്രാന്‍സിസ് ഇപ്പോള്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് രഹസ്യാന്വേഷണ വിഭാഗം സൂപ്രണ്ടായി ജോലി ചെയ്യുകയാണ്. ഭാര്യ ഷേര്‍ളി. മക്കള്‍ അച്ചു, കുഞ്ഞുമേരി.