ഫോമ സാമ്പത്തിക നിയമ സെമിനാര്‍ വിദഗ്ധര്‍ നയിക്കും
Friday, June 27, 2014 8:19 AM IST
ഫിലാഡല്‍ഫിയ: അധികം മാധ്യമശ്രദ്ധ കിട്ടിയിട്ടില്ലെങ്കിലും ഫോമ കണ്‍വന്‍ഷനില്‍ ജൂണ്‍ 27ന് (വെള്ളി) 11 ന് ആരംഭിക്കുന്ന സാമ്പത്തിക നിയമ സെമിനാര്‍ ഏറ്റവും പ്രയോജനപ്രദമായിരിക്കും. വിവിധ രംഗങ്ങളിലെ വിദഗ്ധരായ അലക്സ് കോശി വിളനിലം, ജയിന്‍ ജേക്കബ്, സാബു ലൂക്കോസ്, അറ്റോര്‍ണിമാരായ ജോസഫ് കുന്നേല്‍, ഒലീവിയ സ്റ്റോണര്‍ എന്നിവരാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.

കേരളത്തിലേക്ക് വിദ്യാഭ്യാസ ടൂറിസം പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ യൂണിവേഴ്സിറ്റികളിലേക്ക് പ്രവാസികളുടെ മക്കളെ ആകര്‍ഷിക്കുക എന്നിവയെപ്പറ്റി അലക്സ് വിളനിലം സംസാരിക്കും. ഐഐഎസ്എസി (കകടഅഇ ംംം.ശശമെര.ീൃഴ) വഴി ഇതിനകം അമേരിക്കയില്‍ നിന്ന് വിദ്യാര്‍ഥികളെ ഒരു സെമസ്റര്‍ കേരളത്തില്‍ പഠിപ്പിക്കുന്നതിന് വിളനിലത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞിരുന്നു. ഈ പദ്ധതി തുടരുന്നത് കേരളത്തിനും പ്രവാസികള്‍ക്കും മാത്രമല്ല ഇന്ത്യയെ അറിയാന്‍ ആഗ്രഹിക്കുന്ന മുഖ്യധാരാ വിദ്യാര്‍ഥികള്‍ക്കും പ്രയോജനപ്രദമായിരിക്കും.

വിദേശത്തെ സ്വത്ത് സംബന്ധിച്ച യുഎസ് നിയമങ്ങള്‍ അനുദിനം മാറുക മാത്രമല്ല, കര്‍ശനമാകുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ വിദേശത്ത് സ്വത്ത് ഇന്ത്യയിലേയും അമേരിക്കയിലേയും നിയമം തെറ്റിക്കാതെ കൈകാര്യം ചെയ്യുക എന്നതാണ് ടാക്സ് വിദഗ്ധനായ ജയിന്‍ ജേക്കബ് വിശദീകരിക്കുക.

അമേരിക്കയില്‍ ആദ്യകാലത്ത് വന്നവര്‍ പലരും റിട്ടയര്‍മെന്റിന്റെ പടിവാതില്‍ക്കലാണ്. അവരുടെ ജീവിതം സുഗമമാക്കാന്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങള്‍ വിനിയോഗിക്കുന്നതിനെപ്പറ്റിയും പെന്‍ഷന്‍, ഐആര്‍എ തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കുന്നതും സംബന്ധിച്ച് സാമ്പത്തിക വിദഗ്ധനായ സാബു ലൂക്കോസ് സംസാരിക്കും.

വില്‍പത്രം, ട്രസ്റ്, എസ്റ്റേറ്റ് പ്ളാനിംഗ്, വ്യവഹാരം എന്നിവ സംബന്ധിച്ച സുപ്രധാന വിവരങ്ങളാണ് അറ്റോര്‍ണി ജോസഫ് കുന്നേലും ഒലീവിയ സ്റ്റോണറും നല്‍കുന്നത്.

വിശദ വിവരങ്ങള്‍ക്ക്: അലക്സ് വിളനിലം 973 699 2550.

റിപ്പോര്‍ട്ട്: അലക്സ് കോശി